മിത്ത് വാദത്തിൽ സ്പീക്കർക്ക് പൂർണ്ണ പിന്തുണയാണ് സിപിഐ പ്രഖ്യാപിച്ചിരിക്കുന്നത്
പത്തനംതിട്ട: മിത്ത് വിവാദം സംസ്ഥാനത്ത് വലിയ തോതിൽ ചർച്ചയായിരിക്കെ സിപിഐ ജില്ലാ സെക്രട്ടറിയുടെ ചിത്രം ചർച്ചയാവുന്നു. സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എപി ജയൻ ഗണപതി വിഗ്രഹങ്ങൾക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചതാണ് വിഷയം. ഒരു യാത്രയുടെ തുടക്കം എന്നാണ് ചിത്രത്തിനൊപ്പം പങ്കുവച്ചിരിക്കുന്ന കുറിപ്പ്. അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ പാർട്ടി അന്വേഷണം നേരിടുന്നയാളാണ് എപി ജയൻ. വിവാദ പോസ്റ്റിൽ വ്യക്തതയ്ക്കായി എപി ജയനെ ബന്ധപ്പെട്ടെങ്കിലും ലഭ്യമായില്ല. മിത്ത് വാദത്തിൽ സ്പീക്കർക്ക് പൂർണ്ണ പിന്തുണയാണ് സിപിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഗണപതിക്കൊപ്പം ജില്ലാ സെക്രട്ടറിയുടെ സ്വന്തം ചിത്രം ഫേസ്ബുകിൽ പങ്കുവച്ചത്.
കുന്നത്തുനാട് മണ്ഡലത്തിൽ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സ്പീക്കർ എഎൻ ഷംസീറിന്‍റെ പ്രസംഗം വിവാദമാക്കിയതും വളര്‍ത്തിയതും ബിജെപി - ആർഎസ്എസ് പ്രൊഫൈലുകളാണ്. പിന്നാലെ തലശേരി ക്യാമ്പ് ഓഫീസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയിരുന്നു. യുവമോര്‍ച്ച ജനറൽ സെക്രട്ടറി പ്രൊഫ ടിജെ ജോസഫിന്റെ അനുഭവം ആവർത്തിക്കുമെന്ന നിലയിൽ സ്പീക്കർക്കെതിരെ കൊലവിളി പ്രസംഗം നടത്തി. അങ്ങനെയുണ്ടായാൽ യുവമോർച്ചക്കാർ പിന്നെ മോർച്ചറിയിലായിരിക്കുമെന്ന് പി ജയരാജനും തിരിച്ചടിച്ചു.
വിവാദം ആളിക്കക്കത്തിയതിന് കാരണം പി ജയരാജന്റെ പ്രസ്താവനയാണെന്ന് സിപിഎം നേതൃത്വം വിലയിരുത്തുന്നു. വര്‍ഗ്ഗ ശത്രുക്കൾക്ക് അവസരം ഉണ്ടാക്കി കൊടുക്കുന്ന പ്രസംഗമായിരുന്നു പി ജയരാജന്റേതെന്നും ഒഴിവാക്കാമായിരുന്നെന്നും വലിയൊരു വിഭാഗം വിശ്വസിക്കുന്നു. വ്യക്തി പൂജാ വിവാദത്തിലടക്കം പി ജയരാജനും എഎൻ ഷംസീറും തമ്മിൽ നിലനിന്ന ഉൾപ്പാര്‍ട്ടി പോരിലേക്ക് സംശയം കേന്ദ്രീകരിക്കുന്നവരും പാർട്ടിയിലുണ്ട്. മതസാമൂദായിക വികാരങ്ങൾ കൂടുതൽ വ്രണപ്പെടുത്താതെ പ്രശ്നം അവസാനിപ്പിക്കാനും വിവാദ പ്രസ്താവനകളിൽ നിന്ന് അകലം പാലിക്കാനും നേതാക്കൾക്കും അണികൾക്കും നിര്‍ദ്ദേശമുണ്ട്. വിവാദത്തിൽ കൂടുതൽ പ്രതികരണങ്ങൾ പാടില്ലെന്ന് സ്പീക്കര്‍ എഎൻ ഷംസീറിനേയും വിലക്കിയിട്ടുണ്ട്. പാർട്ടി ദേശീയ നേതൃ യോഗങ്ങൾക്ക് ശേഷം അടുത്തയാഴ്ച സംസ്ഥാന സമിതി യോഗം ചേരും. വിവാദം യോഗം വിശദമായി വിലയിരുത്തും.
