പദ്ധതി എങ്ങനെ നടപ്പിലായി വരും എന്ന് വ്യക്തതിയില്ല. അതുകൊണ്ട് ആശങ്കകൾ പരിഹരിച്ച് മാത്രമെ സർക്കാർ മുന്നോട്ട് പോകുവെന്നും പ്രകാശ് ബാബു പറഞ്ഞു
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയിലെ (Silver Line Project) ആശങ്ക ദുരീകരിക്കണമെന്ന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി കെ പ്രകാശ് ബാബു (K Prakash Babu). കെ റെയിൽ സംസ്ഥാനത്തിനാവശ്യമായ പദ്ധതിയാണ്. എന്നാല്‍ പദ്ധതി എങ്ങനെ നടപ്പിലായി വരും എന്ന് വ്യക്തതിയില്ല. അതുകൊണ്ട് ആശങ്കകൾ പരിഹരിച്ച് മാത്രമെ സർക്കാർ മുന്നോട്ട് പോകുവെന്നും പ്രകാശ് ബാബു പറഞ്ഞു. അതേസമയം ജനങ്ങളുമായി ചർച്ചചെയ്യാതെ കെ റെയിലുമായി മുന്നോട്ട് പോകുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് വിമർശിച്ചു. പരിഷത്തിന്‍റെ ആശങ്കകൾ പരിഹരിക്കുമെന്ന് കോടിയേരി ഉറപ്പ് നൽകുമ്പോഴാണ് തുടർ വിമർശനങ്ങൾ ഉണ്ടാവുന്നതെന്ന് ശ്രദ്ധേയമാണ്.
ഇടത് സംഘടനായ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉയർത്തുന്ന വിയോജിപ്പുകൾ പരിശോധിക്കുമെന്നും ആശങ്കകൾ ദുരീകരിച്ച് മുന്നോട്ട് പോകുമെന്നും വ്യാഴാഴ്ച കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. എന്നാൽ ഉയർത്തുന്ന വിമർശനങ്ങളിൽ ഉറച്ച് നിൽക്കുകയാണ് പരിഷത്ത്. ജനകീയ കൂട്ടായ്മകൾ സംഘടിപ്പിച്ച് കെ റെയിൽ വിരുദ്ധ പ്രതിഷേധം പ്രതിപക്ഷം ശക്തമാക്കുമ്പോഴാണ് ഇന്ധനം പകർന്ന് ശാസ്ത്ര സാഹിത്യ പരിഷത്തും എത്തുന്നത്. കെ റെയിൽ സമ്പന്നരുടെ പദ്ധതിയെന്നാണ് പരിഷത്തിന്‍റെ വിമർശനം. പിന്നിൽ 10,000 കോടിയിലേറെ റിയൽ എസ്റ്റേറ്റ് താത്പര്യങ്ങളുമുണ്ടെന്ന് വാർത്താക്കുറിപ്പിൽ സംഘടന ആരോപിച്ചിട്ടുണ്ട്.
