Asianet News MalayalamAsianet News Malayalam

സുരേഷ് ഗോപി ആക്ഷൻ ത്രില്ലർ ഹീറോ മാനസികാവസ്ഥയിൽ, മര്യാദയും അന്തസ്സും പാലിക്കണം; വിമർശിച്ച് ബിനോയ് വിശ്വം

'അമ്മ' എന്ന മഹനീയമായ പേരിന് അപമാനമുണ്ടാക്കുന്ന കാര്യങ്ങൾ പണക്കൊഴുപ്പിന്‍റേയും ആൺ ഹുങ്കിന്‍റേയും പേരിൽ നടന്നു. ആ സംഘടനയുടെ  എക്സിക്യൂട്ടീവ് കമ്മറ്റി രാജിവെച്ചത് നല്ല കാര്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

CPI state secretary Binoy Viswam against central minister suresh gopi
Author
First Published Aug 28, 2024, 2:23 AM IST | Last Updated Aug 28, 2024, 2:23 AM IST

തിരുവനന്തപുരം: തൃശ്ശൂരിൽ മാധ്യമപ്രവർത്തകനെ കൈയ്യേറ്റം ചെയ്ത കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഹേമക്കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമാ നടൻമാർക്കെതിരെ ഉയർന്ന ലൈംഗിക പീഡന പരാതികളെക്കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായാണ് സുരേഷ് ഗോപി മാധ്യമപ്രവർത്തകനെ പിടിച്ച് തള്ളിയത്. സുരേഷ് ഗോപി ആക്ഷൻ ത്രില്ലർ ഹീറോ മാനസികാവസ്ഥയിലാണെന്ന് ബിനോയ് വിശ്വം പരിഹസിച്ചു.

സുരേഷ് ഗോപി മര്യാദയും അന്തസ്സും പാലിക്കണം, ജനപ്രതിനിധി ആണെന്ന് മറന്ന് പെരുമാറരുതെന്നും ബിനോശ് വിശ്വം പറഞ്ഞു. എഎംഎംഎ ഭാരവാഹികളടക്കമുള്ള സിനിമാ താരങ്ങൾക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങൾക്ക് പിന്നാലെയുണ്ടായ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ രാജി സ്വാഗതാർഹമാണ്. 'അമ്മ' എന്ന മഹനീയമായ പേരിന് അപമാനമുണ്ടാക്കുന്ന കാര്യങ്ങൾ പണക്കൊഴുപ്പിന്‍റേയും ആൺ ഹുങ്കിന്‍റേയും പേരിൽ നടന്നു. ആ സംഘടനയുടെ  എക്സിക്യൂട്ടീവ് കമ്മറ്റി രാജിവെച്ചത് നല്ല കാര്യമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

2013 ലെ സുപ്രീം കോടതി വിധിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് ആരോപണ വിധേയർക്കെതിരെ കേസെടുക്കണം. ഇര പറഞ്ഞാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ കേസ് എടുക്കാത്തത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. കുറ്റക്കാർ ശിക്ഷിക്കപ്പെടണം, അതിന് എല്ലാ നടപടികളും സ്വീകരിക്കണം. സിനിമാ  കോൺക്ലേവിന് നവംബർ വരെ കാത്തിരിക്കരുത്. സിനിമാമേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംവിധാനം ഉണ്ടാവണമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.

Read More : ലൈംഗിക പീഡന പരാതി; നടിക്കെതിരെ ചെങ്കൊടിയുമായി മുകേഷിന്‍റെ പോസ്റ്റ്, പിന്നാലെ എഡിറ്റ് ചെയ്ത് ഫോട്ടോ മാറ്റി

Latest Videos
Follow Us:
Download App:
  • android
  • ios