മനുഷ്യബന്ധങ്ങൾക്ക് പാവനമായൊരു തലമുണ്ടെന്നും സ്നേഹബന്ധങ്ങളിലും അത് വേണമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. പ്രണയത്തിൽ മാന്യത വേണം.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മനുഷ്യബന്ധങ്ങൾക്ക് പാവനമായൊരു തലമുണ്ടെന്നും സ്നേഹബന്ധങ്ങളിലും അത് വേണമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. പ്രണയത്തിൽ മാന്യത വേണം. സ്ത്രീയെ ഉപഭോഗവസ്തുവായി ആര് കണ്ടാലും തെറ്റാണ്. തെറ്റ് നിരന്തരം ആവർത്തിക്കുന്ന നേതാവ് അതൊരു നേട്ടമായി കൊണ്ടാടുന്നുവെന്നും ബിനോയ് വിശ്വം വിമർശിച്ചു. ചെറുപ്പക്കാരായ കോൺഗ്രസുകാർ അദ്ദേഹത്തെ വാഴ്ത്തുന്നു. കോൺഗ്രസ് ചെന്ന് പതിച്ചിരിക്കുന്ന അപചയത്തിന്റെയും ധാർമിക തകർച്ചയുടെയും പ്രതീകമാണ് ആ നേതാക്കന്മാർ. അത്ഭുതമില്ലെന്നും കോൺഗ്രസ് ഒരുപാട് മാറിപ്പോയി എന്നും പറഞ്ഞ ബിനോയ് വിശ്വം ഗാന്ധിയെയും നെഹ്‌റുവിനെയും മറന്നുവെന്നും കൂട്ടിച്ചേർത്തു. രാഹുൽ രാജി വെക്കണം, അത് അപ്പോൾ തന്നെ പറഞ്ഞു കഴിഞ്ഞുവെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
പ്രതികരണവുമായി എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻ
നേതൃത്വത്തിന് കിട്ടിയ പരാതി പോലീസിന് കൈമാറിയത് രാഹുലിനെ കോൺഗ്രസ് ഉപേക്ഷിക്കുന്നു എന്നതിന്റെ സൂചനയാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള പുതിയ ബലാത്സംഗ പരാതിയിൽ പ്രതികരിക്കുകയായിരുന്നു എൽഡിഎഫ് കൺവീനർ. ഇതായിരുന്നു കോൺഗ്രസ് തുടക്കത്തിൽ സ്വീകരിക്കേണ്ടിയിരുന്നത്. കോൺഗ്രസിന് ഇപ്പോൾ ഒഴിഞ്ഞുമാറാൻ കഴിയാത്ത സ്ഥിതി വന്നു. കുറ്റകൃത്യത്തിന് എതിരായി ശക്തമായ നിലപാട് നേരത്തെ എടുക്കേണ്ടതായിരുന്നു. നിൽക്കക്കള്ളിയില്ലാതെ വന്നപ്പോഴാണ് ഇത്തരമൊരു നിലപാട് കോൺഗ്രസ് സ്വീകരിച്ചത്. ഇപ്പോഴും രാഹുലിനു സസ്പെൻഷൻ നടപടി മാത്രമാണുള്ളത്. രാഹുൽ ജനപ്രതിനിധിയായി തുടരണമോയെന്ന് കോൺഗ്രസ് തീരുമാനിക്കണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. സഹോദരിമാരും ഭാര്യമാരും ഉള്ളവർക്ക് അംഗീകരിക്കാൻ പറ്റാത്ത ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. രാഹുലിനെ ഒളിവിൽ കഴിയാൻ സഹായിക്കുന്നത് കോൺഗ്രസിലെ നേതാക്കളാണെന്നും എൽഡിഎഫ് കൺവീനർ ആരോപിച്ചു.
ഇന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി ബലാത്സംഗ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. ഹോംസ്റ്റേ പോലൊരു കെട്ടിടത്തിൽ എത്തിച്ച് ബലാത്സംഗം ചെയ്തു. കൊണ്ടുപോയതും തിരിച്ചു കൊണ്ടുവന്നതും ഫെന്നി നൈനാൻ എന്നും യുവതി പരാതിയിൽ പറയുന്നു. വിവാഹം ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍ ഉദ്ദേശമില്ലെന്ന് പറഞ്ഞു. ശരീരമാകെ മുറിവുകളുണ്ടായി. മനുഷ്യത്വമോ അനുകമ്പയോ കാണിച്ചില്ല. രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വേട്ടക്കാരനെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. സോണിയ ഗാന്ധിക്കും കെപിസിസി അധ്യക്ഷനുമാണ് യുവതി പരാതി നൽകിയിരിക്കുന്നത്.




