ശബരിമലയിൽ സ്പോട്ട് ബുക്കിം​ഗ് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് കൂടി വേണമെന്ന ആവശ്യവുമായി സിപിഐയും. ബിജെപിക്ക് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം ഒരുക്കരുതെന്ന് ബിനോയ് വിശ്വം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം പിൻവലിക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആശ്യപ്പെട്ടു. ഓണ്‍ലൈന്‍ ബുക്കിങ് ഇല്ലാതെ ശബരിമലയിലേക്ക് പോകുമെന്നും തടഞ്ഞാൽ പ്രതിഷേധിക്കുമെന്നുമാണ് ബിജെപിയുടെ മുന്നറിയിപ്പ്. ഇളവിൽ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെയെന്നാണ് ദേവസ്വം ബോർഡ് നിലപാട്

വിശ്വാസത്തിന്‍റെ പേരില്‍ ബിജെപിക്ക് രാഷ്ട്രീയ മുതലെടുപ്പിന് വീണ്ടുമൊരു അവസരം നല്‍കരുതെന്നാണ് സിപിഐ നിലപാട്. സര്‍ക്കാരിന് കടുംപിടുത്തമാണെന്ന് പ്രചരിപ്പിച്ച് ദൈവത്തിന്‍റെ പേരില്‍ ബിജെപി സംഘര്‍ഷം ഉണ്ടാക്കും. വെര്‍ച്ച്യുല്‍ ക്യുവിനൊപ്പം സ്പോട് ബുക്കിംഗും വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു മുന്നണിയിലെ ഘടകകക്ഷി.

യുഡിഎഫും ബിജെപിയും ഹൈന്ദവ സംഘടനകളുമെല്ലാം ശക്തമായ പ്രതിഷേധിക്കുന്ന സാഹചര്യത്തില്‍ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും തിരുത്തലിനായുള്ള ഇടപെടൽ പരസ്യമാക്കി. ആവശ്യം പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയെ അറിയിച്ചു. യുവതീപ്രവേശന വിവാദത്തെ ഓർമ്മിപ്പിക്കും വിധം വൈകാരികമായാണ് ബിജെപി പ്രശ്നത്തെ ഏറ്റെടുക്കുന്നത്. 

ദേവസ്വം ബോർഡാവട്ടെ കടുത്ത വെട്ടിലാണ്. പ്രതിഷേധങ്ങള്‍ ശക്തിപ്പെടുമ്പോഴും തിരുത്ത് ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടത് മുഖ്യമന്ത്രിയാണ്. സ്ഥിതിഗതികൾ ദേവസ്വം ബോർഡ് പ്രസിഡണ്ടും അംഗങ്ങളും അടുത്ത ദിവസം മുഖ്യമന്ത്രിയെ അറിയിക്കും. സിപിഎം സംസ്ഥാന കമ്മിറ്റിയും ഇടപെടും. എണ്ണം കുറച്ച് സ്പോട്ടിംഗ് ബുക്കിംഗിനാണ് ആലോചന. അതേ സമയം സ്പോട്ട് ബുക്കിംഗ് അമിതമായ ഏർപ്പെടുത്തിയാൽ കഴിഞ്ഞ തവണയുണ്ടായ അനിയന്ത്രിതമായ തിരക്ക് ആവർത്തിക്കുമെന്ന പ്രശ്നമുണ്ട്.

Asianet News Live | Vidyarambham | Malayalam News Live | Latest News Updates | Asianet News