Asianet News MalayalamAsianet News Malayalam

'സഖാവേ... ലാൽ സലാം', ഇനി കനലോർമ്മ, ചെങ്കൊടിപുതച്ച് കാനം മടങ്ങി; അന്തിമോപചാരമർപ്പിച്ച് ആയിരങ്ങൾ

ലാൽസലാം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് ജനങ്ങളാണ് കാനത്തെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിയത്. 

cpi veteran kanam rajendran funeral apn
Author
First Published Dec 10, 2023, 11:00 AM IST

കോട്ടയം :  ''പോരാട്ടത്തിൻ നാളുകളിൽ ഞങ്ങളെയാകെ നയിച്ചവനെ... വീര സഖാവേ ധീര സഖാവേ.. ലാൽ സലാം''...മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ,  അരനൂറ്റാണ്ടിലേറെക്കാലം കൈകളിലേറ്റിയ ചെങ്കൊടി പുതച്ച്  കാനം മടങ്ങി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നൽകി കേരളം. പൂർണ സംസ്ഥാന ബഹുമതികളോടെ കാനത്തെ വീട്ടുവളപ്പിൽ സംസ്കാരം പൂർത്തിയായി. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ,മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ, സിപിഎം പാർട്ടികളിലെ മുതിർന്ന നേതാക്കൾ അടക്കം കാനത്തെ വീട്ടിലേക്ക് എത്തി അന്തിമോപചാരം അർപ്പിച്ചു. ലാൽസലാം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് ജനങ്ങളാണ് കാനത്തെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിയത്. 

ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് കാനത്തിന്റെ മൃതശരീരവുമായി പുറപ്പെട്ട വിലാപയാത്ര ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കാനത്തെ വീട്ടിൽ എത്തിയത്. പുലര്‍ച്ചെ ഒന്നിന് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷമാണ് ഭൌതിക ശരീരം വീട്ടിലേക്ക് കൊണ്ടുവന്നത്.രാത്രി വൈകിയും എംസി റോഡിൽ പ്രധാന ജംഗ്ഷനുകളിൽ എല്ലാം കാനത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പാർട്ടി പ്രവർത്തകരും നാട്ടുകാരുമെത്തി.  

സഖാവിന് വിടയേകി കാനം ഗ്രാമം  

കാനം ജനിച്ചത് കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയായ കുട്ടിക്കലിൽ ആയിരുന്നെങ്കിലും, രാഷ്ട്രീയ കേരളം അറിയുന്ന നിലയിലേക്ക് രാജേന്ദ്രനെ വളർത്തിയത് കാനം എന്ന കൊച്ചു ഗ്രാമമായിരുന്നു. നാടിനോടും നാട്ടുകാരോടുമുള്ള സ്നേഹത്തിന്റെ അടയാളമായി കൂടിയാണ് സഖാവ് രാജേന്ദ്രൻ  പേരിനൊപ്പം നാടിനെ കൂടി ചേർത്തത്. സി പി ഐ സംസ്ഥാന സെക്രട്ടറിയായ ശേഷം തിരുവനന്തപുരത്തേക്ക് താമസം മാറ്റിയപ്പോഴും നാട്ടിലെ കാനത്തെ വീടിൻ്റെ ഗേറ്റ് പൂട്ടാറില്ലായിരുന്നു. 

കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടനായി രാഷ്ട്രീയ രംഗത്തേക്ക് തീരെ ചെറുപ്രായത്തിൽ തന്നെയെത്തിയ വ്യക്തിയായിരുന്നു കാനം. സിപിഐയുടെ യുവജന പ്രസ്ഥാനമായിരുന്ന എഐവൈഎഫിലൂടെയായിരുന്നു കാനം രാജേന്ദ്രൻ രാഷ്ട്രീയത്തിലിറങ്ങിയത്. സിപിഐയുടെ കേരളത്തിലെ പ്രമുഖ നേതാക്കളുടെ ഒപ്പം 21ാം വയസിൽ സംസ്ഥാന കൗൺസിലിലേക്ക് എത്തി. വെറും 23 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് കാനം രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 28ാം വയസിൽ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി.
യുവജന സംഘടനാ രംഗത്ത് എബി ബര്‍ദനൊപ്പം ദേശീയ തലത്തിലും കാനം രാജേന്ദ്രൻ പ്രവര്‍ത്തിച്ചിരുന്നു.

എഐടിയുസിയുടെ നേതാവായി നിൽക്കെയാണ് സികെ ചന്ദ്രപ്പന് ശേഷം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രൻ എത്തിയത്. 2015 ലായിരുന്നു പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഒന്നാമത്തെ നേതാവെന്ന പദവി അദ്ദേഹത്തെ തേടിയെത്തിയത്. 2018-ൽ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു. 2022 ഒക്ടോബറിൽ മൂന്നാം വട്ടവും സിപിഐ സംസ്ഥാന സെക്രട്ടറിയായി. ഹൃദയസംബന്ധമായ അസുഖങ്ങളും പ്രമേഹം മൂലമുള്ള വൃക്കരോഗവും അലട്ടിയ അദ്ദേഹത്തിന്റെ വിടവാങ്ങൽ അപ്രതീക്ഷിതമായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios