Asianet News MalayalamAsianet News Malayalam

കാനത്തിനെതിരെ ഉൾപാർട്ടിപ്പോര്: 'അടിസ്ഥാന നയ സമീപനങ്ങളെ വെല്ലുവിളിക്കുന്നു', വിമർശനത്തിൽ അമ്പരന്ന് നേതൃത്വം

എംഎം മണിയുമായുള്ള തര്‍ക്കത്തിൽ ആനി രാജയെ കൈവിട്ടതിനെതിരെ കടുത്ത അതൃപ്തിയാണ് പ്രതിനിധികൾക്കുള്ളത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിൽ എഐഎസ്എഫ് നേതാവ് നിമിഷ രാജുവിന്റെ ഭാഗത്താണ് തെറ്റെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ നിലപാട്

cpi workers against cpi state secretary kanam rajendran
Author
Thiruvananthapuram, First Published Jul 26, 2022, 6:04 AM IST

തിരുവനന്തപുരം: സി പി ഐ (cpi)തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ ഉന്നയിച്ച വിമര്‍ശനങ്ങൾക്ക് സംസ്ഥാന സെക്രട്ടറി നൽകിയ മറുപടിയെ ചൊല്ലി ഉൾപ്പാര്‍ട്ടി പോര്. പാര്‍ട്ടിയുടെ അടിസ്ഥാന നയസമീപനങ്ങളെ പോലും വെല്ലുവിളിക്കുന്നതാണ് കാനം രാജേന്ദ്രന്‍റെ (kanam rajendran)നിലപാടെന്നതാണ് ഉയരുന്ന വിമര്‍ശനം. പ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടായ കടന്നാക്രമണം നേതൃത്വത്തിനും അപ്രതീക്ഷിതമായിരുന്നു.

 

വകുപ്പ് മന്ത്രിമാരുടെ പ്രവര്‍ത്തനത്തിൽ മുതൽ മുഖ്യന്ത്രിയുടെ ഇടപെടലിൽ വരെ നടന്നത് ഇഴകീറി പരിശോധന. പരിസ്ഥിതി പ്രശ്നങ്ങളിലും മുന്നണി സമീപനങ്ങളിലും നേതൃത്വം കേട്ടത് വലിയ വിമര്‍ശനം. ജില്ലാ സമ്മേളനത്തിന്‍റെ പ്രതിനിധി ചര്‍ച്ചയിൽ ഇത്രവലിയ ആക്രമണം കരുതിയിരുന്നില്ല സംസ്ഥാന നേതൃത്വം. ജില്ലാ സമ്മേളനങ്ങളിൽ ജില്ലാ സെക്രട്ടറി മറുപടി പറയുന്ന കീഴ്വഴക്കം മറികടക്കാൻ സംസ്ഥാന സെക്രട്ടറി തയ്യാറായതു തന്നെ വിമര്‍ശനം തണുപ്പിക്കാനായിരുന്നു. രണ്ട് ദിവസം മുഴുവനായും പ്രതിനിധികളെ കേട്ട കാനം പറഞ്ഞ മറുപടിയാകട്ടെ എരി തീയിൽ എണ്ണയൊഴിക്കും പോലായി.

എംഎം മണിയുമായുള്ള തര്‍ക്കത്തിൽ ആനി രാജയെ കൈവിട്ടതിനെതിരെ കടുത്ത അതൃപ്തിയാണ് പ്രതിനിധികൾക്കുള്ളത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിൽ എഐഎസ്എഫ് നേതാവ് നിമിഷ രാജുവിന്റെ ഭാഗത്താണ് തെറ്റെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ നിലപാട്. എസ്എഫ്ഐയും എഐഎസ്എഫും തമ്മിൽ നേരത്തെയും സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ടെന്നും അന്നൊന്നും എസ്ഇ എസ് ടി അട്രോസിറ്റി ആക്ടിലേക്ക് കാര്യങ്ങളെത്തിയിരുന്നില്ലെന്നും കൂടി കാനം ഓര്‍മ്മിപ്പിച്ചതോടെ പാര്‍ട്ടിക്കകത്ത് പ്രതിഷേധം നീറുകയാണ്. 

സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരായി പ്രതിനിധികൾ ഉന്നയിച്ച ഒരു പ്രശ്നത്തിനും മറുപടി പറയാതിരിക്കുക കൂടി ചെയ്തതോടെ തുടര്‍ സമ്മേളനങ്ങളിൽ പ്രതിനിധികളുടെ സ്വരം കടുക്കുമെന്ന് ഉറപ്പായി. പത്തനംതിട്ട കൊല്ലം ജില്ലാ സമ്മളനങ്ങളിൽ ഇത് കൂടുതൽ പ്രകടമാകും

'സിപിഐ സമ്മേളനത്തിലെ വിമർശനം സ്വാഭാവികം, നേതൃത്വത്തെയല്ലാതെ അയലത്തുകാരെ വിമർശിക്കാൻ കഴിയുമോ'? കാനം

ഇടത് സർക്കാരിനെ പിണറായി സർക്കാരെന്ന് ബ്രാന്‍റ് ചെയ്യുന്നതിനെതിരെ  സിപിഐ ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഐ സമ്മേളനത്തിലെ വിമർശനം സ്വാഭാവികം മാത്രമാണ്, നേതൃത്വത്തെ അല്ലാതെ  അയലത്തുകാരെ വിമർശിക്കാൻ കഴിയുമോ എന്ന് കാനം  ചോദിച്ചു. മുൻ സർക്കാരുകളുടെ കാലത്ത് കാണാത്ത പ്രവണതയാണിതെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്‍റെ പൊതു ചർച്ചയിലാണ് പ്രതിനിധികൾ കുറ്റപ്പെടുത്തിയത്.. പാരിസ്ഥിതിക പ്രശ്നങ്ങളിലെ അഴകുഴമ്പൻ നിലപാട് അടക്കം അതിരൂക്ഷ വിമർശനം പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെയും ഉണ്ടായി. 

ജനങ്ങളിൽ നിന്ന് മാറി നടക്കുന്ന പിണറായി ശൈലിമുതൽ ഇടത് സർക്കാരിനെ പിണറായി സർക്കാരെന്ന് മുദ്രകുത്താനുള്ള സിപിഎമ്മിന്‍റെ ബോധപൂവ്വമായ ശ്രമത്തിൽ വരെ വലിയ എതിർവികാരമാണ് സമ്മേളന പ്രതിനിധികളിൽ നിന്ന് ഉണ്ടായത്. ആഭ്യന്തര വകുപ്പ് പരാജയമാണ്. പൊലീസിനെ നിലക്ക് നിർത്തണം.  ഇടത് മുന്നണിയുടെ കെട്ടുറപ്പ് സിപിഐയുടെ മാത്രം ഉത്തരവാദിത്തമാകുന്നതിലെ അതൃപ്തിയും പൊതു ചർച്ചയിൽ പ്രതിനിധികള്‍ ഉന്നയിച്ചു.

സിപിഎം വിട്ട് സിപിഐയിലേക്ക് എത്തുന്നവർക്ക് മാന്യമായ പരിഗണന നൽകണമെന്ന നിർദ്ദേശവും തിരുവനന്തപുരം സീറ്റ് തിരിച്ച് പിടിക്കാൻ പാർട്ടി നേതൃത്വം ശക്തിയായി ഇടപെടണമെന്ന ആവശ്യവും ചർച്ചയിലുയർന്നു. പരിസ്ഥിതി പ്രശ്നങ്ങളിലടക്കം പാർട്ടി നിലപാട് ദുർബലമാണ്.  പാർട്ടി അംഗത്വം കൂടാത്തതിൽ ബ്രാഞ്ച് കമ്മിറ്റികൾക്ക് വീഴ്ചയുണ്ടെന്ന് പ്രവർത്തന റിപ്പോർട്ട് വിലയിരുത്തി. ജനകീയ അടിത്തറ വിപുലമാക്കാനും ജനകീയ ഇടപെടലുകൾ ശക്തമാക്കാനും ബ്രാഞ്ച് കമ്മിറ്റികൾ തയ്യാറാകണമെന്നാണ് റിപ്പോർട്ടിന്‍റെ ഉള്ളടക്കം .

മുഖ്യമന്ത്രിയുടേത് ആർഭാടം, ഇടത് മുഖമല്ല; കാനം രാജേന്ദ്രനും സിപിഐ ജില്ലാ സമ്മേളനത്തിൽ വിമർശനം

സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനടക്കം വിമർശനം. എംഎം മണി ആനി രാജക്കെതിരെ പരാമർശം നടത്തിയപ്പോൾ പ്രതിരോധിക്കാത്തത് ശരിയായില്ല. ആനി രാജയെ വിമർശിച്ചപ്പോൾ പോലും തിരുത്തൽ ശക്തിയാകാൻ കഴിഞ്ഞില്ലെന്നും വിമർശനം ഉയർന്നു. സിപിഐ മന്ത്രിമാരുടെ വകുപ്പുകൾക്കും സർക്കാരിനും മുഖ്യമന്ത്രിയ്ക്കും വിമർശനം ഉണ്ടായി. മുഖ്യമന്ത്രിക്ക് ഇത്ര വലിയ സുരക്ഷ വേണോയെന്ന് വിമർശനം ഉയർന്നു. ജനങ്ങളിൽ നിന്ന് അകന്നാണ് മുഖ്യമന്ത്രിയുടെ സഞ്ചാരം. 42 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ല. അച്യുതമേനോനും കെ കരുണാകരനും ഇകെ നായനാർക്കും വിഎസ് അച്യുതാനന്ദനും ഇല്ലാത്ത ആർഭാടമാണ് പിണറായി വിജയന് ഇക്കാര്യത്തിലുള്ളതെന്ന് വിമർശനം ഉയർന്നു.

Follow Us:
Download App:
  • android
  • ios