Asianet News MalayalamAsianet News Malayalam

CPM Welcomes PPE Model: ടി.പി ശ്രീനിവാസനെ തല്ലിയതെന്തിന്? സ്വകാര്യ നിക്ഷേപത്തിൽ മലക്കം മറിഞ്ഞ് സിപിഎം

യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് കോളേജുകൾക്ക് സ്വയം ഭരണപദവി നൽകാനുള്ള പരിശോധനക്കായെത്തിയ യുജിസി സംഘത്തെ രാപ്പകൽ സമരം നടത്തി ഇടത് നേതാക്കളും വിദ്യാർത്ഥികളും വിവിധ ഇടങ്ങളിൽ തടഞ്ഞിട്ടു

CPIM Changed their policy about the private investment in Education Sector
Author
Thiruvananthapuram, First Published Mar 2, 2022, 5:43 PM IST

കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച വികസന കാഴ്ചപ്പാടിലെ ഉന്നതവിദ്യാഭ്യാസ മേഖലാ സ്വകാര്യ പങ്കാളിത്തം , പാർട്ടി വർഷങ്ങളായി തുടരുന്ന സമീപനത്തിൽ നിന്നുള്ള വലിയ മാറ്റമാണ് (CPM has changed its stand on private investment in education). പ്രതിപക്ഷത്തായിരിക്കെ സ്വകാര്യവൽക്കരണത്തെ ശക്തമായ എതിർത്ത പിണറായി വിജയൻ തന്നെയാണ് വൻകിട സ്വകാര്യസ്ഥാപനങ്ങൾക്കായി കേരളം തുറന്ന് കൊടുക്കുമെന്ന പ്രഖ്യാപനം നടത്തിയത്. സ്വകാര്യ കല്പിത സർവ്വകലാശാലകൾക്ക് അനുമതി തേടിയുള്ള അപേക്ഷകളിൽ സർക്കാർ ഉടൻ അനുകൂല തീരുമാനമെടുക്കാനാണ് സാധ്യത.

ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ മേഖലയിലും പിപിപി മോഡലിലും വൻകിട സ്ഥാപനങ്ങൾ.... സിപിഎം സംസ്ഥാന സമ്മേളനത്തിൽ നവകേരളത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന രേഖയിലെ പ്രധാന ഹൈലൈറ്റാണിത്. ഉന്നതവിദ്യാഭ്യാസ മേഖല പൂർണ്ണമായും തുറന്ന് കൊടുക്കാൻ സർക്കാർ ഒരുങ്ങുമ്പോൾ പ്രതിപക്ഷത്തിരിക്കെ ഈ വിഷയങ്ങളിൽ സിപിഎം സ്വീകരിച്ച സമീപനങ്ങൾ പരിശോധിക്കാം.

യുഡിഎഫ് കാലത്ത് കോവളത്ത് നടന്ന ആഗോള വിദ്യാഭ്യാസ സംഗമത്തിൽ പങ്കെടുക്കാൻ പോയ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ടിപി ശ്രീനിവാസനെ അടിച്ചുവീഴ്ത്തിയായിരുന്നു ഇടത് സമരം. കോളേജുകൾക്ക് സ്വയം ഭരണപദവി നൽകാനുള്ള പരിശോധനക്കായെത്തിയ യുജിസി സംഘത്തെ രാപ്പകൽ സമരം നടത്തി ഇടത് നേതാക്കളും വിദ്യാർത്ഥികളും വിവിധ ഇടങ്ങളിൽ തടഞ്ഞിട്ടു

വിദ്യാഭ്യാസമേഖലയിൽ സ്വകാര്യവൽക്കരണത്തിൽ ഇഞ്ചും വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി അന്ന് സമരങ്ങളെ നയിച്ചതും ന്യായീകരിച്ചും ഇന്നലെ വികസന രേഖ അവതരിപ്പിച്ച പിണറായിയായിരുന്നു. സ്വകാര്യ സർവ്വകലാശാലകളാകാമെന്നായിരുന്നു യുഡിഎഫ് കാലത്ത് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട്. എന്നാൽ പിണറായി സർക്കാർ അധികാരത്തിൽ വന്നതോടെ പുനസംഘടിപ്പിച്ച കൗൺസിൽ പഴയ റിപ്പോർട്ട് തള്ളി.

പക്ഷേ പിന്നെ കാണുന്നത് നയംമാറ്റത്തിനുള്ള ചുവട് വെപ്പുകൾ. സ്വകാര്യ കല്പിത സർവ്വകലാശാലക്ക് അനുമതി തേടിയുള്ള കോളേജുകളുടെ അപേക്ഷകൾ പഠിക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി നയം മാറ്റത്തിൻ്റെ ആദ്യ സൂചന സർക്കാർ നേരത്തെ നൽകി. ഇപ്പോൾ അതും കടന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് പൂർണ്ണമായും പരവതാനി വിരിക്കുന്നു. നയം മാറ്റത്തിൻ്റെ ഭാഗമായി നിയമത്തിൽ ഭേദഗതിക്ക് വരെ തയ്യാറെടുക്കുകയാണ് സർക്കാർ. 

ബജറ്റിലും നിർണ്ണായക പ്രഖ്യാപനങ്ങൾക്ക് സാധ്യതയുണ്ട്. സ്വാകര്യമേഖലയിലും നീതി ഉറപ്പാക്കുമെന്ന് വികസനരേഖയിൽ മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും അതെങ്ങിനെ സാധിക്കുമെന്നതാണ് സംശയം. സ്വകാര്യ സർവ്വകലാശാലകളിലും കല്പിത സ്ഥാപനങ്ങളിലും സിലബസ്സും ഫീസുമെല്ലാം തീരുമാനിക്കാനുള്ള അധികാരം സ്ഥാപനങ്ങൾക്ക് തന്നെ. സർ്ക്കാർ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ വൻകിട സ്ഥാപനങ്ങൾ ഇവിടേക്ക് തിരിഞ്ഞുനോക്കാനുള്ള സാധ്യതയുമില്ല. കാലത്തിനനനുരസിച്ചുള്ള മാറ്റമെന്നൊക്കെ പറഞ്ഞ് ന്യായീകരിച്ച് പോകുമ്പോൾ ഉന്നതവിദ്യാഭ്യാസ രംഗത്തെ മാനദണ്ഡം മെറിറ്റ് മാറി പണമായി മാറുമോ എന്ന വലിയ ആശങ്ക ബാക്കിയാണ്.
 

Follow Us:
Download App:
  • android
  • ios