തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ സിപിഎം - സിപിഐ തർക്കം പരിഹരിച്ചു. ജില്ലാ നേതൃത്വങ്ങൾ നടത്തിയ ചർച്ചയിൽ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനങ്ങൾ വീതം വെക്കുന്നതിൽ ധാരണയായി. മൂന്ന് ബ്ലോക്ക് പഞ്ചായത്തിൽ അധ്യക്ഷ സ്ഥാനം, മൂന്നിടത്ത് വൈസ് പ്രസിഡന്റ് സ്ഥാനം, അഞ്ച് പഞ്ചായത്തുകളിൽ പ്രസിഡന്റ് സ്ഥാനം എന്നിവ സിപിഐക്ക് നൽകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ കാര്യത്തിൽ സംസ്ഥാന നേതൃത്വം അന്തിമ തീരുമാനമെടുക്കും.

നെടുമങ്ങാട് നഗരസഭ ഉപാധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ട സിപിഎമ്മിന്റെ ഹരികേശൻ നായർ സ്ഥാനം രാജിവച്ചു. നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് നൽകി. ഇന്നലെയായിരുന്നു ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് ധാരണ ലംഘിച്ച് സിപിഐക്കെതിരെ മത്സരിച്ചാണ് ഹരികേശൻ നായർ ജയിച്ചത്. സിപിഎം ജില്ലാ നേതൃത്വം ഹരികേശൻ നായരോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നു.