Asianet News MalayalamAsianet News Malayalam

Waqf Board : 'പള്ളികൾ പ്രതിഷേധ വേദിയാക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയൽ', ലീഗിനെതിരെ സിപിഎം

മതധ്രുവീകരണത്തിനും വർഗീയചേരിതിരിവിനുമിടയാക്കുന്ന ഈ നീക്കം അത്യന്തം അപകടകരമാണെന്നും, സംഘപരിവാറിന് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രീയപ്രചാരണം നടത്താൻ ഇത് ഊർജം നൽകുമെന്നും സിപിഎം പറയുന്നു. 

CPIM Lashes Out Against League Protest By Making Mosques As Protest Venues
Author
Thiruvananthapuram, First Published Dec 1, 2021, 6:06 PM IST

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‍സിക്ക് വിട്ടതിൽ പ്രതിഷേധിച്ച് പള്ളികൾ കേന്ദ്രീകരിച്ചുള്ള മുസ്ലിം ലീഗിന്‍റെ സർക്കാർ വിരുദ്ധ പ്രചാരണത്തിന് എതിരെ സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ്. ലീഗിന്‍റെ ഈ നീക്കം അത്യന്തം അപകടകരമാണെന്നും, പള്ളികൾ രാഷ്ട്രീയപ്രതിഷേധത്തിനുള്ള വേദിയാക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയലാണെന്നും സിപിഎം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ലീഗിന്‍റെ ലക്ഷ്യം വർഗീയചേരിതിരിവിനാണ്. മതധ്രുവീകരണത്തിനും വർഗീയചേരിതിരിവിനുമിടയാക്കുന്ന ഈ നീക്കം അത്യന്തം അപകടകരമാണെന്നും, സംഘപരിവാറിന് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രീയപ്രചാരണം നടത്താൻ ഇത് ഊർജം നൽകുമെന്നും സിപിഎം പറയുന്നു. ലീഗ് നടപ്പാക്കുന്നത് സംഘപരിവാറിന്‍റെ ഉത്തരേന്ത്യൻ മാതൃകയാണെന്നും സിപിഎം ആരോപിക്കുന്നു. 

സിപിഎം പ്രസ്താവന ഇങ്ങനെ: 

മുസ്ലിം പള്ളികൾ കേന്ദ്രീകരിച്ച് സർക്കാർ വിരുദ്ധ പ്രചാരണം നടത്താനുള്ള മുസ്ലിം ലീഗ് ആഹ്വാനം ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കും. വർഗീയചേരിതിരിവിനും മതധ്രുവീകരണത്തിനും ഇടയാക്കുന്ന ഈ നീക്കം അത്യന്തം അപകടകരമാണ്. സംഘപരിവാറിന് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രീയപ്രചാരണം നടത്താൻ ഇത് ഊർജം നൽകും. മുസ്ലീം ലീഗിന്‍റെ സങ്കുചിത വർഗീയ നിലപാട് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. പള്ളികൾ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വേദിയാക്കുന്നത് തീക്കൊള്ളി കൊണ്ട് തല ചൊറിയലാണ്. രാഷ്ട്രീയലാഭത്തിനായി ആരാധനാലയങ്ങളെ ദുരുപയോഗിക്കാനുള്ള ഈ നീക്കം വിശ്വാസികൾ ഒരിക്കലും അംഗീകരിക്കില്ല.

അടുത്ത വെള്ളിയാഴ്ച ജുമാ പ്രാർഥനയ്ക്ക് ഒപ്പം സർക്കാരിനെതിരെ ബോധവൽക്കരണം നടത്തുമെന്നാണ് ലീഗ് ജനറൽ സെക്രട്ടറി പറഞ്ഞത്. മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടി ആണെന്നും മതസംഘടനയല്ലെന്നും ഓർമ്മ വേണം, സംഘപരിവാറിന്‍റെ ഉത്തരേന്ത്യൻ മാതൃകയാണ് അവർ കേരളത്തിൽ നടപ്പാക്കുന്നത്. നാളെ ബിജെപി കേരളത്തിലെ ക്ഷേത്രങ്ങൾ രാഷ്ട്രീയപ്രചാരണകേന്ദ്രങ്ങളാക്കിയാൽ ലീഗ് അടക്കമുള്ള സംഘടനകൾ എന്ത് ന്യായം പറയും? ജുമാ നമസ്കാരത്തിനായി പള്ളിയിലെത്തുന്നവരിൽ എല്ലാ രാഷ്ട്രീയവിശ്വാസികളുമുണ്ട്. അതിനാൽ സർക്കാരിനെതിരെ പ്രസംഗിച്ചാൽ അത് ചോദ്യം ചെയ്യാനും വിശ്വാസികൾ മുന്നോട്ട് വരും. ഇത് സംഘർഷത്തിന് വഴി വയ്ക്കും. ആരാധനാലയങ്ങളെ രാഷ്ട്രീയാവശ്യത്തിന് ഉപയോഗിക്കാൻ മുമ്പും ലീഗ് ശ്രമിച്ചിട്ടുണ്ട്. അപ്പോഴെല്ലാം വിശ്വാസികൾ തന്നെയാണ് അതിനെ പ്രതിരോധിച്ചത്. 

വഖഫ് ബോർഡ് നിയമനം പിഎസ്സിക്ക് വിട്ടതാണ് പുതിയ നീക്കത്തിന് കാരണമായി പറയുന്നത്. ഈ പ്രശ്നം മുസ്ലിം മതസംഘടനകളുടെ നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ട്. എല്ലാവരുടെയും ആശങ്കകൾ ദുരീകരിച്ച് മാത്രമേ ഇക്കാര്യം നടപ്പിലാക്കൂ എന്ന് പ്രഖ്യാപിച്ചതുമാണ്. എന്നാൽ മുസ്ലിം സമുദായത്തിലെ വിദ്യാസമ്പന്നരായ പുതുതലമുറ സിപിഎമ്മുമായി കൂടുതൽ അടുക്കുന്നത് ലീഗിനെ അടക്കം ഭയപ്പെടുത്തുന്നു. ഈ ഒഴുക്ക് തടഞ്ഞുനിർത്താൻ വിശ്വാസപരമായ വൈകാരികത ലീഗ് ചൂഷണം ചെയ്യുകയാണ്. വിശ്വാസികളെ സർക്കാരിനെതിരെ ഇളക്കി വിടാമെന്ന ലീഗ് നേതൃത്വത്തിന്‍റെ നിലപാട് വർഗീയ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്താമെന്ന ലക്ഷ്യത്തോടെയാണ്. മതേതര പാർട്ടിയാണെന്ന ലീഗിന്‍റെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞിരിക്കുന്നു. മുസ്ലീംലീഗ് ആഹ്വാനത്തെക്കുറിച്ച് കോൺഗ്രസ് അടക്കം യുഡിഎഫിലെ മറ്റ് ഘടകകക്ഷികളും അഭിപ്രായം പറയണം. 

പ്രതിഷേധവുമായി ഐഎൻഎല്ലും

വിവിധ ഇടത് നേതാക്കളും ഐഎൻഎല്ലും ലീഗിന്‍റെ ഈ നീക്കത്തിനെതിരെ നേരത്തേയം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ലീഗ് ആരാധനാലയങ്ങളെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം എളമരം കരീമും ഐഎൻഎൽ പ്രസിഡണ്ട് എ പി അബ്ദുൾവഹാബും ആരോപിച്ചു. വഖഫ് സ്ഥാപനങ്ങളുടെ  അധികാരം കൈയടക്കുന്നതനെതിരെ മതസംഘടനകളാണ് പ്രതിഷേധിക്കുന്നതെന്ന്  ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു.

കഴിഞ്ഞ ദിവസം കോഴിക്കോട്ട് ചേർന്ന മുസ്ലിം സംഘടനകളുടെ സംയുക്തസമിതിയാണ് വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തോടനുബന്ധിച്ച് പള്ളികളിൽ സർക്കാർ നീക്കത്തിനെതിരെ ബോധവൽക്കരണം നടത്താൻ തീരുമാനിച്ചത്. ഏഴാം തീയതി മഹല്ലുകളിൽ പ്രതിഷേധവും നടത്തുന്നുണ്ട്. ഇതേച്ചൊല്ലിയാണ് ലീഗിനെതിരെ ഇടത് നേതാക്കൾ വിമ‍‍‍‍‍ര്‍ശനമുന്നയിക്കുന്നത്. 80-20 സംവരണപ്രശ്നത്തിലും ലീഗ് ഇത് പോലെ മുസ്ലിം സംഘടനകളെ സ‍‍ര്‍ക്കാരിനെതിരെ സംഘടിപ്പിച്ചിരുന്നു. 

ഇതിനിടെ, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ  സലാമിനും   മറ്റും എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ്  അഡ്വ: ഷമീർ പയ്യനങ്ങാടി ഡിജിപിക്ക് പരാതി നൽകിയിട്ടുമുണ്ട്. 

Follow Us:
Download App:
  • android
  • ios