Asianet News MalayalamAsianet News Malayalam

എംഎൽഎയുടെ ഗൃഹസന്ദര്‍ശനത്തിനെതിരെ വാ‍ര്‍ത്ത ഷെയര്‍ ചെയ്തു: പൊതുപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ്

 പ്രദേശത്തെ മത്സ്യ സംസ്കരണ യൂണിറ്റിനെതിരെ സമരം നടക്കുന്നതിനാൽ പ്രതിഷേധം ഭയന്നാണ് എംഎൽഎ ഗൃഹസന്ദർശന പരിപാടിയിൽ നിന്ന് പിന്മാറിയത് എന്നായിരുന്നു ഓൺലൈൻ വാർത്ത

CPIM Leader threatens social worker for sharing news about MLA
Author
First Published Jan 8, 2023, 11:37 AM IST

കണ്ണൂ‍ർ: എംഎൽഎക്കെതിരായ വാർത്ത ഷെയർ ചെയ്തതിന് പൊതുപ്രവർത്തകനെ സിപിഎം ലോക്കൽ സെക്രട്ടറി ഭീഷണിപ്പെടുത്തുന്നതിൻ്റെ ശബ്ദസന്ദേശം പുറത്ത്. സിപിഎം കണ്ണൂർ ആലപ്പടമ്പ ലോക്കൽ സെക്രട്ടറി ടി.വിജയനാണ് പൊതുപ്രവർത്തകനായ ജോബി പീറ്ററിനെ ഭീഷണിപ്പെടുത്തിയത്.  

ടി.ഐ മധുസൂദനൻ എംഎൽഎ സിപിഎം ഗൃഹസന്ദർശന പരിപാടിയിൽ വീട് കയറുന്നതുമായി ബന്ധപ്പെട്ടുള്ള ഓൺലൈൻ വാർത്ത വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തതിനാണ് ഭീഷണി. പ്രദേശത്തെ മത്സ്യ സംസ്കരണ യൂണിറ്റിനെതിരെ സമരം നടക്കുന്നതിനാൽ പ്രതിഷേധം ഭയന്നാണ് എംഎൽഎ ഗൃഹസന്ദർശന പരിപാടിയിൽ നിന്ന് പിന്മാറിയത് എന്നായിരുന്നു ഓൺലൈൻ വാർത്ത. ഇത്രയും നാൾ പാർട്ടി എല്ലാവരേയും ചേർത്ത് പിടിച്ചു, തെറ്റിക്കഴിഞ്ഞാൽ ചിത്രം മാറുമെന്നാണ് ലോക്കൽ സെക്രട്ടറി ജോബി പീറ്ററിനോട് ഫോണിൽ പറയുന്നത്. തന്റേയും സമരസമിതി പ്രവർത്തകരുടെയും ജീവന് ഭീഷണിയുണ്ടെന്ന് ജോബി പീറ്റർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ആലപ്പടമ്പ് പ്രദേശത്ത് പ്രവർത്തിക്കുന്ന മത്സ്യസംസ്കാരണ യൂണിറ്റിനെതിരെ അവിടെ പ്രതിഷേധം നടക്കുന്നുണ്ട്. സിപിഎം അനുഭാവികളടക്കം സമരത്തിൽ അണിനിരക്കുന്നുണ്ടെന്നാണ് സമരസമിതി പ്രവർത്തകർ അവകാശപ്പെടുന്നത്. ഒരു സിപിഎം അനുകൂല കമ്പനിയാണ് മത്സ്യസംസ്കരണ യൂണിറ്റ് പ്രവർത്തിപ്പിക്കുന്നതെന്നും ഇക്കാരണത്താൽ  പ്രതിഷേധം ഭയന്ന് പയ്യന്നൂർ എംഎൽഎ ടി.ഐ മധുസൂദ്ദനൻ പ്രദേശത്തെ ഗൃഹസന്ദർശന പരിപാടിയിൽ നിന്നും ഒഴിഞ്ഞെന്നുമുള്ള ഓൺലൈൻ വാർത്തയാണ് ജോബി വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തത്. 

ഇതിനു പിന്നാലെയായിരുന്നു ലോക്കൽ സെക്രട്ടറിയുടെ ഭീഷണി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് മൽസ്യ സംസ്കരണ യൂണിറ്റ് താൽകാലികമായി അടച്ചിട്ടിരിക്കുകയാണ്. അതേസമയം നേരിട്ട് അറിയുന്നയാളെ ഫോണിലൂടെ ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലല്ലോയെന്ന് ലോക്കൽ സെക്രട്ടറി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എംഎൽഎക്കെതിരെ പ്രവർത്തിക്കുന്നത് ചോദ്യം ചെയ്യുകയാണ് താൻ ചെയ്തതെന്നും ലോക്കൽ സെക്രട്ടറി ടി വിജയൻ പ്രതികരിച്ചു. 
 

Follow Us:
Download App:
  • android
  • ios