പത്തനംതിട്ടയിലെ പാലക്കൽത്തകിടി സർക്കാർ സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപകൻ വേണമെന്ന് ആവശ്യപ്പെട്ട് സമരം
പത്തനംതിട്ട: വിദ്യാഭ്യാസ വകുപ്പിനെതിരെ കുത്തിയിരിപ്പ് സമരവുമായി സിപിഎം നേതാവ്. പത്തനംതിട്ട കുന്നന്താനം വടക്ക് ലോക്കൽ സെക്രട്ടറി എസ്.വി. സുബിനാണ് സമരം ചെയ്യുന്നത്. പാലക്കൽത്തകിടി സെൻ്റ് മേരീസ് സർക്കാർ ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപകൻ ഇല്ലാത്തതിലാണ് സമരം. അധ്യാപകരെ ഉടൻ നിയമിക്കണമെന്നാണ് നേതാവിൻ്റെ ആവശ്യം. സമരത്തിന് പിന്തുണയുമായി എത്തിയ എബിവിപിക്കാരോട് രാഷ്ട്രീയ മുതലെടുപ്പിനുള്ള പിന്തുണ വേണ്ടെന്ന് സുബിൻ നിലപാടെടുത്തു.
പാലക്കൽത്തകിടി സെൻ മേരിസ് സർക്കാർ ഹൈസ്കൂളിൽ ഇംഗ്ലീഷ് അധ്യാപകൻ്റെ ഒഴിവ് നികത്തിയിട്ടില്ല. സ്കൂൾ തുറന്ന് ഒന്നര മാസം കഴിയുമ്പോൾ മകനെ പഠിപ്പിച്ചത് ഇംഗ്ലീഷ് പാഠപുസ്തകത്തിലെ ആദ്യ ചാപ്റ്ററിന്റെ രണ്ടു പാരഗ്രാഫ് മാത്രമാണെന്ന് സുബിൻ പറയുന്നു. സ്കൂളുകളിൽ കെട്ടിടം മാത്രം പോരെന്നും വിദ്യാഭ്യാസ നിലവാരം കൂടി ചേർന്നാലേ സർക്കാർ സ്കൂൾ രക്ഷപെടൂവെന്നും ലോക്കൽ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
