Asianet News MalayalamAsianet News Malayalam

പാർട്ടി ഫണ്ട് തിരിമറി: പികെ ശശിയെ എല്ലാ സ്ഥാനത്ത് നിന്നും നീക്കി, മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചുവിട്ടു

പാലക്കാട്ടെ ശക്തനായ നേതാവിനെതിരെ നടപടിയെടുത്തത് എംവി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ

CPIM removes PK Sasi from all positions over party fund fraud
Author
First Published Aug 18, 2024, 8:48 PM IST | Last Updated Aug 18, 2024, 8:48 PM IST

പാലക്കാട്: പാർട്ടി ഫണ്ട് തിരിമറി കേസിൽ മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശിക്കെതിരെ സിപിഎം നടപടി. പി.കെ ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി. മണ്ണാർക്കാട് ഏരിയ കമ്മിറ്റി പിരിച്ചു വിട്ടു. ഇന്ന് എംവി ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിലാണ് നടപടി. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണ ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് ആരോപണം. പുത്തലത്ത് ദിനേശൻ്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആരോപണം സംബന്ധിച്ച് അന്വേഷിച്ചത്. പി.കെ ശശി അധ്യക്ഷനായ യൂണിവേഴ്സൽ കോളേജ് നിയമനത്തിലും ക്രമക്കേടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് വിവരം. ഇതോടെ പികെ ശശിക്ക് പാർട്ടിയുടെ പ്രാഥമികാംഗത്വം മാത്രമായി. 

പത്തനംതിട്ട സിപിഎമ്മിലും ഇന്ന് നേതാക്കൾക്കെതിരെ നടപടിയുണ്ടായി. തിരുവല്ലയിൽ ഏരിയ കമ്മിറ്റി അംഗത്തിനെതിരെയും ലോക്കൽ സെക്രട്ടറിക്കെതിരെയുമാണ് പാർട്ടി നടപടി. ഇരുവരെയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും നീക്കി. ദേവസ്വം ബോർഡ് നിയമനക്കോഴ ആരോപണത്തിലാണ് ഏരിയ കമ്മറ്റി അംഗം പ്രകാശ് ബാബുവിനെതിരെ നടപടിയെടുത്തത്. തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സെക്രട്ടറി കൊച്ചുമോനെയും സ്ഥാനത്തുനിന്ന് നീക്കി. പീഡനക്കേസിൽ ആരോപണ വിധേയനായ സി.സി സജിമോനെ പാർട്ടിയിൽ തിരിച്ചെടുത്തതിനെതിരെ സംസ്ഥാന നേതൃത്വത്തെ സമീപിച്ച ആളാണ് കൊച്ചുമോൻ. ഒരാഴ്ച മുൻപാണ് തിരുവല്ലയിൽ ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി. ആന്റണിയെ  സ്ഥാനത്ത് നിന്ന് നീക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios