മാസങ്ങളായി പാർട്ടിയിൽ നിന്നും വിട്ടു നിന്ന നാല് ഏരിയ കമ്മിറ്റി അംഗങ്ങൾ ഇന്നത്തെ യോഗത്തിനെത്തിയിരുന്നു.
ആലപ്പുഴ: മാസങ്ങളായി കുട്ടനാട് സിപിഎമ്മിൽ നില നിന്ന രൂക്ഷമായ വിഭാഗീയത അവസാനിച്ചു. സംസ്ഥാന നേതൃത്വം ഇടപെട്ട് ഇന്ന് നടത്തിയ ചർച്ചയിലാണ് പരിഹാരമായത്. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.പി രാമകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന കുട്ടനാട് ഏരിയ കമ്മിറ്റി യോഗത്തിൽ ഒറ്റക്കെട്ടായി മുന്നോട്ട പോകാൻ ധാരണയായി. വിഭാഗീയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആർക്കെതിരെയും പ്രതികാര നടപടികൾ ഉണ്ടാകില്ലെന്ന് സംസ്ഥാന നേതൃത്വം ഉറപ്പ് നൽകി. മാസങ്ങളായി പാർട്ടിയിൽ നിന്നും വിട്ടു നിന്ന നാല് ഏരിയ കമ്മിറ്റി അംഗങ്ങൾ യോഗത്തിനെത്തിയിരുന്നു. എ.എസ് അജിത്, ജോസ് തോമസ്, പ്രസാദ് ബാലകൃഷ്ണൻ, പി.ടി കുഞ്ഞുമോൻ എന്നിവരാണ് തർക്കമെല്ലൊം അവസാനിപ്പിച്ച് യോഗത്തിനെത്തിയത്. പാർട്ടിയും ബഹുജന സംഘടനകളും വിട്ടു പോകുമെന്ന് കാട്ടി രാജിക്കത്ത് നൽകിയവരെ ചേർത്ത് നിർത്താനും തീരുമാനമായി. ഇവർ അംഗത്വ സ്ക്രൂട്ടിനി യോഗത്തിൽ പങ്കെടുത്ത് ലെവിയും വരിസംഖ്യയും നൽകണം. 380-ലേറെ പേരാണ് ആറ് ലോക്കൽ കമ്മിറ്റികളിൽ നിന്നായി രാജിവെച്ചത്. ഇവർക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകില്ലെന്നാണ് യോഗത്തിൽ നേതൃത്വം വ്യക്തമാക്കിയത്.
