Asianet News MalayalamAsianet News Malayalam

കോൺ​ഗ്രസിൻ്റെ നാശം പാലക്കാട്ട് തുടങ്ങുമെന്ന് എ.കെ.ബാലൻ: ഗോപിനാഥിനായി വാതിൽ തുറന്ന് സിപിഎം

പെരിങ്ങോട്ട് കുറിശ്ശി പഞ്ചായത്ത് പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും അംഗങ്ങളും എ.വി.ഗോപിനാഥുമായി അൽപസമയം മുൻപ് കൂടിക്കാഴ്ച നടത്തി.

CPIM started talks with Congress Leader AV Gopinath
Author
Palakkad, First Published Aug 29, 2021, 8:47 PM IST
  • Facebook
  • Twitter
  • Whatsapp

പാലക്കാട്: ഡിസിസി പുനസംഘടനയിൽ പാലക്കാട് അധ്യക്ഷ സ്ഥാനം നഷ്ടമായതോടെ കെപിസിസി നേതൃത്വത്തോട് ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാവ് എ.വി.ഗോപിനാഥിനെ മറുകണ്ടം ചാടിക്കാനൊരുങ്ങി സിപിഎം. ഗോപിനാഥ് കോൺ​ഗ്രസ് വിട്ടു വന്നാൽ സ്വീകരിക്കാനാണ് സിപിഎമ്മിൻ്റെ നീക്കം. ഇതിനുള്ള ചർച്ചകൾ തുടങ്ങിയെന്നാണ് സൂചന. ഗോപിനാഥിനൊപ്പം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ 11 അംഗങ്ങളും രാജിവച്ചേക്കും എന്നാണ് സൂചന. അങ്ങനെ വന്നാൽ കോൺഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ട്കുറിശ്ശി പഞ്ചായത്ത് ഭരണം അട്ടിമറിക്കാനും സിപിഎമ്മിനാവും. ​

പെരിങ്ങോട്ട് കുറിശ്ശി പഞ്ചായത്ത് പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും അംഗങ്ങളും എ.വി.ഗോപിനാഥുമായി അൽപസമയം മുൻപ് കൂടിക്കാഴ്ച നടത്തി. എ.വി.​ഗോപിനാഥിൻ്റെ നിലപാടിനൊപ്പമാണ് തങ്ങളെന്ന് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു. പെരിങ്ങോട്ടുകുറിശ്ശിയിലെ ഗോപിനാഥിൻ്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.

ഗോപിനാഥിനേയും ഒപ്പമുള്ളവരേയും കൂടാതെ പാലക്കാട്ടെ കോൺ​ഗ്രസിലെ അതൃപ്തരായ കൂടുതൽ നേതാക്കളുമായി സിപിഎം ആശയവിനിമയം നടത്തുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപായി പാർട്ടിയിൽ ​ഗോപിനാഥ് കലാപം ഉയർത്തിയപ്പോൾ സിപിഎം അദ്ദേഹവുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ കെ.സുധാകരനും ഉമ്മൻ ചാണ്ടിയും ഇടപെട്ട് അന്ന് ​ഗോപിനാഥിനെ അനുനയിപ്പിച്ച് നിർത്തിയതോടെ ആ നീക്കം സിപിഎം ഉപേക്ഷിച്ചിരുന്നു. 

എന്നാൽ കടുത്ത നിലപാടിലേക്ക് ​ഗോപിനാഥ് നീങ്ങുമെന്ന് വ്യക്തമായതോടെ സിപിഎം വീണ്ടും കരുനീക്കം ആരംഭിക്കുകയായിരുന്നു. പുനസംഘടനയിലെ അതൃപ്തിയുമായി ബന്ധപ്പെട്ട് നാളെ മാധ്യമങ്ങളെ കാണുമെന്ന് എ.വി​.​ഗോപിനാഥ് അറിയിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ അദ്ദേഹം നിർണായക പ്രഖ്യാപനം നടത്തുമെന്നാണ് അഭ്യൂഹം. ​കോൺ​ഗ്രസിൻ്റെ തകർച്ചയുടെ തുടക്കം പാലക്കാട് നിന്നായിരിക്കുമെന്നുള്ള എ.കെ.ബാലൻ്റെ ഫേസ്ബുക്ക് പോസ്റ്റും സിപിഎം നീക്കത്തിൻ്റെ സൂചനയാണ്. 

കോൺഗ്രസ് വലിയൊരു പൊട്ടിത്തെറിയിലേക്കാണ് പോകുന്നതെന്നും കോൺഗ്രസിനെ രക്ഷിക്കാൻ ഇനി ആരു വിചാരിച്ചാലും കഴിയില്ലെന്നുമായിരുന്നു സിപിഎം നേതാവ് എ.കെ ബാലൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. നാശത്തിലേക്കുള്ള കോൺ​ഗ്രസിൻ്റെ യാത്രയുടെ തുടക്കം പാലക്കാട് നിന്നായിരിക്കുമെന്നും എ.കെ.ബാലൻ ഫേസ്ബുക്കിൽ കുറിച്ചു.

എ.കെ.ബാലൻ്റെ ഫേസ്ബുക്ക് പോസ്റ്റ്  - 

കെ. സുധാകരൻ്റെ ശൈലി ഉൾക്കൊള്ളാൻ പറ്റുന്ന ഘടനയല്ല  ഇന്ന് കോൺഗ്രസിനുള്ളത്.  കോൺഗ്രസിൻ്റെ  ഉള്ളിൽ ജനാധിപത്യപരമായി ചിന്തിക്കുന്ന  നല്ല ഒരു വിഭാഗമുണ്ട്.  അവർക്ക് ഉൾക്കൊള്ളാൻ പറ്റുന്ന രീതിയിലല്ല സുധാകരൻ്റെ  സമീപനങ്ങൾ.  സെമി കേഡർ പാർട്ടി എന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസിനെ നയിക്കാൻ   സാധിക്കില്ല.  കാരണം ഗ്രൂപ്പില്ലാതെ കോൺഗ്രസിന് നിലനിൽപ്പില്ല. ഇക്കാര്യം കെ സി ജോസഫ് തന്നെ പറഞ്ഞിട്ടുണ്ട്. ഗ്രൂപ്പില്ലാത്ത കോൺഗ്രസിനെയാണ് സുധാകരൻ സ്വപ്നം കാണുന്നതെങ്കിൽ, ഇനി  കോൺഗ്രസുണ്ടാകില്ല; പകരം ഗ്രൂപ്പുകൾ മാത്രമേ ഉണ്ടാകൂ.  ഗ്രൂപ്പിന് അതീതമായി  കോൺഗ്രസിനെ കേഡർ പാർട്ടി ആക്കി വളർത്താം എന്നത് കേവലം ദിവാസ്വപ്നമാണ്.

   മുല്ലപ്പള്ളിക്കും  സുധീരനും  ഉണ്ടായ അനുഭവം  സുധാകരനും ഉണ്ടാകും എന്നുള്ള  ഓർമ്മപ്പെടുത്തൽ കോൺഗ്രസ് പ്രവർത്തകർ  നടത്തിയിരിക്കയാണ്.   അഭിപ്രായം പറഞ്ഞതിന് രണ്ട് മുതിർന്ന നേതാക്കൾക്കെതിരെ സസ്പെൻഷൻ നടപടി എടുത്തുകഴിഞ്ഞു.   ഈ നടപടി  സാമാന്യനീതിക്ക്   നിരക്കുന്നതല്ലെന്ന്  അവർ തന്നെ പറഞ്ഞിട്ടുണ്ട്.  മാത്രമല്ല,   ഉമ്മൻചാണ്ടിയെ പ്രകടമായി  വെല്ലുവിളിക്കുന്ന   സ്ഥിതിയും ഉണ്ടായി. ഉമ്മൻചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പരുഷമായും പരസ്യമായും ശാസിക്കുകയാണ്. ഇതും കോൺഗ്രസിൻ്റെ ചരിത്രത്തിലില്ലാത്തതാണ്. സി പി ഐ എമ്മിനോടും അതിൻ്റെ നേതാക്കളോടും കാട്ടുന്ന ശത്രുതാപരമായ സമീപനം തന്നെ കോൺഗ്രസിൻ്റെ പാരമ്പര്യമുള്ള  നേതാക്കളോടും കെ സുധാകരൻ കാണിക്കുകയാണ്.

 കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ തെരഞ്ഞെടുക്കാൻ പോലും അനുവദിക്കാത്തതു കൊണ്ടാണല്ലോ ഇവിടെയുള്ള കാര്യം ഞങ്ങൾ നോക്കിക്കൊള്ളാമെന്ന് ചെന്നിത്തലയ്ക്ക് പറയേണ്ടി വന്നത്. ആ ചെന്നിത്തലയോട് ശത്രുതാപരമായ സമീപനമാണ് സുധാകരനുള്ളത്. ഇത് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ അംഗീകരിക്കുമെന്ന് തോന്നുന്നില്ല. 

ഈ നേതാക്കളെ ശാസിക്കുന്നതിനെ  അണികൾ ചോദ്യം ചെയ്യുകയാണ്. തെറ്റുണ്ടെങ്കിൽ തിരുത്താമെന്ന സുധാകരൻ്റെ പ്രസ്താവന കുറ്റസമ്മതമാണ്. എന്തിനാണ് അഞ്ച് മാസത്തോളമെടുത്ത ഈ പ്രക്രിയ പൂർത്തീകരിക്കാൻ സോണിയാഗാന്ധിയുടെയടുക്കൽ പോയത്? ഒരു ജില്ലയിലെ ഭാരവാഹികളെ നിശ്ചയിക്കാൻ ആ ജില്ലയിലുള്ളവർക്കോ സംസ്ഥാനത്തുള്ളവർക്കോ കഴിഞ്ഞില്ലെങ്കിൽ പിന്നെ കോൺഗ്രസിൻ്റെ അസ്തിത്വമെന്താണ്? എന്തിനാണ് ഡൽഹിയിലേക്കോടുന്നത്? ഹൈക്കമാണ്ട് എന്നു പറഞ്ഞാൽ മുമ്പുണ്ടായിരുന്ന വൈകാരിക ബന്ധമൊന്നും അണികൾ ഇപ്പോൾ കൽപ്പിക്കുന്നില്ല. എഐസിസിക്ക്  പ്രസിഡണ്ട് പോലും ഇപ്പോഴില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് കോൺഗ്രസ് അതിൻ്റെ  നാശത്തിലേക്ക്  എത്തിയിരിക്കുന്നു എന്നാണ്. അതുകൊണ്ട്  പല സ്ഥലത്തും  കോൺഗ്രസ്  പൊട്ടിത്തെറിക്കാൻ പോവുകയാണ്. അതിൻ്റെ തുടക്കം പാലക്കാട്ടായിരിക്കുമെന്നാണ് തോന്നുന്നത്‌.

Follow Us:
Download App:
  • android
  • ios