കോട്ടയം: ജോസ് കെ മാണി മുന്നണിയിൽ എത്തിയതോടെ തദ്ദേശ ത്തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മധ്യകേരളത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി സിപിഎം. ഇടത് പ്രവേശനത്തില്‍ അതൃപ്തരായ പ്രവര്‍ത്തകരെ അടർത്തി മാറ്റി ജോസ് പക്ഷത്തെ ദുര്‍ബലപ്പെടുത്താനാണ് യുഡിഎഫ് നീക്കം തുടങ്ങിയിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കിയ ശേഷം, നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപാകും ജോസിന്‍റെ ഔദ്യോഗിക മുന്നണി പ്രവേശനമെന്നാണ് സൂചനകള്‍. തദ്ദേശ തെരഞ്ഞെടുപ്പാണ് ജോസ് കെ മാണിയുടെ ഇനിയുള്ള രാഷ്ട്രീയഭാവിയുടെ പരീക്ഷ. കഴിഞ്ഞ തവണ മത്സരിച്ചയത്രയും സീറ്റ് നൽകുമെന്നാണ് ജോസ് കെ മാണിക്ക് സിപിഎം നൽകിയിരിക്കുന്ന ഉറപ്പ്.

ഇതിലൂടെ മധ്യകേരളത്തില്‍ മേധാവിത്വം ഉറപ്പിക്കാനാകുമെന്നാണ് ഇടതു മുന്നണി കരുതുന്നത്. ജോസിനെ ഒപ്പം കൂട്ടിയാല്‍ കിട്ടാവുന്ന സീറ്റുകളുടെ കണക്കെടുപ്പ് സിപിഎം നടത്തിക്കഴിഞ്ഞു. കോട്ടയത്ത് 71 പഞ്ചായത്തുകളില്‍ 22 ഇടത്താണ് നിലവിൽ ഇടത് ഭരണം. 280 വാര്‍ഡുകള്‍ സിപിഎമ്മിന്‍റേയും 256 വാർഡുകല്‍ കേരള കോൺഗ്രസിന്‍റേയുമാണ്.

കോൺഗ്രസിന് 311 വാർഡുകളാണ്. ജില്ലാ പഞ്ചായത്തിൽ കോൺഗ്രസിന് എട്ടും ജോസ് കെ മാണി വിഭാഗത്തിന് നാലും ജോസഫ് വിഭാഗത്തിന് രണ്ടും അംഗങ്ങള്‍ വീതമുണ്ട്. ഇടതു മുന്നണിക്ക് ഏഴ് സീറ്റും.11 ബ്ലോക്കില്‍ മൂന്നെണ്ണത്തില്‍ ഇടതു ഭരണമാണ്. ജോസ് സിപിഎം കൂട്ടുകെട്ടിലെ രാഷ്ട്രീയ നെറികേട് ആയുധമാക്കിയാണ് യുഡിഎഫ് നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ബാര്‍കോഴക്കേസിലെ സിപിഎം നിലപാട് തുറന്നുകാട്ടാനും ശ്രമങ്ങള്‍ തുടങ്ങി കഴിഞ്ഞു.