Asianet News MalayalamAsianet News Malayalam

കോൺ​ഗ്രസിലെ കൊഴിഞ്ഞു പോക്ക് മുതലാക്കാൻ സിപിഎം: ബിജെപിയിലേക്ക് നേതാക്കൾ പോകുന്നത് തടയും

ഇപ്പോള്‍ കോണ്‍ഗ്രസിലെ അസംതൃപ്തരുടെ ഊഴമാണ്. ചുവപ്പ് പരവതാനി വിരിച്ച് നല്ല നേതാക്കളെ പാര്‍ട്ടിയിലേക്കോ മുന്നണിയിലേക്കോ കൊണ്ട് വരുകയാണ് സിപിഎം. ആരും ബിജെപിക്കൊപ്പം പോകാതിരിക്കാനുള്ള കരുതലാണ് സിപിഎം തീരുമാനത്തിന് പിന്നില്‍

CPIM waits fro big Fishes From congress
Author
Thiruvananthapuram, First Published Sep 14, 2021, 9:50 PM IST

തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിടുന്നവര്‍ ബിജെപിയിലേക്ക് പോകുമ്പോള്‍ കേരളത്തില്‍ കോൺ​ഗ്രസ് ക്യാംപ് വിട്ടു പോകുന്നവരുടെ ഫസ്റ്റ് ഓപ്ഷൻ സിപിഎമ്മാണ്. സിപിഎം സംസ്ഥാന നേതൃത്വം നേരിട്ട് ഇടപെട്ടാണ് കോൺ​ഗ്രസിലെ അസംതൃപ്തരെ തങ്ങളുടെ ചേരിയിലേക്ക് എത്തിക്കുന്നത്.  

കോണ്‍ഗ്രസിനെ തകര്‍ത്ത് ബഹുജനാടിത്തറ കൂട്ടുക എന്ന ലക്ഷ്യത്തോടൊപ്പം ബിജെപിയിലേക്ക് പ്രമുഖ നേതാക്കള്‍ പോകാതിരിക്കാനുള്ള കരുതലും സിപിഎം നേതൃത്വം കാണിക്കുന്നു. കോൺ​ഗ്രസിലെ പുതിയ മാറ്റങ്ങളിൽ അതൃപ്തിയുള്ള  പല പ്രമുഖരും സിപിഎമ്മിലേക്ക് വരുമെന്ന സൂചനയും നേതാക്കള്‍ നല്‍കുന്നുണ്ട്.

നേരത്തേ കോണ്‍ഗ്രസ് വിട്ട പ്രമുഖര്‍ പിസി ചാക്കോ നേതൃത്വം കൊടുക്കുന്ന എന്‍സിപിയിലേക്കാണ് പോയത്. നെടുമങ്ങാട് സ്ഥാനാര്‍ഥിയായ പിഎസ് പ്രശാന്ത് പാര്‍ട്ടി വിട്ടപ്പോള്‍ നാടകീയമായി എകെജി സെന്‍ററില്‍ വന്നു. പ്രശാന്തിനെ സ്വീകരിച്ചത് എല്‍ഡിഎഫ് കണ്‍വീനറും ആക്ടിംഗ് സെക്രട്ടറിയുമായ എ.വിജയരാഘവന്‍. കോൺ​ഗ്രസ് വിടുന്നതായി വാ‍ർത്താസമ്മേളനത്തിൽ പ്രഖ്യപിച്ച ശേഷം കെപി അനില്‍കുമാറും നേരെ എകെജി സെന്‍ററിന്‍റെ പടികയറി. അവയിലബില്‍ സെക്രട്ടേറിയറ്റ് കൂടിക്കൊണ്ടിരുന്ന ഹാളിലേക്കാണ് നേരേ അദ്ദേഹത്തെ വിളിപ്പിച്ചത്. കോടിയേരി അനില്‍കുമാറിനെ ചുവപ്പ് ഷാളണിയിക്കുമ്പോള്‍ തൊട്ടടുത്ത് എസ്ആര്‍പിയും എംഎ ബേബിയും ആനത്തലവട്ടം ആനന്ദനുമുണ്ടായിരുന്നു. കോണ്‍ഗ്രസ് വിടുന്ന പ്രമുഖര്‍ക്ക് പെട്ടെന്ന് സിപിഎമ്മിലേക്കെത്താനാകുമെന്ന സന്ദേശം പരസ്യമായി നല്‍കുകയാണ് പാര്‍ട്ടി. സമ്മേളനം നടക്കുന്ന സമയമായതിനാല്‍ പാര്‍ട്ടി ഘടകങ്ങളിലേക്ക് വേഗം ഇവര്‍ക്കെത്താനാകുമെന്ന പ്രത്യേകതയുമുണ്ട്.

നേരത്തേ യുഡിഎഫിനൊപ്പം പോയ എല്‍ജെഡിയെ സിപിഎം മുന്‍കയ്യെടുത്ത് തിരിച്ച് കൊണ്ട് വന്നിരുന്നു. ജോസ് കെ മാണി ഇടഞ്ഞപ്പോള്‍ വിട്ടുവീഴ്ച ചെയ്ത് അവരെയും എല്‍ഡിഎഫ് പാളയത്തിലെത്തിച്ചു. ഇപ്പോള്‍ കോണ്‍ഗ്രസിലെ അസംതൃപ്തരുടെ ഊഴമാണ്. ചുവപ്പ് പരവതാനി വിരിച്ച് നല്ല നേതാക്കളെ പാര്‍ട്ടിയിലേക്കോ മുന്നണിയിലേക്കോ കൊണ്ട് വരുകയാണ് സിപിഎം. ആരും ബിജെപിക്കൊപ്പം പോകാതിരിക്കാനുള്ള കരുതലാണ് സിപിഎം തീരുമാനത്തിന് പിന്നില്‍. കോണ്‍ഗ്രസിനകത്ത് പരമാവധി ആശയക്കുഴപ്പമുണ്ടാക്കുക, വരുന്നവരെ നല്ല രീതിയില്‍ സ്വീകരിക്കുക, കൂടുതലാളുകളെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിക്കുക എല്ലാവരെയും മതേതര ചേരിയില്‍ നിര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സിപിഎം നീക്കത്തിന് പിന്നിലുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios