Asianet News MalayalamAsianet News Malayalam

കേരളത്തിൽ വാക്സീൻ പ്രതിസന്ധി സൃഷ്ടിക്കാൻ കേന്ദ്രശ്രമം; പ്രതിപക്ഷത്തെയും വിമർശിച്ച് സിപിഎം ആക്ടിങ് സെക്രട്ടറി

കേരളത്തിലെ സ്ഥിതി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് ബോധ്യമായിട്ടും വാക്സീൻ അനുവദിക്കുന്നതിൽ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്

CPM acting secretary A Vijayaraghavan accuses Modi govt for vaccine scarcity in Kerala
Author
Thiruvananthapuram, First Published Aug 2, 2021, 5:30 PM IST

തിരുവനന്തപുരം: കേരളത്തിൽ വാക്സീൻ പ്രതിസന്ധി സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന ശ്രമം അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ. വാക്സീൻ വിതരണത്തിന് അങ്ങേയറ്റം ശുഷ്കാന്തി കാണിക്കുന്ന കേരളത്തിൽ വാക്സീൻ നൽകുന്നതിന് കേന്ദ്രം അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിലെ സ്ഥിതി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് ബോധ്യമായിട്ടും വാക്സീൻ അനുവദിക്കുന്നതിൽ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. ഈ ഒളിച്ചുകളി കേന്ദ്രം അവസാനിപ്പിക്കണം. പരിശോധനയുടെ എണ്ണവും രോഗികളെ കണ്ടെത്തുന്ന രീതിയും നല്ലതായതിനാലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

കേരളത്തിലെ ജനസംഖ്യ 3.51 കോടിയാണ്. വാക്സീന് കടുത്ത ദൗർലഭ്യമാണ് സംസ്ഥാനത്ത് നേരിടുന്നത്. കേരളത്തിൽ പഴുതടച്ചുള്ള കൊവിഡ് പ്രതിരോധം തുടരുമ്പോഴും യുഡിഎഫും ബിജെപിയും അതിന് തുരങ്കം വെക്കുകയാണ്. പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി 90 ലക്ഷം ഡോസ് വാക്സീൻ ആവശ്യപ്പെട്ടതാണ്. ജൂലൈയിൽ വന്ന കേന്ദ്രസംഘത്തോട് 60 ലക്ഷം ഡോസ് വാക്സീനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊവിഡ് പ്രതിരോധം പാളിയെന്ന് വരുത്തിത്തീർക്കാൻ ദുഷ്പ്രചാരണം അഴിച്ചുവിടുകയാണെന്നുമാണ് എ വിജയരാഘവന്റെ ആരോപണം.
 

Follow Us:
Download App:
  • android
  • ios