പിണറായിക്കും എം വി ഗോവിന്ദനുമെതിരെ ഇന്നും വിമർശനം. പിണറായിക്കെതിരായ ജനവികാരം പാർട്ടിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. നേതൃത്വം ശൈലി മാറ്റണം, തിരുത്തിയില്ലെങ്കിൽ പാർട്ടിക്ക് നിലനിൽപ്പില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. പിണറായിയെ പ്രതിരോധിച്ചും ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തി.
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ ഇന്നും സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ വിമർശനം. നേതൃത്വം ശൈലി മാറ്റണമെന്നും തിരുത്തിയില്ലെങ്കിൽ പാർട്ടിക്ക് നിലനിൽപ്പില്ലെന്നുമാണ് കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നത്. പിണറായിക്കെതിരായ ജനവികാരം പാർട്ടിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. പിണറായിയെ പ്രതിരോധിച്ചും ഒരുവിഭാഗം നേതാക്കൾ രംഗത്തെത്തി.

എല്ലാ കുറ്റവും പിണറായിക്ക് മേൽ ചുമത്തേണ്ടതില്ലെന്നായിരുന്നു പിന്തുണയ്ക്കുന്നവരുടെ വാദം. ക്രിക്കറ്റ് കളിയിൽ തോറ്റാൽ ക്യാപ്റ്റന് മാത്രമല്ല കുറ്റം. പാർട്ടിയും മുന്നണിയുമാണ് തെരത്തെടുപ്പിനെ നേരിട്ടത്. പിണറായിയെ മാത്രം എങ്ങനെ കുറ്റക്കാരനാക്കുമെന്നും ഒരു വിഭാഗം വാദിച്ചു. ആലപ്പുഴ ജില്ലാ നേതൃത്വത്തിനെതിരെയും കമ്മിറ്റിയിൽ വിമർശനം ഉയര്‍ന്നു. ജില്ലാ നേതൃത്വം പരാജയമായിരുന്നു. സംഘടന സംവിധാനം താഴേത്തട്ടിൽ ദുർബലമായിരുന്നുവെന്നും ബ്രാഞ്ചുകളുടെ യോഗം പോലും കൃത്യമായി നടക്കുന്നില്ലെന്നും വിമർശനം ഉയര്‍ന്നു.
