ആലപ്പുഴ: പി കൃഷ്ണപിള്ളയുടെ സ്മാരകം തകർത്തതുമായി ബന്ധപ്പെട്ട കേസിൽ പ്രതീക്ഷിച്ച വിധിയാണ് വന്നതെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. ഒരു കമ്യൂണിസ്റ്റുകാരനും കൃഷ്ണപിള്ളയുടെ സ്മാരകം തകർക്കില്ലെന്നും അത് ചെയ്തത് പാർട്ടിയുടെ വർഗ ശത്രുക്കളാണെന്നും നാസർ പറഞ്ഞു. കേസിൽ പാർട്ടിക്കാരെ പ്രതികളാക്കിയത് രമേശ് ചെന്നിത്തലയും യുഡിഎഫ് സർക്കാരുമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തിയില്ലെന്ന് പറയുന്നത് തെറ്റാണ്. പാർട്ടി തലത്തിൽ അന്വേഷണം നടന്നതാണ്. എന്നാൽ മറ്റ് കേസുകൾ പോലെയല്ല കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ്. അതുകൊണ്ടാണ് കുറ്റാരോപിതരായവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പ്രതിസ്ഥാനത്തുണ്ടായിരുന്ന എല്ലാവരും ഇപ്പോൾ നിരപരാധികളാണെന്ന് വ്യക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇവർക്ക് പാർട്ടിയിലേക്ക് തിരികെ വരുന്നതിന് തടസമില്ലെന്നും അദ്ദേഹം പറഞ്ഞു.

പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിൽ പ്രതികളെ എല്ലാം കോടതി വെറുതെ വിട്ടു. വിഎസ് അച്യുതാനന്ദന്‍റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം അടക്കമുള്ള അ‍ഞ്ച് പേരാണ് കേസിൽ പ്രതികളായിരുന്നത്. ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. പ്രതികൾക്കെതിരെ തെളിവുകളില്ലെന്ന കണ്ടെത്തലോടെയാണ് കോടതി വെറുതെ വിട്ടത്.  കെട്ടിച്ചമച്ച് ഉണ്ടാക്കിയ സാക്ഷികളും തെളിവുകളുമാണ് കേസിൽ ഉണ്ടായിരുന്നതെന്നും കോടതിയിൽ നിന്ന് നീതി കിട്ടിയതിൽ സന്തോഷം ഉണ്ടെന്നും പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നവര്‍ പ്രതികരിച്ചു. 

2013 ഒക്ടോബർ 31 ന് പുലർച്ചെയാണ് കഞ്ഞിക്കുഴി കണ്ണർകാട്ടുള്ള പി കൃഷ്ണപിള്ളയുടെ സ്മാരകം തകർത്തത്. കൃഷ്ണപിള്ള താമസിച്ച ചെല്ലിക്കണ്ടത്ത് വീടിന് തീയിടുകയും പ്രതിമ അടിച്ച് തകർക്കുകയും ചെയ്തു. സംഭവം നടന്ന് ഏഴ് വർഷം തികയുമ്പോഴാണ് ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി. ലോക്കൽ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. 2014 ഒക്ടോബറിൽ സിപിഎം പ്രവർത്തകരെ പ്രതിയാക്കി കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫിൽ ഉണ്ടായിരുന്ന ലതീഷ് ബി ചന്ദ്രനായിരുന്നു ഒന്നാംപ്രതി. കണ്ണർകാട് മുൻ ലോക്കൽ സെക്രട്ടറി പി.സാബു, സിപിഎം പ്രവർത്തകരായ ദീപു, രാജേഷ്, പ്രമോദ് എന്നിവരെയും പ്രതികളാക്കി. യുഡിഎഫ് ഭരണകാലത്തെ ക്രൈംബ്രാഞ്ച് അന്വേഷണമായിരുന്നെങ്കിലും പ്രതികളെയെല്ലാം സിപിഎം പുറത്താക്കി.

സിപിഎമ്മിലെ വിഭാഗീയതയെ തുടർന്ന് ഔദ്യോഗിക പക്ഷത്തിന് സ്മാരകം സംരക്ഷിക്കാൻ പോലും കഴിവില്ലെന്ന് വരുത്തിതീർക്കാൻ വേണ്ടിയാണ് സ്മാരകം തകർത്തതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം. ക്രിമിനൽ ഗൂഢാലോചനയടക്കം വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. പ്രതികളായ പാർട്ടി പ്രവർത്തരെ വിഎസ് അച്യുതാനന്ദൻ പിന്തുണച്ചപ്പോൾ അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ശക്തമായി എതിർത്തു. സിപിഎം വിഭാഗീയത രൂക്ഷമായകാലത്ത് കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ചയായ കേസിലാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറഞ്ഞത്.