മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലും നിലമ്പൂരിലുമായി നടന്ന രണ്ട് വ്യത്യസ്ത ലഹരി വേട്ടകളിൽ മൂന്ന് പേർ അറസ്റ്റിലായി. പണിതീരാത്ത വീട് കേന്ദ്രീകരിച്ച് വിൽപ്പന നടത്തിവന്ന സംഘത്തിൽ നിന്ന് എം.ഡി.എം.എ, എൽ.എസ്.ഡി, ഹാഷിഷ് ഓയിൽ എന്നിവ പിടികൂടി
മലപ്പുറം: എടവണ്ണപ്പാറയില്‍ പണിതീരാത്ത വീട് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കള്‍ വിൽപ്പന നടത്തി വന്ന സംഘത്തിലെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി പുളിക്കല്‍ വലിയ പറമ്പ് സ്വദേശി മലാട്ടിക്കല്‍ വീട്ടില്‍ റഷീദ് എന്ന നാടന്‍ റഷീദ് (40), വിക്കോട് എടവണ്ണപ്പാറ ചെറുവായൂര്‍ സ്വദേശി ജുനൈദ് (40) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് എം.ഡി.എം.എ, എല്‍.എസ്.ഡി, ഹാഷിഷ് ഓയില്‍ തുടങ്ങിയവ പിടികൂടിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് ജുനൈദിന്റെ വീട്ടില്‍ നിന്ന് ലഹരി വസ്തുക്കള്‍ പിടികൂടിയത്. 2024 ല്‍ കൊണ്ടോട്ടിയില്‍ 100 ഗ്രാം എം.ഡി.എം.എയും കഞ്ചാവും പിടികൂടിയ കേസിലെ പ്രധാന പ്രതിയാണ് നാടന്‍ റഷീദ്.
ഇയാളുടെ പേരില്‍ കൊണ്ടോട്ടി, മഞ്ചേരി എന്നിവിടങ്ങളില്‍ ലഹരി കേസും കരിപ്പൂര്‍, കോട്ടക്കല്‍ സ്റ്റേഷനുകളില്‍ മോഷണ കേസുകളും നിലവിലുണ്ട്. മലപ്പുറം ജില്ല പൊലീസ് മേധാവി ആര്‍.വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എ.എസ്.പി കാര്‍ത്തിക് ബാലകുമാര്‍, എസ്.ഐ ആന്റണി എന്നിവരുടെ നേതൃത്വത്തില്‍ ജില്ല ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോം ടീമാണ് പ്രതികളെ പിടികൂടിയത്.
നിലമ്പൂരിലും യുവാവ് പിടിയിൽ
നിലമ്പൂരില്‍ വില്‍പനക്കായി കൈവശം വെച്ച 4 ഗ്രാം രാസലഹരിയുമായി മമ്പാട് നടുവക്കാട് സ്വദേശി ആലിപള്ളി അഫ്സലിനെ(44) അറസ്റ്റ് ചെയ്തു. നിലമ്പൂര്‍ ഡിവൈഎസ്‌പി സാജു കെ അബ്രഹാമിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് രാത്രി പത്തോടെ അരുവാക്കോട് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഗ്രാമിന് 3500 രൂപ നിരക്കിലാണ് ഇയാൾ എം.ഡി.എം.എ വില്‍പന നടത്തിയിരുന്നത്. വിൽക്കാനും സംഘം ചേര്‍ന്ന് ഉപയോഗിക്കാനുമാണ് മയക്കുമരുന്ന് കൈവശം വെച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ബലാത്സംഗം, കഞ്ചാവ് കേസുകളില്‍ ഉള്‍പ്പെടെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഡാന്‍സാഫ് അംഗങ്ങളായ സുനില്‍ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിന്‍ ദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.


