ബംഗ്ലാദേശിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോട് മടങ്ങാൻ നിർദ്ദേശിച്ച് ഇന്ത്യ. ധാക്കയിലെ ഹൈക്കമ്മീഷനിലെയും നാല് അസിസ്റ്റന്‍റ് ഹൈക്കമ്മീഷനിലെയും ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കാണ് നിർദ്ദേശം

ദില്ലി: ബംഗ്ലാദേശിൽ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളോട് മടങ്ങാൻ നിർദ്ദേശിച്ച് ഇന്ത്യ. ധാക്കയിലെ ഹൈക്കമ്മീഷനിലെയും നാല് അസിസ്റ്റന്‍റ് ഹൈക്കമ്മീഷനിലെയും ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കാണ് നിർദ്ദേശം. എന്നാൽ നയതന്ത്ര ഉദ്യോഗസ്ഥരെ തല്ക്കാലം വെട്ടിക്കുറയ്ക്കില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ബംഗ്ലാദേശിലെ സുരക്ഷ വിലയിരുത്തിയാണ് നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോട് ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയത്.

ധാക്കയിലെ ഇന്ത്യൻ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥർക്കൊപ്പം നാലിടങ്ങളിലെ അസിസ്റ്റന്‍റ് ഹൈക്കമ്മീഷനുകൾക്കും തീരുമാനം ബാധകമാണ്. തീവ്ര നിലപാടുള്ള സംഘടനകൾ ബംഗ്ലാദേശിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ഇന്ത്യൻ ഉദ്യോഗസ്ഥർക്കും കുടുംബങ്ങൾക്കും സുരക്ഷ ഉറപ്പാക്കേണ്ട സാഹചര്യമുണ്ട്. അതിനാൽ തല്ക്കാലം കുടുംബങ്ങളോട് മടങ്ങാൻ നിർദ്ദേശിച്ചിരിക്കുകയാണ്. ഹിന്ദു ന്യൂനപക്ഷത്തിനെതിരെ ബംഗ്ലാദേശിൽ നടക്കുന്ന അക്രമത്തിൽ നേരത്തെ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചിരുന്നു. നയതന്ത്ര കാര്യാലയങ്ങളിലെ ഉദ്യോഗസ്ഥരെ ഇന്ത്യ തല്ക്കാലം വെട്ടിക്കുറക്കില്ല. നിലവിൽ പാകിസ്ഥാനിലെ ഇന്ത്യൻ നയതന്ത്ര പോസ്റ്റിംഗുകളെ നോൺ-ഫാമിലി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ബംഗ്ലാദേശിലെ നിയമനങ്ങളും സമാന സാഹചര്യത്തിലേക്ക് മാറുകയാണ്. അവാമി ലീഗ് അടക്കം എല്ലാ പാർട്ടികൾക്കും പങ്കാളിത്തം ഉള്ളതായിരിക്കണം ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പ് എന്നാണ് ഇന്ത്യയുടെ നിലപാട്.

YouTube video player