Asianet News MalayalamAsianet News Malayalam

'ടൈറ്റാനിയം കേസിൽ സിപിഎം - കോൺഗ്രസ് ഒത്തുകളി', അട്ടിമറി ശ്രമമെന്ന് ശ്രീധരൻപിള്ള

ഉമ്മൻ ചാണ്ടിയും ഇബ്രാഹിം  കുഞ്ഞുമടക്കം പ്രതിസ്ഥാനത്ത് നിൽക്കുന്നതാണ് ടൈറ്റാനിയം അഴിതിക്കേസ്. വിജിലൻസ് ശുപാർശയെ തുടർന്ന് കേസ് സിബിഐക്ക് വിടുകയാണെന്ന് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നു. 

cpm and congress conspiring to hush up titanium case alleges sreedharan pillai
Author
Thiruvananthapuram, First Published Sep 24, 2019, 12:31 PM IST

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാൻ അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. സിപിഎമ്മും കോൺഗ്രസും ഒത്തുചേർന്നാണ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് പറ‍ഞ്ഞ ശ്രീധരൻ പിള്ള അഴിതിക്കേസിൽ ഒത്തുകളി രാഷ്ട്രീയമാണ് നടക്കുന്നതെന്ന് ആരോപിക്കുന്നു. സിപിഎമ്മന്‍റെ നേതാക്കളും കേസിൽ പെടും എന്നുള്ളത് കൊണ്ടാണ് ഒളിച്ചുകളിയെന്ന് പറഞ്ഞ ബിജെപി നേതാവ് സിബിഐക്ക് കേസ് കൈമാറാനുള്ള പ്രാഥമിക നടപടി പോലും എടുത്തിട്ടില്ലെന്നും ആരോപിക്കുന്നു.  

കേസ് സിബിഐക്ക് കൈമാറുന്നുവെന്ന പ്രാഥമിക പ്രഖ്യാപനം മാത്രം നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ് ചെയ്തതെന്നാണ് ശ്രീധരൻ പിള്ളയുടെ ആരോപണം. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വി കെ ഇബ്രാഹിം കുഞ്ഞ് അടക്കമുള്ള യുഡിഎഫ് നേതാക്കൾ ആരോപണം നേരിടുന്ന കേസാണ് വിജിലൻസ് ശുപാർശയെ തുടർന്ന് സിബിഐക്ക് വിട്ടത്. ടൈറ്റാനിയം കമ്പനിയിൽ മാലിന്യ സംസ്‍കരണ പ്ലാന്‍റ് സ്ഥാപിച്ചതിൽ 256 കോടിയുടെ അഴിമതി നടന്നുവെന്നതാണ് കേസിനടിസ്ഥാനമായ ആരോപണം.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും ഇബ്രാഹിംകുഞ്ഞ് വ്യവസായ മന്ത്രിയുമായിരിക്കുമ്പോഴാണ് ടൈറ്റാനിയത്തിൽ മാലിന്യ സംസ്‍കരണ പ്ലാന്‍റ് സ്ഥാപിക്കാനുള്ള തീരുമാനം എടുത്തത്. ഫിൻലാന്‍റ് ആസ്ഥാനമായി കെമൻറോ ഇക്കോ-പ്ലാനിംഗ് എന്ന കമ്പനിയിൽ നിന്നും 256 കോടിയുടെ ഉപകരണങ്ങള്‍ വാങ്ങാനായിരുന്നു കരാർ. അഴിമതിയിൽ ഉമ്മൻചാണ്ടിക്കും അന്നത്തെ കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തലക്കും പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവായിരുന്നു രാമചന്ദ്രൻമാസ്റ്റർ ആരോപണം ഉന്നയിച്ചതോടെയാണ് കേസ് ഏറെവിവാദമായത്. 

അഴിമതി അന്വേഷിക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി ഉദ്യോഗസ്ഥരെയും കരാറുകാരും  ഉള്‍പ്പെടെ ആറുപേരെ പ്രതിയാക്കി 2014ൽ വിജിലൻസ് റിപ്പോർട്ട് നൽകി. 86 കോടിയുടെ അഴിമതി നടന്നുവെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. പ്ലാന്‍റ് സ്ഥാപിക്കാനായി ഇറക്കുമതി ചെയ്ത ഒരു ഉപകരണം പോലും സ്ഥാപിച്ചില്ലെന്നും വിജിലൻസ് കണ്ടെത്തി. 

ഒന്നാംഘട്ട പണി പൂർത്തിയാകുന്നതിന് മുമ്പേ രണ്ടാംഘട്ട നിർമ്മാണത്തിന് വേണ്ടി പണം കമ്പനിക്ക് കൈമാറിയെന്നും കണ്ടെത്തി. എന്നാൽ വിജിലനസ് റിപ്പോർട്ട് തള്ളിയ കോടതി രാഷ്ട്രീയക്കാരുടെ പങ്ക് അന്വേഷിക്കാൻ ഉത്തരവിട്ടു. വിദേശ കമ്പനി ഉള്‍പ്പെട്ട കേസായതിനാൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് വിജിലൻസ്  സർക്കാരിന് ശുപാർശ കൈമാറിയിരുന്നു. ഈ ശുപാർശ കണക്കിലെടുത്താണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്.

Follow Us:
Download App:
  • android
  • ios