Asianet News MalayalamAsianet News Malayalam

അഴിക്കുന്തോറും മുറുകുന്ന കുരുക്കോ? അൻവർ വിവാദത്തിൽ സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

സര്‍ക്കാരും പാര്‍ട്ടിയും പ്രതിസന്ധിയിലാകുന്ന സാഹചര്യം കേന്ദ്ര നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. കേരളത്തില്‍ പ്രശ്നങ്ങള്‍ തീരട്ടെയെന്നാണ് പ്രകാശ് കാരാട്ട് അടക്കമുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ആവര്‍ത്തിക്കുന്നത്.

CPM central leadership deeply dissatisfied over P V Anvar MLA controversial remarks
Author
First Published Sep 4, 2024, 7:25 PM IST | Last Updated Sep 4, 2024, 7:25 PM IST

ദില്ലി: സര്‍ക്കാരിനെ വെട്ടിലാക്കുന്ന അന്‍വര്‍ വിവാദത്തില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. തെറ്റുതിരിത്തല്‍ നടപടികള്‍ക്ക് പകരം പാര്‍ട്ടിയും, സര്‍ക്കാരും കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുന്നതില്‍ നേതൃനിരയിലാകെ അനിഷ്ടമുണ്ട്. പരാതികള്‍ മുന്‍പിലില്ലാത്തതിനാല്‍ സംസ്ഥാന ഘടകം പരിഹാരം കാണട്ടെയെന്ന നിലപാടിലാണ് തല്‍ക്കാലം കേന്ദ്ര നേതൃത്വം. 

സര്‍ക്കാരും പാര്‍ട്ടിയും പ്രതിസന്ധിയിലാകുന്ന സാഹചര്യം കേന്ദ്ര നേതൃത്വം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. കേരളത്തില്‍ പ്രശ്നങ്ങള്‍ തീരട്ടെയെന്നാണ് പ്രകാശ് കാരാട്ട് അടക്കമുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ ആവര്‍ത്തിക്കുന്നത്. കേരളത്തില്‍ നിന്നുള്ള കേന്ദ്രനേതാക്കളും കൈമലര്‍ത്തുകയാണ്. നിലവില്‍ പരാതികളൊന്നും നേതൃത്വത്തിന് മുന്‍പിലില്ല. മുഖ്യമന്ത്രിക്കും, എം വി ഗോവിന്ദനും പരാതി നല്‍കിയ പി വി അന്‍വര്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടില്ല. മുന്‍കാലങ്ങളില്‍ ഇത്തരം ഘട്ടങ്ങളില്‍ വി എസ് അച്യുതാന്ദന്‍ കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടല്‍ തേടുമായിരുന്നു. സംസ്ഥാന നേതൃത്വത്തിന്‍റെ പോക്കില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുണ്ടെങ്കിലും കേന്ദ്ര നേതൃത്വത്തെ സമീപിക്കാന്‍ പലര്‍ക്കും ധൈര്യമില്ല. 

ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ തെറ്റുതിരുത്തല്‍ നടപടികളുണ്ടാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇതിന് പകരം വിവാദങ്ങൾ ഉയരുന്നത് ഗുണം ചെയ്യില്ലെന്നാണ് കേന്ദ്ര നേതാക്കൾ കരുതുന്നത്. കേരളത്തിൽ ഒരു കാലത്ത് ഒതുക്കിയ വിഭാഗീയത തിരിച്ചു വരുന്നതിൻറെ ഭാഗമാണോ വിവാദങ്ങൾ എന്നതും കേന്ദ്ര നേതാക്കൾ നിരീക്ഷിക്കുന്നുണ്ട്. അടുത്ത കേന്ദ്രകമ്മിറ്റി യോഗം ഇ പി ജയരാജനെ മാറ്റിയതടക്കമുള്ള സാഹചര്യം ചർച്ച ചെയ്തേക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം രൂക്ഷമായപ്പോള്‍ ആരോപണ വിധേയരെ സംരക്ഷിക്കേണ്ടതില്ലെന്ന് ബൃന്ദ കാരാട്ട് നിലപാട് കടുപ്പിച്ചിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios