Asianet News MalayalamAsianet News Malayalam

CPI, CPM : സിപിഐ വിട്ട് സിപിഎമ്മില്‍ ചേര്‍ന്നയാളുടെ വീടിനുനേരേ ആക്രമണം; ചിലന്തിയാറില്‍ സംഘര്‍ഷം

സിപിഐ നേതാവിന്റെ സഹോദരനും തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഗുണ്ടാ സംഘവുമാണ് ആക്രമണം അഴിച്ചുവിട്ടത്. പ്രകോപിതരായ നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും സംഘടിച്ചെത്തി ഗുണ്ടാസംഘത്തിന്റെ ജീപ്പ് കത്തിച്ചു. തടിലോഡിങ് കരാറുകാരന്‍ കൂടിയായ സിപിഐ നേതാവിന്റെ തൊഴിലാളികളെ താമസിക്കുന്നിടത്ത് കയറി മര്‍ദിച്ചു.
 

CPM , CPI : Attack on the house of a man who left the CPI and joined the CPM
Author
Munnar, First Published Dec 8, 2021, 11:33 AM IST

മൂന്നാര്‍: വട്ടവട ചിലന്തിയാറില്‍ സിപിഐ(CPI) വിട്ട് സിപിഎമ്മില്‍ (CPM) ചേര്‍ന്നയാളുടെ വീടിന് നേരേ ഗുണ്ടാ ആക്രമണം (Gunda Attack). സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് സാരമായി പരിക്കേറ്റു. സിപിഐ നേതാവിന്റെ സഹോദരനും തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഗുണ്ടാ സംഘവുമാണ് ആക്രമണം അഴിച്ചുവിട്ടത്. പ്രകോപിതരായ നാട്ടുകാരും സിപിഎം പ്രവര്‍ത്തകരും സംഘടിച്ചെത്തി ഗുണ്ടാസംഘത്തിന്റെ ജീപ്പ് കത്തിച്ചു. തടിലോഡിങ് കരാറുകാരന്‍ കൂടിയായ സിപിഐ നേതാവിന്റെ തൊഴിലാളികളെ താമസിക്കുന്നിടത്ത് കയറി മര്‍ദിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരമുതലുണ്ടായ സംഘര്‍ങ്ങളില്‍ 11 പേര്‍ക്കാണ് പരിക്കേറ്റത്.

ചിലന്തിയാര്‍ സ്വദേശിയായ ഗണേശന്‍ മാസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് സിപിഐ നേതാവും തടി ലോഡിങ് കരാറുകാരനുമായ കരുണാകരമൂര്‍ത്തിയുമായി വൈരാഗ്യവുമുണ്ടായിരുന്നു. ലോഡ് ലോറിയില്‍ കയറ്റുന്നതിന് അമിതകൂലി വാങ്ങുന്നത് ഗണേശന്‍ എതിര്‍ത്തു. ഇതിന്റെ വാശിയിലാണ് തിങ്കളാഴ്ച കരുണാകരമൂര്‍ത്തിയുടെ തമിഴ്‌നാട്ടിലുള്ള സഹോദരന്‍ കുട്ടിയപാണ്ഡ്യനും മറ്റു മൂന്നു പേരും വാഹനത്തില്‍ ഗണേശന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്. 

ഇവരുടെ ആക്രമണത്തില്‍ ഗണേശന്‍, മാതാവ് രാജകനി, മാതൃസഹോദരിമാരിയമ്മ, സഹോദരന്‍ മനോജ് കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. വീടിന് കേടുപാടുകളും വരുത്തി. വിവരമറിഞ്ഞ് രാത്രി ദേവികുളം പൊലീസെത്തിയാണ് പരിക്കേറ്റു കിടന്നവരെ ആശുപത്രിയിലെത്തിച്ചത്. ഇതിനു ശേഷം രാത്രി 12 മണിയോടെയാണ് നാട്ടുകാര്‍ സംഘടിച്ചത്. ഇവര്‍ സിപിഐ നേതാവിന്റെ വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഗുണ്ടാ സംഘത്തിന്റെ ജീപ്പ് കത്തിച്ചു. കൂടാതെ കരുണാകര മുര്‍ത്തിയുടെ ജോലിക്കാര്‍ താമസിച്ചിരുന്ന വീട്ടിലും ആക്രമണം നടത്തി. വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന മറയൂര്‍ ഗുഹനാഥപുരം സ്വദേശികളായ വിവേക്, സുരേഷ്, ഗജേന്ദ്രന്‍, മണി, ഗോപാല്‍, ശേഖര്‍, മാരിയപ്പന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സംഘത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. മൂന്നാര്‍ ഡിവൈ.എസ്.പി കെ.ആര്‍. മനോജ്, ദേവികുളം എസ്.ഐ ജോയി ജോസഫ് എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തില്‍ കേസെടുത്തതായും തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘത്തിനായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ഏതാനും മാസങ്ങളായി വട്ടവടയില്‍ സിപിഎം-സിപിഐ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സിപിഎം മുന്‍ ഏരിയാ കമ്മിറ്റിയംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി. രാമരാജും സംഘവും സി.പി.ഐ ചേര്‍ന്നതു മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതിന്റെ തുടര്‍ച്ചയാണ് തിങ്കളാഴ്ചയുണ്ടായ സംഘര്‍ഷവും.
 

Follow Us:
Download App:
  • android
  • ios