മുകേഷിനെ സംരക്ഷിച്ച് സിപിഎം; എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന് തീരുമാനം
എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയിൽ തീരുമാനം.
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എം മുകേഷ് എംഎൽഎയെ സംരക്ഷിച്ച് സിപിഎം. എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയിൽ തീരുമാനം. രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് വ്യക്തമാക്കിയ സിപിഎം ലൈംഗികാരോപണത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ച കീഴ്‍വഴക്കം ഇല്ലെന്നും ചൂണ്ടിക്കാട്ടി.
അതേ സമയം, പരാതി രാഷ്ട്രീയപ്രേരിതമാണെന്നും ബ്ലാക്മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്യമന്ത്രിയ്ക്ക് നൽകിയ വിശദീകരണം. നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
കേസിൽ പ്രത്യേക അന്വേഷണസംഘത്തോട് സഹകരിക്കാതെയുള്ള നിലപാടാണ് മുകേഷ് എംഎൽഎയുടേത്. അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും കൊച്ചി മരടിലെ വില്ലയുടെ താക്കോൽ മുകേഷ് കൈമാറിയില്ല. ഇന്നലെ വൈകിട്ട് വില്ലയിൽ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണസംഘം മടങ്ങിപ്പോകുകയാണുണ്ടായത്.
'കാരവാനിൽ ഒളിക്യാമറ'; മലയാള സിനിമാ സെറ്റിലെ ഞെട്ടിക്കുന്ന ദുരനുഭവത്തെ കുറിച്ച് നടി രാധിക ശരത്കുമാർ