Asianet News MalayalamAsianet News Malayalam

കലോത്സവ സ്വാഗത ഗാനത്തിലെ വിവാദ ചിത്രീകരണം; നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്

ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർത്ഥത്തിൽ എൽഡിഎഫ് സർക്കാരും കേരളീയ സമൂഹവും ഉയർത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്ന് സിപിഎം

CPM Dist Secretariat on Kalolsavam Welcome song controversy
Author
First Published Jan 10, 2023, 8:45 AM IST

കോഴിക്കോട് : കലോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സ്വാഗതഗാനത്തിന്റെ ഭാഗമായ ദൃശ്യാവിഷ്ക്കാരം വിവാദമായതിന് പിന്നാലെ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ്. ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്ലീം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർത്ഥത്തിൽ എൽഡിഎഫ് സർക്കാരും കേരളീയ സമൂഹവും ഉയർത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്നും  സിപിഎമ്മിന്റെ പ്രസ്താവനയിൽ പറയുന്നു. തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ടെന്നും നടപടികൾ സ്വീകരിക്കണമെന്നുമാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിന്റെ ആവശ്യം. 

സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാനത്തിനെതിരെ മുസ്ലിം ലീ​ഗ് രം​ഗത്തെത്തിയിരുന്നു. മുസ്ലിം വേഷധാരിയെ തീവ്രവാദിയാക്കി ചിത്രീകരിച്ചെന്നാണ് ആക്ഷേപം. മുജാഹിദ് സമ്മേളനത്തിൽ മുസ്ലീം സമുദായത്തിന് വേണ്ടി സംസാരിച്ച് മുഖ്യമന്ത്രി കയ്യടി വാങ്ങി. ഇതേ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മുസ്ലിം സമുദായത്തെ തീവ്രവാദിയാക്കി എന്ന് മുൻ വി​ദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് ആരോപിച്ചു. സ്വാഗതഗാനം തയ്യാറാക്കിയതിൽ  സൂക്ഷ്മതയുണ്ടായില്ലെന്നുമാണ് ആരോപണം. 

സാഹോദര്യവും മതമൈത്രിയും ദേശസ്നേഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തിൽ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചത് യാദൃച്ഛികമല്ലെന്ന് വ്യക്തമാണെന്നായിരുന്നു കെപിഎ മജീദിന്റെ വിമർശനം. ഭരണകൂടം തന്നെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അവതരിപ്പിക്കുന്ന സമകാലീന ഇന്ത്യയിൽ ഈ ചിത്രം ഇളംമനസ്സുകളിൽ സൃഷ്ടിക്കുന്ന വിസ്‌ഫോടനം വലുതായിരിക്കും. മൈതാനം കാണുമ്പോൾ കയ്യടിക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും കാഴ്ചക്കാരായി ഇരിക്കുമ്പോഴാണ് ഈ സംഗീത ശിൽപം അവതരിപ്പിക്കപ്പെട്ടതെന്നും മജീദ് കുറ്റപ്പെടുത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios