കൊല്ലം ജില്ലയിൽ ഏഴ് മുതൽ ഒമ്പത് മണ്ഡലങ്ങളിൽ വരെ വിജയ സാധ്യത ഉറപ്പിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. കൊട്ടാരക്കരയിലും പത്തനാപുരത്തും അഞ്ചക്ക ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ

കൊല്ലം: കൊല്ലം ജില്ലയിൽ ഏഴ് മുതൽ ഒമ്പത് മണ്ഡലങ്ങളിൽ വരെ വിജയ സാധ്യത ഉറപ്പിച്ച് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. കൊട്ടാരക്കരയിലും പത്തനാപുരത്തും അഞ്ചക്ക ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. കൊല്ലം മണ്ഡലത്തിൽ 3000 - 5000നും ഇടയിലെ ഭൂരിപക്ഷത്തിൽ ജയം ഉണ്ടാകുമെന്നാണ് ഉറപ്പിക്കുന്നത്. ചവറയിലും കുന്നത്തൂരും ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. ചടയമംഗലത്ത് ജയിക്കുമെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം, പുനലൂരിൽ വൻ ഭൂരിപക്ഷത്തിൽ ജയം ഉറപ്പിക്കുന്നുണ്ട്. കുണ്ടറയിലും കരുനാഗപ്പള്ളിയിലും യുഡിഎഫിൻ്റെ ഭൂരിപക്ഷം കുറയ്ക്കുമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിൽ വിലയിരുത്തുന്നത്.

കോഴിക്കോട് ജില്ലയിൽ സിപിഎം കണക്കിൽ വിജയ സാധ്യത നാല് മണ്ഡലങ്ങളിൽ മാത്രമാണ് ഉള്ളത്. ബേപ്പൂർ, ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, എലത്തൂർ എന്നീ നാല് മണ്ഡലങ്ങളിൽ മാത്രമാണ് സിപിഎം ജയം ഉറപ്പിക്കുന്നത്. അഞ്ചു മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമെന്നാണ് സിപിഎം വിലയിരുത്തൽ. വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത്, നാദാപുരം എന്നീ നാലു മണ്ഡലങ്ങളിൽ തോൽക്കും എന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തൽ.

അതേസമയം പാലക്കാട് ജില്ലയിലെ സിറ്റിംഗ് സീറ്റുകൾ നിലനിർത്തുമെന്നും പത്ത് മണ്ഡലങ്ങളിലും ജയം ഉറപ്പാണെന്നും സി പി എം ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തുന്നു. മന്ത്രി എം ബി രാജേഷും മുൻ എം എൽ എ വി ടി ബൽറാമും തമ്മിൽ ശക്തമായ പോരാട്ടം നടന്ന തൃത്താലയിൽ വിജയം ഉറപ്പാണെന്ന് പാർട്ടി കണക്കുകൂട്ടുന്നു. എന്നാൽ പാലക്കാട്, മണ്ണാർക്കാട് മണ്ഡലങ്ങൾ തിരിച്ചുപിടിക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ പാർട്ടിക്ക് സംശയമുണ്ട്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming