മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ എസ്.എഫ്.ഐ പ്രതിഷേധത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ സി.പി.ഐ.എം രംഗത്ത്. വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന മന്ത്രി നാടകത്തെപ്പോലും ഭയപ്പെടുന്നുവെന്ന് സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ് കുറ്റപ്പെടുത്തി.
എറണാകുളം: മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ എസ്എഫ്ഐ പ്രതിഷേധത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ്. വിദ്യാർത്ഥികളുടെ ഭാവി തകർക്കുന്ന മന്ത്രിയായി റോജി എം. ജോൺ മാറുന്നുവെന്നും, കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നാടകത്തെപ്പോലും ഭയപ്പെടുന്ന ആളായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേടായ ലൈറ്റുകൾ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ സർഗാത്മകമായ പ്രതീകാത്മക നാടകാവതരണത്തെ ആർ.എസ്.എസ് കാരനായ പി.ആർ.ഒ വളച്ചൊടിക്കുകയായിരുന്നു. ആ നാടകത്തിന്റെ വസ്തുത സമൂഹത്തിന് നേരത്തെ ബോധ്യപ്പെട്ടതാണ്. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതിനെ മന്ത്രി ന്യായീകരിക്കുകയാണ്. സസ്പെൻഷനിലുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതി ഉത്തരവ് നൽകിയിട്ടും പരീക്ഷാ ഫീസ് അടക്കാൻ ക്യാമ്പസിൽ എത്തിയ വിദ്യാർത്ഥികളെ അകത്തുകയറ്റാൻ തയ്യാറായില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഇത് അപരിഷ്കൃതമായ സമരമായി തോന്നുന്നത് കഷ്ടമാണ്.
ജനാധിപത്യപരമായ ചോദ്യങ്ങൾ ഉന്നയിക്കുന്ന വിദ്യാർത്ഥികളെ റോജി എം. ജോൺ അടിച്ചമർത്തുകയാണ്. അസ്വസ്ഥമായ മനോഭാവത്തോടെയാണ് മന്ത്രി പ്രതിഷേധങ്ങളെ കാണുന്നത്. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തുമെന്നാണ് പറയുന്നത്. പ്രിൻസിപ്പാളിന്റെ മൊഴി പോലും തിരുത്തിച്ചു. ഒരു പരിഷ്കൃത മന്ത്രിയുടെ സ്വഭാവമായിരുന്നു റോജി എം. ജോൺ കാണിക്കേണ്ടിയിരുന്നത്.
രാഷ്ട്രീയ പകപോക്കലിന് മന്ത്രി ഇറങ്ങരുതെന്ന് വി.ഡി. സതീഷിനെയും നരേന്ദ്ര മോദിയെയും പരാമർശിച്ച് സതീഷ് പറഞ്ഞു. യുവമോർച്ച, ആർ.എസ്.എസ് പ്രവർത്തകർ മന്ത്രിമാരെ വഴിയിൽ തടഞ്ഞു നിർത്തിയപ്പോൾ അവരോട് ക്ഷമിച്ചു എന്ന് പറഞ്ഞ യു.ഡി.എഫ് മന്ത്രിമാർ, പഠിക്കാനും പരീക്ഷയെഴുതാനുമുള്ള ആവശ്യങ്ങൾ മുന്നോട്ടുവെക്കുമ്പോൾ അത് അപരിഷ്കൃതമാണെന്ന് പറയുന്നു. മോദിയും വീ.ഡി-യും ഒരേപോലെയാണെന്ന് വിദ്യാർത്ഥി വേട്ടയുടെ കാര്യത്തിലും തെളിയുകയാണ്. വിദ്യാർത്ഥികൾക്ക് പറയാനുള്ളത് കേൾക്കാൻ മന്ത്രി തയ്യാറാകണമായിരുന്നു.
മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെയുണ്ടായ എസ്.എഫ്.ഐ പ്രതിഷേധത്തിൽ രൂക്ഷവിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ നേരത്തെ രംഗത്തെത്തിയിരുന്നു. അച്ചടക്കം പാലിക്കേണ്ട ചടങ്ങ് അലങ്കോലപ്പെടുത്തിയത് എങ്ങനെയെങ്കിലും പ്രശ്നം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും, ചടങ്ങിന് ശേഷം സംസാരിക്കാമെന്ന് അറിയിച്ചിട്ടും ബഹളം വെക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാഹുൽ ഗാന്ധിയുടെ സ്കൂളിൽ പഠിച്ചുവന്ന തങ്ങൾ ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷമാണ് വേദിയിൽ നിന്ന് ഇറങ്ങിയതെന്നും, സമരം ചെയ്യുന്നവരെ തല്ലിച്ചതയ്ക്കുന്ന പിണറായി വിജയന്റെ കാലമല്ല യു.ഡി.എഫിന്റേതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചിരുന്നു.






