സിപിഎം നേതാവിൻ്റെ ഭാഗത്തുനിന്ന് അങ്ങനെയൊരു ഭീഷണി വരാൻ പാടില്ലാത്തതാണെന്ന് ഇൻ എൻ സുരേഷ് ബാബു പറഞ്ഞു. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ആരോട് എങ്ങനെയൊക്കെയാണ് സംസാരിക്കേണ്ടതെന്നും ജാഗ്രതയോടെയും പെരുമാറേണ്ടതെന്നെതിനെ കുറിച്ചും വ്യക്തത വേണം.
പാലക്കാട്: സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സിപിഎം ഏരിയാസെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി പാലക്കാട് ജില്ലാ സെകെട്ടറി ഇഎൻ സുരേഷ് ബാബു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം കാര്യങ്ങളിൽ നേതാക്കൾ ജാഗ്രതപാലിക്കണമെന്ന് ഇഎൻ സുരേഷ് ബാബു പറഞ്ഞു. വിഷയത്തിൽ വസ്തുത പരിശോധിക്കുമെന്നും ജില്ലാസെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു. ഭീഷണി മുഴക്കിയ അഗളി ലോക്കൽ സെക്രട്ടറിയെ തള്ളിയാണ് സിപിഎം നേതൃത്വത്തിൻ്റെ പ്രതികരണം. അട്ടപ്പാടിയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സിപിഎം ഏരിയ സെക്രട്ടറിയെ ആണ് സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയത്.
സിപിഐയുമായി സൗഹൃദത്തിലാണ് പോകുന്നത്. എല്ലാ തരത്തിലുളള വിട്ടു വീഴ്ച ചെയ്തും മണ്ണൂരിലും ഒരു മുന്നണിയായി പോകാനാണ് ആഗ്രഹം. ചില ആളുകളുടെ പിടിവാശി മൂലമാണ് മണ്ണൂരിൽ അത് നടക്കാത്തത്. ചിറ്റൂരിൽ പ്രശ്നങ്ങളില്ല, ചർച്ച ചെയ്ത് പരിഹരിക്കും. മറ്റിടങ്ങളിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ നടക്കുകയാണ്. പികെ ശശി വിഷയത്തിൽ ഒന്നും പറയാനില്ല. തെരഞ്ഞെടുപ്പാണ് മത്സരിക്കേണ്ടവർക്ക് മത്സരിക്കാം, അതാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യമെന്നും സുരേഷ് ബാബു പറഞ്ഞു.
പാലക്കാട് അട്ടപ്പാടി അഗളി പഞ്ചായത്തിലെ 18ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ സിപിഎം മുൻ ഏരിയ സെക്രട്ടറി വിആര്‍ രാമകൃഷ്ണനെയാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സിപിഎം അഗളി ലോക്കൽ സെക്രട്ടറി എൻ ജംഷീർ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുന്നിന്‍റെ സംഭാഷണം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇന്നലെ രാത്രിയാണ് ജംഷീര്‍ രാമകൃഷ്ണനെ വിളിച്ച് ഭീഷണി മുഴക്കിയത്. നാമനിര്‍ദേശ പത്രിക പിൻവലിച്ചില്ലെങ്കിൽ തട്ടിക്കളയുമെന്നും പാര്‍ട്ടിക്കെതിരെ മത്സരിച്ചാൽ കൊല്ലേണ്ടിവരുമെന്നുമാണ് സംഭാഷണത്തിൽ പറയുന്നത്. മത്സരിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിന് സാധ്യമല്ലെന്നാണ് രാമകൃഷ്ണൻ പറയുന്നത്. തുടര്‍ന്ന് ഞങ്ങള്‍ക്ക് തന്നെ നിങ്ങളെ കൊല്ലേണ്ടിവരുമെന്നാണ് ജംഷീര്‍ പറയുന്നത്.
നിങ്ങള്‍ എന്തുവേണമെങ്കിലും ചെയ്തോളുവെന്നും പത്രിക പിൻവലിക്കില്ലെന്നും എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും രാമകൃഷ്ണൻ ചോദിച്ചു. അപ്പോഴാണ് തട്ടിക്കളയേണ്ടിവരുമെന്ന് ജംഷീര്‍ മറുപടി പറയുന്നത്. അതേസമയം, പത്രിക പിൻവലിക്കില്ലെന്നും അഴിമതിയും കൊള്ളരുതായ്മയും ആണ് അട്ടപ്പാടിയിൽ നടക്കുന്നതെന്നും അതിനെതിരെ പോരാടാനാണ് തീരുമാനമെന്നും വി ആർ രാമകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, ആരോപണം ജംഷീര്‍ നിഷേധിച്ചിട്ടില്ല. 42 വര്‍ഷമായി പാര്‍ട്ടി അംഗമായ രാമകൃഷ്ണൻ അട്ടപ്പാടിയിലെ പാര്‍ട്ടിയിലെ കൊള്ളരുതായ്മ ചൂണ്ടികാണിച്ചാണ് സ്വതന്ത്രനായി മത്സരിക്കുന്നത്. രാമകൃഷ്ണൻ ഇപ്പോഴും പാര്‍ട്ടി അംഗമാണ്. അതേസമയം, അവര്‍ ഇരുവരും സുഹൃത്തുക്കളാണെന്നും നല്ല ബന്ധമാണെന്നും ആ തരത്തിൽ തമാശയായി സംസാരിച്ചതെന്നുമാണ് സിപിഎം അട്ടപ്പാടി ഏരിയ സെക്രട്ടറി എ പരമേശ്വരന്‍റെ വിശദീകരണം.



