പയ്യന്നൂരിലെ സി പി എം കോട്ടയിൽ വിമത സ്ഥാനാർത്ഥി വി കുഞ്ഞികൃഷ്ണൻ വലിയ വെല്ലുവിളി ഉയർത്തുന്നു. യു ഡി എഫ് പിന്തുണയോടെ മത്സരിക്കുന്ന അദ്ദേഹം ഇടത് വോട്ടുകളിൽ വിള്ളലുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ, വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടുന്ന എതിരാളിയായ സിറ്റിംഗ് എം എൽ എ ടി ഐ മധുസൂദനൻ വലിയ വിജയമെന്ന ആത്മവിശ്വാസത്തിലാണ്

കണ്ണൂർ: പയ്യന്നൂരിലെ പാര്‍ട്ടി കോട്ടകളില്‍ ഇന്നുവരെയില്ലാത്ത രാഷ്ട്രീയ വെല്ലുവിളിയാണ് ഇക്കുറി സി പി എം നേരിടുന്നത്. യു ഡി എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണന്‍ ഇടത് വോട്ടുകളില്‍ കാര്യമായ വിള്ളലുണ്ടാക്കുമെന്നാണ് ആശങ്ക. ഉയര്‍ന്ന ഭൂരിപക്ഷം നല്‍കുന്ന ആത്മവിശ്വാസത്തിനും സി പി എമ്മില്‍ ഇളക്കം തട്ടിയിട്ടുണ്ടെന്ന് വ്യക്തമാണ്. പുറത്ത് വലിയ ആരവങ്ങളില്ലാതെ വീടുവീടാന്തരം കയറി, വോട്ടുറപ്പിക്കുന്നു വി കുഞ്ഞികൃഷ്ണന്‍. എന്തിന് മത്സരിക്കുന്നുവെന്നും എതിരാളി എന്തിന് തോല്‍ക്കണമെന്നും പറഞ്ഞുകഴിഞ്ഞു. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഉള്‍പ്പടെ താന്‍ പുറത്തുവിട്ട കണക്കുകളിലും കാര്യങ്ങളിലും പയ്യന്നൂരിലെ വോട്ടര്‍മാര്‍ക്ക് വ്യക്തത ഉണ്ടെന്നാണ് സ്ഥാനാര്‍ഥിയുടെ പക്ഷം. അന്‍പതിനായിരത്തിനടുത്ത് ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ഒന്നും സംഭവിക്കില്ലെന്നാണ് സി പി എം പുറമെ പറയുന്നത്. ഇന്നുവരെ ഈ മണ്ഡലത്തില്‍ തോറ്റിട്ടില്ലെന്ന ചരിത്രവും ധൈര്യം പകരുന്നു. അരലക്ഷത്തിനടുത്ത് ഭൂരിപക്ഷമെന്നത് പഴയ കണക്കാണെന്നും ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ കണക്കെടുത്താല്‍ പതിവൂമായിരം വോട്ടിന്‍റെ മാത്രം വ്യത്യാസമേയുള്ളൂവെന്നും സ്വതന്ത്ര സ്ഥാനാര്‍ഥി വി കുഞ്ഞികൃഷ്ണന്‍ പറയുന്നു. അത്രയും വോട്ട് മറിക്കാനുള്ള ശേഷി പഴയ ഏരിയാ സെക്രട്ടറിക്കുണ്ടെന്നാണ് അനുയായികളും പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വലിയ വിജയം ഉറപ്പെന്ന് മധുസൂദനൻ

മറുവശത്ത് ജയം ഉറപ്പെന്നാണ് എൽ ഡി എഫ് സ്ഥാനാർഥിയായ ടി ഐ മധുസൂദനൻ പറയുന്നത്. കുഞ്ഞികൃഷ്ണന്‍റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പാർട്ടി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ അടക്കം വോട്ടായി മാറുമ്പോൾ വലിയ വിജയം തന്നെയുണ്ടാകുമെന്നും സിറ്റിംഗ് എം എൽ എക്ക് സംശയമില്ല. അതേസമയം ഇരുസ്ഥാനാര്‍ഥികൾക്കും വലിയ ആശ്വാസം, മത്സരിക്കാൻ അപരമാര്‍ ഇല്ല എന്നതാണ്. ഒരു സ്വതന്ത്രന്‍ ഉള്‍പ്പടെ ആകെ സ്ഥാനാര്‍ഥികള്‍ നാലുപേര്‍ മാത്രമാണ്. അതിനാല്‍തന്നെ ഓരോ വോട്ടും അത്രയേറെ വിലപ്പെട്ടതാണ് പയ്യന്നൂരിൽ. പൊലീസ് സുരക്ഷയിലാണ് വി കുഞ്ഞികൃഷ്ണന്‍റെ പ്രചാരണം.