വ്യക്തി കേന്ദ്രീകൃതമല്ല സിപിഎം എന്നും ടീം എന്ന നിലയിലാണ് പാർട്ടിയുടെ കെട്ടുറപ്പെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടിയെ സംബന്ധിച്ചിടത്തോളം പലതരം തിരിച്ചടിയിൽ നിന്നും തിരിച്ചുവന്ന സംസ്ഥാനമാണ് കേരളമെന്ന് എംഎ ബേബി
തിരുവനന്തപുരം: വ്യക്തി കേന്ദ്രീകൃതമല്ല സിപിഎം എന്നും ടീം എന്ന നിലയിലാണ് പാർട്ടിയുടെ കെട്ടുറപ്പെന്നും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടിയെ സംബന്ധിച്ചിടത്തോളം പലതരം തിരിച്ചടിയിൽ നിന്നും തിരിച്ചുവന്ന സംസ്ഥാനമാണ് കേരളമെന്ന് എംഎ ബേബി പറഞ്ഞു. തെരഞ്ഞെടുിപ്പുകളിൽ ജയിക്കുക എന്നത് പ്രധാനമാണ്. എന്നാൽ ജനങ്ങളുമായുള്ള ബന്ധം മുറിഞ്ഞുപോവാതെ സൂക്ഷിക്കണം. ഇപ്പോൾ അതിൽ കുറവുകൾ സംഭവിച്ചിട്ടുണ്ടെന്നും എംഎ ബേബി പറഞ്ഞു. തിരുവോണ ദിനത്തിൽ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിക്കുള്ളിൽ ചില വിഭാഗീത പ്രവണതകൾ നേരത്തെയുണ്ടായിരുന്നു. അത് അഖിലേന്ത്യാ നേതൃത്വത്തിൻ്റെ സഹായത്തോടെ പൂർണമായും തുടച്ചുനീക്കി. വിഭാഗീത പ്രശ്നം ഇനി പാർട്ടിക്കുള്ളിൽ ആവർത്തിക്കില്ല. എന്ത് തീരുമാനമെടുത്താലും ഒറ്റക്കെട്ടായി എടുക്കുന്ന തീരുമാനമായിരിക്കും. പാർട്ടിയുടെ നേതൃത്വത്തിൽ ഒരു സംസ്ഥാനവും ഇല്ല. പാർട്ടി പ്രതിസന്ധി നേരിടുന്ന ഘട്ടമാണിത്. ഈ സന്ദർഭത്തിൽ എല്ലാവരേയും ചേർത്തുപിടിച്ച് മുന്നോട്ട് കൊണ്ടുപോയാലേ പാർട്ടിയിൽ ഇല്ലാത്തവരുടേയും പിന്തുണ ലഭിക്കൂ. അതിനുള്ള ശ്രമങ്ങൾ കൂടെ നടത്തിവരികയാണെന്നും എംഎ ബേബി പറഞ്ഞു.


