തിരുവനന്തപുരം: സര്‍ക്കാരിനെ പ്രതിരോധിച്ച് നവമാധ്യമങ്ങളില്‍ രംഗത്തിറങ്ങാന്‍ എംഎല്‍എമാര്‍ക്ക് സിപിഎം നിര്‍ദേശം. സിപിഎം പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് നിര്‍ദേശം. ശിവശങ്കറിനെ കയ്യൊഴിഞ്ഞ് സര്‍ക്കാരിനെ പിന്തുണയ്ക്കാനാണ് എംഎല്‍എമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. സർക്കാരിന്‍റെ പ്രധാന പദ്ധതിയായ ലൈഫ് മിഷനിൽ നടന്ന കോടിക്കണക്കിന് രൂപയുടെ കമ്മീഷൻ ഇടപാടുകൾ പുറത്തുവരുമ്പോൾ ഇതിലെ പ്രതിരോധവും തദ്ദേശ തെരഞ്ഞെടുപ്പ് തയ്യാറാടെുപ്പുമാണ് പ്രധാന ചർച്ചവിഷയങ്ങൾ. സ്വർണ്ണക്കടത്തിന് പിന്നാലെ ലൈഫ് കമ്മീഷനും നാണക്കേടായതോടെ എം ശിവശങ്കറിനെ പൂർണ്ണമായി കയ്യൊഴിഞ്ഞ് മുഖം രക്ഷിക്കാനാണ് സിപിഎം നീക്കം.

യുണിടാക്ക് നാലരക്കോടിയോളം രൂപ കമ്മീഷൻ നൽകിയെന്ന വിവരങ്ങൾ പുറത്തുവരുമ്പോൾ സർക്കാർ തലത്തിൽ അന്വേഷണം വേണോ എന്നതും യോഗത്തിൽ ചർച്ചയാകും. വിമാനത്താവള സ്വകാര്യവത്ക്കരണത്തിനെതിരായ പ്രതിഷേധം എങ്ങനെ വേണമെന്നതും യോഗം ചർച്ച ചെയ്തേക്കും.