Asianet News MalayalamAsianet News Malayalam

ആരോപണങ്ങൾ തള്ളി എ സി മൊയ്തീൻ; കരുവന്നൂരിൽ വിയർത്ത് സിപിഎം, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം

തട്ടിപ്പിൽ ഉൾപ്പെട്ട പാ‍ർട്ടിക്കാർക്കെതിരെ നടപടിയെടുത്ത് വിമർശനങ്ങളെ ചെറുക്കാനാണ് സിപിഎം നീക്കം. സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് നാളെ അടിയന്തിര ജില്ലാ സെക്രട്ടറിയേറ്റ് ചേരുന്നത്. 

cpm in defense in karuvannur bank scam a c moitheen refutes allegations against him
Author
Thrissur, First Published Jul 24, 2021, 2:53 PM IST
  • Facebook
  • Twitter
  • Whatsapp

തൃശ്ശൂ‌‌‌‍ർ: കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട ബിജെപിയുടെ ആരോപണങ്ങൾ തള്ളി എ സി മൊയ്‌തീൻ. തന്റെ ഒരു ബന്ധുവും കരുവന്നൂർ സഹകരണ ബാങ്കിൽ ഇല്ലെന്നും മുൻ ബ്രാഞ്ച് മാനേജർ ബിജു കരീമിനെ അറിയില്ലെന്നും മൊയ്തീൻ പറഞ്ഞു. ബിജെപി കാടടച്ചു വെടി വെക്കുകയാണെന്നാണ് മുൻ മന്ത്രിയുടെ ആരോപണം. ഏതെങ്കിലും പരിപാടിയിൽ വച്ച് കണ്ടിട്ടുണ്ടോ എന്ന് അറിയില്ലെന്ന് പറഞ്ഞ മൊയ്തീൻ കരുവന്നൂർ തട്ടിപ്പിൽ പാർട്ടി പ്രതിരോധത്തതിലല്ലെന്ന് അവകാശപ്പെട്ടു. 

കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകും എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്ന് മൊയ്തീൻ ഓർമ്മിപ്പിച്ചു. എ വിജയരാഘവനും എ സി മൊയ്തീനും തട്ടിപ്പിനെ കുറിച്ച് അറിവുണ്ടായിരുന്നുവെന്നും പ്രൊഫസർ ബിന്ദു മത്സരിച്ച മണ്ഡലത്തിൽ തട്ടിപ്പ് പണം ഉപയോഗിച്ചെന്നുമായിരുന്നു ബിജെപി സംസ്ഥാന പ്രസിഡണ്ടിന്റെ ആരോപണം. 

മൊയ്തീൻ ശക്തമായി നിഷേധിക്കുന്നതിനിടെ ബിജു കരീമിൻ്റെയൊപ്പമുള്ള മൊയ്തീന്‍റെ ചിത്രം പുറത്ത് വന്നു. ബാങ്ക് തട്ടിപ്പ് പ്രതികളുടെ ഭാര്യമാർക്ക് ‌പങ്കാളിത്തമുള്ള സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തത് അന്ന് മന്ത്രിയായിരുന്ന എ സി മൊയ്തീനാണ്. ഉദ്ഘാടന ചടങ്ങിൽ മന്ത്രിക്കൊപ്പം ബിജു കരീമും ഉണ്ടായിരുനന്നു. 2019 ജനുവരി 20 നാണ് ഈ സൂപ്പ‌‌ർമാ‌ർക്കറ്റ് ഉദ്ഘാടനം ചെയ്തത്. നടവരമ്പ് ഷീ ഷോപ്പി എന്ന സൂപ്പർ മാർക്കറ്റിൽ ബിജു കരീമിൻ്റെയും സി കെ ജിൽസിൻ്റെയും ഭാര്യമാർക്കും പങ്കാളിത്തമുണ്ട്. 

cpm in defense in karuvannur bank scam a c moitheen refutes allegations against him

സൂപ്പർമാർക്കറ്റ് ഉദ്ഘാടനത്തിൽ പങ്കെടുത്തിരുന്നതായി സ്ഥിരീകരിച്ച എ സി മൊയ്തീൻ അന്ന് സ്ഥലം എംഎൽഎയും മറ്റ് രാഷ്ട്രീയ പാ‌ർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നതായി വിശദീകരിച്ചു. 

പ്രതിരോധിക്കാൻ സിപിഎം നീക്കം

സിപിഎം കടുത്ത പ്രതിരോധത്തിലായിരിക്കെ തട്ടിപ്പ് നടത്തിയ അംഗങ്ങൾക്കെതിരെ നടപടിയെടുക്കാൻ നാളെ തൃശ്ശൂരിൽ അടിയന്തിര സെക്രട്ടറിയേറ്റ് യോഗം ചേരും. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പ്രതിപക്ഷം സിബിഐ അന്വേഷണമാണ് ആവശ്യപ്പെടുന്നത്. 

വൃത്തികേടിൻ്റെ പങ്ക് പറ്റുന്ന പാ‍ർട്ടിയില്ല സിപിഎം എന്ന മുഖ്യമന്ത്രിയുടെ പ്രതിരോധനീക്കമെല്ലാം തള്ളിയാണ് പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നത്. പാർട്ടിക്കാർക്ക് പങ്കുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും സിപിഎമ്മിൻ്റെ നിലപാടിൽ ഒട്ടും തൃപ്തരല്ല യുഡിഎഫ്. 

ഇപ്പോൾ നടക്കുന്ന അന്വേഷണം പ്രഹസനം മാത്രമാണെന്നും സിപിഎം അറിഞ്ഞിട്ടും തട്ടിപ്പ് മൂന്നു വർഷം മൂടിവച്ചുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മാധ്യമങ്ങളിലൂടെ തട്ടിപ്പ് വാർത്ത പൂറത്തുവന്നതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നും സിപിഎം ഭരിക്കുന്ന ബാങ്കിലെ കോടികളുടെ തട്ടിപ്പിന്റെ വിവരം നേരത്തെ പാർട്ടി അറിഞ്ഞിട്ടും മൂടി വെക്കുകയായിരുന്നുവെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തുന്നു.

സംസ്ഥാന ആക്ടിംഗ് സെക്രട്ടറി അടക്കമുള്ള സിപിഎം നേതാക്കൾക്കെ‌തിരെ ഗുരുതര ആരോപണമാണ് ബിജെപി ഉന്നയിക്കുന്നത്. കൊടകര കുഴൽപ്പണക്കേസിൽ കുടുങ്ങിയ ബിജെപി കരുവന്നൂർ ബാങ്കിൽ നിന്നും തട്ടിച്ച പണം സിപിഎം നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്ന ആക്ഷേപവും ഉയർത്തുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാനും സിബിഐ അന്വേഷണത്തിന് കോടതിയെ സമീപിക്കാനുമാണ് ബിജെപി തീരുമാനം. 

തട്ടിപ്പിൽ ഉൾപ്പെട്ട പാ‍ർട്ടിക്കാർക്കെതിരെ നടപടിയെടുത്ത് വിമർശനങ്ങളെ ചെറുക്കാനാണ് സിപിഎം നീക്കം. സംസ്ഥാന നേതൃത്വത്തിൻ്റെ നിർദ്ദേശപ്രകാരമാണ് നാളെ അടിയന്തിര ജില്ലാ സെക്രട്ടറിയേറ്റ് ചേരുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios