തെരഞ്ഞെടുപ്പ് തോൽവിക്ക് പരസ്യശാസന നേരിടുന്ന ആദ്യസംസ്ഥാനസെക്രട്ടറിയാണ് എം വി ​ഗോവിന്ദൻ, പുതിയ ജലവൈദ്യുതി പദ്ധതികളെ എതിർത്തതിനാണ് സംസ്ഥാനസെക്രട്ടറിയായിരിക്കെ വി എസ് നടപടി നേരിട്ടത്.

സംസ്ഥാനസെക്രട്ടറിയായിരിക്കെ നടപടി നേരിടുന്ന ആദ്യ ആളല്ല എം വി ഗോവിന്ദൻ. വി എസും പിണറായിയും പാർട്ടി നടപടി നേരിട്ടിട്ടുണ്ട്. പാർട്ടിക്കുള്ളിലെ ശാസന, പരസ്യശാസന, സസ്പെൻഷൻ, തരം താഴ്ത്തൽ, പുറത്താക്കൽ പല തരത്തിലാണ് പാർട്ടിയുടെ നടപടി.

ശാസന ആദ്യം നേരിട്ടത് വി എസ്

1988 ൽ പാ‍ർട്ടി സംസ്ഥാനസെക്രട്ടറിയായിരുന്ന വി എസ് ആണ് സെക്രട്ടറിയായിരിക്കെ ശാസന നേരിട്ട ആദ്യ സെക്രട്ടറി. പൂയംകൂട്ടി ജലവൈദ്യുതി, സൈലൻ്റ് വാലി, ഒപ്പം ന്യൂക്ലിയർ പദ്ധതികളെ എതിർത്ത ശാസ്ത്ര സാഹിത്യ പരിഷത്ത് നിലപാടിന് പിന്തുണ നൽകിയതിനായിരുന്നു ശാസന. വൈദ്യുതി പ്രതിസന്ധി പരിഹാരിക്കാൻ കൂടുതൽ ജലവൈദ്യുത പദ്ധതികൾ വേണമെന്നായിരുന്നു നായനാർ സർക്കാ‍‍‍ർ നിലപാട്. ആണവോർജ സാധ്യതകൾ പരിശോധിക്കാനും അന്നത്തെ സർക്കാർ തയാറായിരുന്നു. എന്നാൽ പാർട്ടിക്കുള്ളിൽ വി എസിൻ്റെ ശാസന നിന്നു. അതായത് പരസ്യ ശാസന അല്ലായിരുന്നു അത്.

2007ലെ പരസ്യയുദ്ധം

വി എസ് അച്യുതാനന്ദനും പിണറായും തമ്മിൽ വിഭാ​ഗീയത ശക്തമായപ്പോഴാണ് മറ്റൊരു പരസ്യ ശാസന. 2007ൽ മുഖ്യമന്ത്രിയായിരുന്ന വി എസും സംസ്ഥാനസെക്രട്ടറി പിണറായി വിജയനും തമ്മിൽ മുൻപൊന്നും കാണാത്ത വിധത്തിൽ പരസ്യ ഏറ്റമു‌ട്ടൽ നടന്നു. മാധ്യമസിൻഡിക്കേറ്റ് എന്ന് ആക്ഷേപിക്കുന്നവർ തന്നെ ഇതിനെ ആശ്രയിക്കുന്നുവെന്ന് വി എസ്, ഒരു പോളിറ്റ് ബ്യൂറോ അം​ഗത്തെ മറ്റൊരം​ഗം സംശയത്തിൻ്റെ നിഴലിൽ നിർത്തരുതെന്ന് പിണറായി. ഇത് അദ്ദേഹത്തിനും ബാധകമെന്ന് വി എസ്. വിവാദമൂലയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവനകളും മറുപടിയും കൈവിട്ട് പോയപ്പോൾ സംസ്ഥാനസെക്രട്ടറി പിണറായിയെയും മുഖ്യമന്ത്രി വി എസിനെയും പോളിറ്റ് ബ്യൂറോയിൽ നിന്ന് തരംതാഴ്ത്തി. അച്ചടക്കത്തിന്റെ പരിധിയിൽ നിന്ന് പ്രവർത്തിക്കണമെന്ന് പരസ്യശാസനയും നൽകി. പിന്നീട് പിണറായി പിബിയിൽ തിരിച്ചെത്തിയെങ്കിലും വി എസ് തിരിച്ചെത്തിയില്ലെന്നത് ചരിത്രം.

എന്നാൽ തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ ഒരു സംസ്ഥാനസെക്രട്ടറി ശാസന നേരിടുന്നത് ആദ്യമാണ്. സെക്രട്ടറിയുടെ പ്രവർത്തനശൈലി മാറണമെന്നും തീരുമാനങ്ങൾ ശ്രദ്ധിച്ചെടുക്കണമെന്നും നിർദ്ദേശിച്ച് വിശാലസംസ്ഥാനസമിതി പിരിഞ്ഞു.

വാൽകഷ്ണം.

ഈ വ‍ർഷം മറ്റൊരു സംസ്ഥാനസെക്രട്ടറി ശാസന നേരിട്ടിട്ടുണ്ട്. തെലങ്കാന സിപിഎം സംസ്ഥാന സെക്രട്ടറി ആയിരുന്ന തിമ്മനേനി വീരഭദ്ര.

സംസ്ഥാന സമ്മേളനത്തിൽ വിഭാഗീയ പ്രവർത്തനം നടത്തി സെക്രട്ടറി സ്ഥാനം നിലനിർത്താൻ ശ്രമിച്ചു എന്നതാണ് കുറ്റം.