തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ജനപ്രീതിയിൽ അസ്വസ്ഥരായവര്‍ സംസ്ഥാനത്ത് അട്ടിമറി സമരം നടത്തുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സര്‍ക്കാരിനെ അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. 

കേരളത്തിൽ കോൺഗ്രസും ബിജെപിയും നടത്തുന്ന അട്ടിമറി സമരങ്ങളെ തുറന്ന് കാണിക്കാൻ ഏര്യാ തലങ്ങളിൽ പ്രതിഷേധം ശക്തമാക്കും. പ്രക്ഷോഭങ്ങൾ ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാനാണ്. ഇതിന് ജനപിന്തുണ ഇല്ല. ഓരോ ദിവസവും സമരക്കാര്‍ ഒറ്റപ്പെടുന്നു. ഇതോടെ അറിയപ്പെടുന്ന ഗുണ്ടകളെ റിക്രൂട്ട് ചെയ്താണ് കോൺഗ്രസും ബിജെപിയും സമരം നയിക്കുന്നത്. തിരുവനന്തപുരത്ത് ഗുണ്ടാ സംഘങ്ങൾ ഒത്ത് ചേര്‍ന്ന പോലെ സംസ്ഥാനത്തെല്ലായിടത്തും നടക്കുന്നു. 

മന്ത്രിമാരെ കൊലപ്പെടുത്താനാണ് ശ്രമിക്കുന്നത്. കൊല്ലത്ത് കെടി ജലീലിന്റെ വാഹനത്തിന് നേരെ വാഹനം കുറുകെ ഇട്ടതും എകെ ബാലന്റെ വാഹനത്തിന് നേരെ ഏറ് പടക്കം എറിഞ്ഞതും ഇതിന്റെ ഭാഗമായാണ്. ഇത് ആസൂത്രിതമായ അട്ടിമറി സമരമാണ്. ഇത് ജനങ്ങളെ അണിനിരത്തി തന്നെ ചെറുക്കാനാണ് ഇടത് മുന്നണിയുടെ ശ്രമം. സര്‍ക്കാരിനെ അധികാരത്തിലെത്തിച്ച ജനങ്ങളുടെ പിന്തുണയുള്ളതിനാൽ ഭയപ്പാടില്ല. 

ഇടത് മുന്നണിക്ക് തുടര്‍ ഭരണമുണ്ടാകുമെന്ന നിലവന്നപ്പോഴാണ് കോൺഗ്രസിന് ഹാലിളകിയത്. കോര്‍പറേറ്റുകളും ജാതിമത ശക്തികളും ഉൾപ്പെട്ട വലതുപക്ഷ ശക്തികളും അണിനിരക്കുന്ന സമരമാണ് നടക്കുന്നത്. സര്‍ക്കാര്‍ എടുക്കുന്നത് ജനപക്ഷ സമീപനമാണ്. ഇതിൽ പ്രതിപക്ഷത്തിന് പരിഭ്രാന്തിയുണ്ട്. നൂറിന കര്‍മ്മ പദ്ധതികളുണ്ടാക്കുന്ന സൽപ്പേരും ക്ഷേമ പെൻഷനുകളും പ്രതിപക്ഷത്തെ അസ്വസ്ഥരാക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു

കോൺഗ്രസും  മുസ്ലീംലീഗും ബിജെപിയുമായി സന്ധിചെയ്യുന്നു. പികെ കുഞ്ഞാലിക്കുട്ടി പോലും ബിജെപിയെ തള്ളിപ്പറയാൻ തയ്യാറാകുന്നില്ല. ബി ജെ പി ശത്രുവല്ലെന്ന് മുസ്ലീം ലീഗ് പറയുന്നത് അടുത്ത തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യമുണ്ടാക്കാനുള്ള നീക്കമാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. കോണഗ്രസിനും യുഡിഎഫിനും ബിജെപിയുമായി ഉള്ള ബന്ധം പെട്ടെന്ന് ഉണ്ടാകുന്നതല്ലെന്നും കോടിയേരി. ഇത് സിപിഎം വിരുദ്ധ ഇടത് വിരുദ്ധ സഖ്യത്തിനുള്ള നീക്കമാണ്.