സർക്കാരിന്‍റെ ഭാഗത്തു നിന്ന് കൃത്യമായ അന്വേഷണം നടത്തുകയും തെളിവ് സമർപ്പിക്കുകയും, കൂറുമാറിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടുപോലും കോടതിയുടെ ഭാഗത്ത് നിന്ന് നീതി ലഭിച്ചോയെന്നാണ് സംശയമെന്നും ശശീന്ദ്രൻ

കൽപ്പറ്റ: അട്ടപ്പാടി മധു വധക്കേസിൽ കോടതിയിൽ നീതി ലഭിച്ചോ എന്ന് സംശയം പ്രകടപിച്ച് സി കെ ശശീന്ദ്രൻ രംഗത്ത്. നിരപരാധിയായ ആദിവാസി യുവാവിനെ ആൾക്കൂട്ട വിചാരണ ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് അർഹമായ ശിക്ഷ നൽകുന്നതിൽ കോടതിയുടെ ഭാഗത്തു നിന്ന് നീതി ലഭിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് സി പി എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ എം എൽ എയുമായ സി കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടത്. സർക്കാരിന്‍റെ ഭാഗത്തു നിന്ന് കൃത്യമായ അന്വേഷണം നടത്തുകയും തെളിവ് സമർപ്പിക്കുകയും, കൂറുമാറിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടുപോലും കോടതിയുടെ ഭാഗത്ത് നിന്ന് നീതി ലഭിച്ചോയെന്നാണ് സംശയമെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

'മധു കേസിലെ പ്രതികൾക്ക് ലഭിച്ച ശിക്ഷ കുറഞ്ഞു പോയി, സർക്കാരാണ് ഇതിന് ഉത്തരവാദി, അപ്പീല്‍ നല്‍കണം'

സി കെ ശശീന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

അട്ടപ്പാടി മധു വധക്കേസിൽ വിചാരണ കഴിഞ്ഞ്‌ പ്രതികൾക്ക് ശിക്ഷ വിധിച്ചിരിക്കയാണ്. സർക്കാരിന്റെ ഭാഗത്തു നിന്ന് കൃത്യമായ അന്വേഷണം നടത്തുകയും തെളിവ് സമർപ്പിക്കുകയും, കൂറുമാറിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടുപോലും നിരപരാധിയായ ആദിവാസി യുവാവിനെ ആൾക്കൂട്ട വിചാരണ ചെയ്ത് കൊലപ്പെടുത്തിയ ഈ സംഭവത്തിൽ പ്രതികൾക്ക് അർഹമായ ശിക്ഷ നൽകുന്നതിൽ കോടതിയുടെ ഭാഗത്തു നിന്ന് നീതി ലഭിച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

YouTube video player

അതേസമയം വിധി പുറത്തുവന്നതിന് പിന്നാലെ കോടതിക്കെതിരെ മധുവിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു. മണ്ണാർക്കാട് മജിസ്ട്രേറ്റ് എസ് എസി/ എസ് ടി കോടതി വിധിയിൽ മധുവിന് നീതി കിട്ടിയില്ലെന്ന് സഹോദരി സരസു പറഞ്ഞു. കോടതിക്ക് നടന്നതൊന്നും മനസ്സിലായില്ല. ശിക്ഷ കുറഞ്ഞതിൽ മേൽക്കോടതിയെ സമീപിക്കും. ആദിവാസികൾക്കു വേണ്ടിയുള്ള കോടതി തങ്ങൾക്ക് നീതി നൽകിയില്ലെന്നും വിചാരണ വൈകിയത് പ്രതികൾക്ക് അനുകൂലമായെന്നും സരസു പറഞ്ഞു. പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തി ശിക്ഷ വിധിക്കാത്ത കോടതി വാദികൾക്കൊപ്പമായിരുന്നില്ലെന്ന് മധുവിന്റെ സഹോദരി പറഞ്ഞു. കേസിനെ പ്രതികൾ അട്ടിമറിച്ചു. നാല് വർഷം ആരും ഒപ്പമുണ്ടായിരുന്നില്ല. ആ സമയം പ്രതികൾക്ക് അനുകൂലമായ രീതിയിൽ സാക്ഷികളെ സ്വാദീനിക്കാനടക്കം സാധിച്ചുവെന്നും നീതി തേടി മേൽക്കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.