മലപ്പുറം തെന്നലയിലെ സ്ത്രീ വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് സെയ്താലി മജീദ്. വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മലപ്പുറം: മലപ്പുറം തെന്നലയിലെ സ്ത്രീ വിരുദ്ധ പ്രസംഗത്തിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് സെയ്താലി മജീദ്. പ്രസംഗം പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നതായിരുന്നെന്നും സെയ്താലി മജീദ് പറഞ്ഞു. വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സെയ്താലി മജീദിന്റെ പ്രസംഗം വാർത്തയായതോടെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. സിപിഎം നേതൃത്വം തന്നെ ഇടപെട്ട് അദ്ദേഹത്തോട് ഖേദ പ്രകടനം ആവശ്യപ്പെടുകയായിരുന്നു. ഇന്നലെയാണ് തെന്നല പഞ്ചായത്ത് ഒന്നാം വാർഡ് കൊടക്കല്ലിൽ നടത്തിയ പ്രസംഗത്തിൽ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയത്. പ്രസംഗത്തിൽ പരിധി കടന്നുവെന്ന് അംഗീകരിക്കുന്നുവെന്നും അത് ഒഴിവാക്കേണ്ടിയിരുന്നെന്നും സെയ്താലി മജീദ് പറഞ്ഞു.
കോപവും വികാരവും ചേർന്നപ്പോൾ വാക്കുകൾക്ക് വേണ്ടത്ര നിയന്ത്രണം കിട്ടാതെ പോയി. അവിടെയാണ് ഞാൻ പരിധി കടന്നത്. സ്ത്രീ സമത്വത്തെയും സ്ത്രീകളോടുള്ള ആദരവിനെയും എന്നും പിന്തുണയ്ക്കുന്ന ഒരാളാണ് ഞാൻ. എന്നെ അടുത്തറിയുന്നവർക്ക് അത് വിശദീകരണം വേണ്ട കാര്യമല്ല. എന്റെ ജീവിതവും പൊതുപ്രവർത്തനവും തന്നെയാണ് അതിന്റെ തെളിവ്. എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പാർട്ടിയോടും ജനങ്ങളോടും ഉത്തരവാദിത്തത്തോടെ ക്ഷമ ചോദിക്കുന്നു. ഇത് തിരുത്തപ്പെടുമെന്നും വാക്കുകളേക്കാൾ കൂടുതൽ പ്രവൃത്തികളിലൂടെ തന്നെയായിരിക്കും നിലപാട് വ്യക്തമാക്കുകയെന്നും സെയ്താലി മജീദ് പറഞ്ഞു.



