പഴയങ്ങാടിയിൽ പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. ലിജോ ജോണിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. 

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. പഴയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പഴയങ്ങാടി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വിനോദയാത്രക്കിടെയുണ്ടായ പ്രശ്നം പറഞ്ഞുതീർക്കാൻ എന്ന പേരിൽ ലിജോ വിദ്യാർത്ഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം സുഹൃത്തുക്കളോടൊപ്പം കുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദിക്കുകയായിരുന്നു.

തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർത്ഥികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഈ മാസം അഞ്ചിനാണ് പയ്യന്നൂർ ഗവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും ട്രെയിനി അധ്യാപകനായ ലിജോയും വിനോദയാത്ര പോയത്. ഇതിനിടെ ലിജോ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് പ്രശ്നം ഉണ്ടായിരുന്നു. ഇത് പരാതി നൽകുന്നതിലെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പഴയങ്ങാടി പൊലീസ് അന്വേഷണം തുടരുകയാണ്.