Asianet News MalayalamAsianet News Malayalam

'വിശ്വസിച്ചാൽ സംരക്ഷിക്കും, ചതിച്ചാൽ ..', സിപിഎം 'നയം' വ്യക്തമാക്കി പി കെ ശശി, വിവാദം

ലീഗ് വിട്ട് സിപിഎമ്മിലെത്തിയവർക്കുള്ള സ്വീകരണയോഗത്തിലാണ് ശശിയുടെ വിവാദ പ്രസ്താവന. സാമൂഹിക അകലമൊക്കെ ഈ യോഗത്തിൽ നോക്കുകുത്തിയായിരുന്നു. 

cpm leader pk sasi makes controversial remarks on a meeting
Author
Palakkad, First Published May 28, 2020, 11:01 AM IST

പാലക്കാട്: വിവാദ പ്രസ്താവനയുമായി ഷൊർണൂർ എംഎൽഎയും സിപിഎം നേതാവുമായ പി കെ ശശി. വിശ്വസിച്ചാൽ സംരക്ഷിക്കുകയും ചതിച്ചാൽ ദ്രോഹിക്കുകയും ചെയ്യുന്നതാണ് 'പാർട്ടി നയം' എന്നാണ് ശശിയുടെ ഭീഷണിസ്വരത്തിലുള്ള പ്രസ്താവന. പാലക്കാട് കരിമ്പുഴയിലെ മുസ്ലിം ലീഗ് വിട്ട് സിപിഎമ്മിൽ എത്തിയവരോടാണ് ശശി 'നയം' വ്യക്തമാക്കിയത്. സാമൂഹിക അകലം പോലും പാലിക്കാതെയാണ് സിപിഎം എംഎൽഎ ഇവരെ സ്വീകരിക്കാനെത്തിയത്.

''ഈ പാർട്ടിയുടെ ഒരു പ്രത്യേകത എന്താന്ന് വച്ചാൽ, പാർട്ടിയെ വിശ്വസിച്ച് കൂടെ വന്നാൽ, പൂർണ്ണമായ സംരക്ഷണം തരും. ആവശ്യമായ എല്ലാ സഹായവും സുരക്ഷിതത്വവും തരും. വളരെ വ്യക്തമായിട്ട് പറയാണ്. അതല്ല, ചതിച്ചാൽ, പാർട്ടി ദ്രോഹിക്കും. ഇത് പാർട്ടിയുടെ ഒരു നയമാണ്. ഞങ്ങളെല്ലാം പിന്തുടരുന്ന നയമാണ്'', എന്നാണ് 'സ്വാഗതപ്രസംഗ'ത്തിൽ പി കെ ശശി പറയുന്നത്. 

പാലക്കാട് കരിമ്പുഴ പഞ്ചായത്ത് അംഗവും, മുസ്ലിം ലീഗ് പ്രവർത്തകനുമായ രാമകൃഷ്ണന്‍റെ നേതൃത്വത്തിൽ അമ്പതോളം പേർ കഴിഞ്ഞ ദിവസം സിപിഎമ്മുമായി സഹകരിക്കാൻ ലീഗ് അംഗത്വം ഉപേക്ഷിച്ച് എത്തിയിരുന്നു. ഇവരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യാൻ കരിമ്പുഴ ലോക്കല് കമ്മിറ്റി ഓഫീസിൽ ശശിയും എത്തിയിരുന്നു. പുതിയ പ്രവർത്തകരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ഒരു ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇത്തരത്തിൽ സംസാരിച്ചത് അണികൾക്കിടയിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്. കൊവിഡ് ജാഗ്രതയുടെ ഭാഗമായി നിരോധനാജ്ഞ നിലനിൽക്കുന്ന പാലക്കാട്, സാമൂഹിക അകലം പോലും പാലിക്കാതെയാണ് പ്രവർത്തകരോട് ശശി സംസാരിക്കുന്നതും. എല്ലാവരും മാസ്ക് ധരിച്ചിട്ടുണ്ടെങ്കിലും സിപിഎം ഓഫീസിനകത്ത് ഇത്രയും ആൾക്കൂട്ടമുണ്ടാക്കിയതിനെതിരെ എംഎൽയ്ക്ക് എതിരെ വിമർശനവും ഉയർന്നിട്ടുണ്ട്.

ഡിവൈഎഫ്ഐയിലെ ഒരു വനിതാ നേതാവിന്‍റെ പീഡന പരാതിയിൽ നടപടി നേരിട്ട ആളാണ് പി കെ ശശി. എന്നാൽ ശശിയെ പിന്നീട് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുത്തത് വിവാദമായിരുന്നു. ശശിയെ സിപിഎമ്മിലെ ഒരു വിഭാഗം സംരക്ഷിക്കുകയാണെന്ന് പരാതിക്കാരിയും ആരോപണം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടെ നിൽക്കുന്നവരെ സംരക്ഷിക്കുമെന്ന് പി കെ ശശി ആവർത്തിച്ച് പറയുന്നത്.

Follow Us:
Download App:
  • android
  • ios