സ്ത്രീകളെ രാത്രി സ്റ്റേഷനില്‍ വിളിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യരുതെന്ന നിയമം നിലനില്‍ക്കെയായിരുന്നു രാത്രി പൊലീസിന്‍റെ ക്രൂരത.

തിരുവനന്തപുരം: പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മോഷണക്കുറ്റം ആരോപിക്കപ്പെട്ട് ദളിത് യുവതിയെ അപമാനിച്ച സംഭവത്തില്‍ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. ബിന്ദുവിനുണ്ടായ ദുരനുഭവം വാര്‍ത്തയായതോടെ പേരൂര്‍ക്കട സ്റ്റേഷനിലെ എസ്‌ഐ പ്രസാദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. നടപടി സ്വാഗതാര്‍ഹം, സന്തോഷം, ബിന്ദുവിനെ അപമാനിച്ച മറ്റു പൊലീസുകാര്‍ക്കെതിരേയും അന്വേഷണം വേണമെന്ന് പികെ ശ്രീമതി ഫേസ്ബുക്കിൽ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് പൊലീസുകാർ കള്ളക്കേസിൽ കുടുക്കി അപമാനിച്ചെന്നാരോപിച്ച് ദളിത് യുവതിയായ ആർ. ബിന്ദു രംഗത്ത് വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും ഗുരുതര ബിന്ദു ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. കള്ളക്കേസിൽ പൊലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ പോയപ്പോഴാണ് അവഗണന നേരിട്ടതെന്ന് ബിന്ദു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി നൽകാൻ പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പരാതി വായിച്ചുപോലും നോക്കാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി പരാതി മേശപ്പുറത്തേക്കിടുകയായിരുന്നുവെന്ന് ബിന്ദു പറഞ്ഞു.

സ്വര്‍ണമാല മോഷ്ടിച്ചെന്നാരോപിച്ച് അമ്പലമുക്ക് സ്വദേശികളായ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് വീട്ടുജോലി ചെയ്ത് ഉപജീവനം നടത്തുന്ന ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 20 മണിക്കൂറോളം പോലീസ് ബിന്ദുവിനെ ചോദ്യം ചെയ്തു. സ്ത്രീകളെ രാത്രി സ്റ്റേഷനില്‍ വിളിച്ചുകൊണ്ടുപോയി ചോദ്യം ചെയ്യരുതെന്ന നിയമം നിലനില്‍ക്കെയായിരുന്നു രാത്രി പൊലീസിന്‍റെ ക്രൂരത. ഒടുവില്‍ മോഷണം പോയെന്ന് പരാതി ലഭിച്ച 18 ഗ്രാം തൂക്കംവരുന്ന സ്വര്‍ണമാല പരാതിക്കാരായ ഗള്‍ഫുകാരുടെ വീട്ടില്‍നിന്നുതന്നെ കണ്ടെത്തി. ഇക്കാര്യം ബിന്ദുവിനെ അറിയിക്കുകപോലും ചെയ്യാതെ സ്റ്റേഷനില്‍നിന്ന് പറഞ്ഞുവിട്ടെന്നാണ് ആരോപണം.

സംഭവം വിവാദമായതോടെ പേരൂർക്കട എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തു. എന്നാൽ തന്നോട് ക്രൂരമായി പെരുമാറിയ പ്രസന്നൻ എന്ന പൊലീസുകാരനെതിരെയും നടപടി വേണമന്ന് ബിന്ദു ആവശ്യപ്പെട്ടു. ഏറ്റവുമധികം പീഡിപ്പിച്ചത് പ്രസന്നനാണെന്നും വെള്ളം ചോദിച്ചപ്പോൾ ബാത്റൂമിൽ പോയി കുടിക്കാൻ പറഞ്ഞത് ഈ പൊലീസ് ഉദ്യോ​ഗസ്ഥനാണെന്നും ബിന്ദു പറഞ്ഞു.