തിരുവനന്തപുരം: സ്വാതന്ത്ര്യ സമര സേനാനിയും മുതിര്‍ന്ന സിപിഎം സഹയാത്രികനുമായ രൈരു നായര്‍ അന്തരിച്ചു. 99 വയസ്സായിരുന്നു. കോഴിക്കോട്ടെ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. രൈരു നായരുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. 

മുഖ്യമന്ത്രിയുടെ അനുശോചനം

പിതൃതുല്യനായിരുന്നു രൈരു നായർ. അദ്ദേഹത്തിന്‍റെ വിയോഗത്തിലൂടെ സമരതീക്ഷ്ണമായ ചരിത്രത്തിൽ നിന്ന് വർത്തമാന കാലത്തിലേക്കുള്ള ഒരു പാലമാണ് ഇല്ലാതാവുന്നത്. ദേശീയ പ്രസ്ഥാനത്തിന്‍റെ സമുന്നത നേതാക്കളുമായും ആ കാലഘട്ടത്തിലെ സാമൂഹ്യ- സാംസ്കാരിക നായകരുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന രൈരുനായർ സഞ്ചരിക്കുന്ന ചരിത്രപുസ്തകം തന്നെയായിരുന്നു.

ഭൂതകാലത്തിൽ ജീവിക്കുകയല്ല, തന്‍റെ അനുഭവങ്ങൾ വർത്തമാനകാല യാഥാർത്ഥ്യങ്ങളോട് പ്രതികരിക്കാൻ ഇന്ധനമാക്കുകയാണ് അദ്ദേഹം ചെയ്തത്. മനുഷ്യ സ്നേഹമായിരുന്നു ആ ജീവിതത്തിന്‍റെ മുഖമുദ്ര. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.