കോഴിക്കോട് നോർത്തിലെ പരാജയത്തിന് കാരണം ബിജെപിയുടെ മുന്നേറ്റമാണെന്ന് സിപിഎം സ്ഥാനാർഥി തോട്ടത്തിൽ രവീന്ദ്രൻ. പാർട്ടി വോട്ടുകൾ ഉൾപ്പെടെ ബിജെപിക്ക് ലഭിച്ചെന്നും, ഈ പോക്ക് തുടർന്നാൽ സംസ്ഥാനത്ത് ബിജെപി കൂടുതൽ സ്വാധീനം നേടുമെന്നും അദ്ദേഹം വിലയിരുത്തി. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും തോൽവിക്ക് കാരണമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്: ബിജെപിയുടെ മുന്നേറ്റമാണ് തൻ്റെ പരാജയത്തിന് കാരണമെന്ന് കോഴിക്കോട് നോർത്ത് മണ്ഡലം സിപിഎം സ്ഥാനാർഥിയായിരുന്ന തോട്ടത്തിൽ രവീന്ദ്രൻ. പാർട്ടി വോട്ട് ഉൾപ്പെടെ ബിജെപിക്ക് ലഭിച്ചു. ഈ പോക്കാണ് പോകുന്നതെങ്കിൽ സംസ്ഥാനത്ത് ബിജെപി കൂടുതൽ മുന്നേറ്റം നടത്താനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് സ്ഥാനാർഥികളും മണ്ഡലത്തിൽ നന്നായി പ്രവർത്തിച്ചിട്ടുണ്ട്. ബിജെപി കുറച്ചുകൂടി കടന്നു പ്രവർത്തിച്ചു എന്നുവേണം കരുതാൻ. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ‌ ഒമ്പതിനായിരത്തോളം വോട്ടുകൾ അവർ അധികം നേടിയിട്ടുണ്ടെന്നും അദ്ദഹം പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

നിയമസഭ തെരഞ്ഞെടുപ്പിൽ പൂർ‌ണ തോൽവിയിൽ എത്തിച്ചേർ‌ന്നതിൻ്റെ കാരണങ്ങൾ‌ കണ്ടെത്താനുള്ള പരിശോധനകൾ സിപിഎം സംസ്ഥാന കമ്മറ്റി നടത്തുന്നതിനിടയിലാണ് കോഴിക്കോടുള്ള മുതിർന്ന നേതാവ് തോട്ടത്തിൽ രവീന്ദ്രൻ്റെ തുറന്നു പറച്ചിൽ. കടത്തു പോരാട്ടത്തിനൊടുവിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ കെ ജയന്ത് 1483 വോട്ടുകൾക്കാണ് തോട്ടത്തിൽ രവീന്ദ്രനെ വീഴ്ത്തിയതെങ്കിലും ബിജെപിയുടെ കുതിപ്പാണ് തൻ്റെ പരാജയത്തിന് കാരണമെന്ന് തോട്ടത്തിൽ രവീന്ദ്രൻ പറയുന്നു.

2021ൽ എംടി രമേശ് 30952 വോട്ടുകൾ നേടിയ സ്ഥാനത്ത് ഇക്കുറി നവ്യ ഹരിദാസ് 39899 വോട്ടുകളാണ് നേടിയത്. ഇതിൽ വലിയൊരു പങ്കും പാർട്ടി വോട്ടുകളാണെന്നും തോട്ടത്തിൽ രവീന്ദ്രൻ തുറന്നു പറയുന്നു. മാത്രമല്ല കാര്യങ്ങൾ ഇത്തരത്തിലാണ് പോകുന്നതെങ്കിൽ ബിജെപിയുടെ സ്വാധീനം വർധിക്കുമെന്നാണ് തോട്ടത്തിൽ രവീന്ദ്രൻ്റെ വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവും പരാജയത്തിൻ്റെ ആക്കം കൂട്ടി. മുസ്ലീം, ക്രിസ്ത്യൻ സമുദായ നേതാക്കൾ തന്നെ സിപിഎമ്മിനെതിരെ നിലപാടെടുത്തെന്നും തോട്ട്തതിൽ രവീന്ദ്രൻ പറഞ്ഞു. സിപിഎമ്മിൻ്റെ ഉറച്ചകോട്ടയായ കോഴിക്കോട് ജില്ലയിൽ 13ൽ 12 സീറ്റിലും ഉണ്ടായ തോൽവിയുടെ അമ്പരപ്പിലാണ് പാർട്ടി നേതാക്കളും അണികളും.