എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദന്‍റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പേട്ട പോലീസ് സ്റ്റേഷനിലേക്ക് സിപിഎം മാർച്ച്
തിരുവനന്തപുരം: എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദന്‍റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് പേട്ട പോലീസ് സ്റ്റേഷനിലേക്ക് സിപിഎം മാർച്ച്. പ്രതിഷേധ മാർച്ചിനിടെ ബാരിക്കേട് തകർക്കാൻ ശ്രമിച്ച പ്രവർത്തകന്‍റെ കൈ വിരൻ ബാരിക്കേഡിൽ കുടുങ്ങി അറ്റുപോയി. ചാക്ക സ്വദേശി വിവേകിനാണ് പരിക്കുപറ്റിയത്. വിവേകിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്താം തീയതി വരെ സമയം സർക്കാരിന് നൽകുമെന്നും അതിനുള്ളിൽ സിഐ സതീഷ് കുമാറിനെ സ്റ്റേഷനിൽ നിന്ന് മാറ്റിയില്ലെങ്കിൽ അനിശ്ചിത കാലസമരവുമായി എസ്എഫ്ഐ കന്‍റോണ്‍മെന്‍റ് സ്റ്റേഷന്‍റെ മുന്നിലെത്തും എന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. തലസ്ഥാനത്തെ സംഘർഷങ്ങൾക്ക് അയവ് വന്നെങ്കിലും രാഷ്ട്രീയപ്പോർ വിളിയും പ്രതിഷേധമാർച്ചുകളും തുടരുകയാണ്. യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ പൊലീസ് നടപടിക്ക് പിന്നാലെയാണ് സാഹചര്യം വഷളായത്.
കന്‍റോണ്‍മെന്‍റ് സിഐ സതീഷ്കുമാറിന്‍റെ കാട്ടാക്കടയിലെ വീട്ടിലേക്ക് ആദ്യം ഡിവൈഎഫ്ഐയും പിന്നെ എസ്എഫ്ഐയും മാർച്ച് നടത്തി. എസ്എച്ച്ഒക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളികൾ ഉയർന്നു. ഇന്നലെ എസ്ഐ ജി ഗോകുലിന്‍റെ വീട്ടിലേക്കും മാർച്ച് നടത്തിയിരുന്നു. എസ്എച്ച്ഒ സതീഷ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദന്‍റെ വീട്ടിൽ പരിശോധന. ആ സമയത്ത് നന്ദൻ വീട്ടിലുണ്ടായിരുന്നില്ല. സിപിഎം പ്രവർത്തകരെത്തി പരിശോധന തടസ്സപ്പെടുത്തി.
പിന്നാലെ തീയിൽ കുരുത്തതാണെന്നും പേടിച്ച് പോയെന്ന് പറഞ്ഞേക്കെന്നും കാണിച്ച് എസ്എച്ച്ഒ സതീഷ് ഫേസ് ബുക്ക് പോസ്റ്റിട്ടു. മറുപടിയുണ്ടാകുമെന്ന് കാണിച്ച് എസ്എഫ്ഐ പ്രവർത്തകരും പോസ്റ്റിട്ടു പിന്നാലെ സതീഷ് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. വീട്ടിലേക്ക് മാർച്ച് നടത്തിയാൽ ഓഫീസിൽ കയറി പിടിക്കുമെന്നായിരുന്നു എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ എസ്ഐ ഗോകുൽ ഭീഷണിപ്പെടുത്തിയത്. ഭീഷണിപ്പെടുത്തിയതിലും ഹോസ്റ്റലിലെ ലാത്തിച്ചാർജ്ജിലും ഗോകുലിനെതിരെ വകുപ്പ് തല അന്വേഷണം തുടങ്ങി. ഗോകുലിനെതിരെ ഉടൻ നടപടി ഉണ്ടാകില്ല. പൊലീസ് ഒത്താശയോടെയാണ് സംഘർഷം ഉണ്ടായതെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് പ്രതിപക്ഷനേതാവ് കത്ത് നൽകി. പൊലീസിനെതിരെ നടപടി വേണമെന്നാണ് സിപിഎം നിലപാട്.
ഇതിനിടെ സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച രണ്ട് എസ്എഫ്ഐ പ്രവർത്തകരെയും ഐഎൻടിയുസി കൊടി നശിപ്പിച്ച എസ്എഫ്ഐ പ്രവർത്തകനെയും ഇന്ന് പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിനെ ചൊല്ലി കോണ്‍ഗ്രസിലും കലാപം തുടങ്ങി. നെയ്യാറ്റികരയിൽ ബിജെപി നേതാവിന മർദ്ദിച്ച കേസിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തിലാണ് പ്രതിഷേധം. ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് ബിജെപിയാണെന്ന ഡിസിസി ഭാരവാഹിയുടെ ശബ്ദരേഖയും പുറത്തുവന്നു. കോണ്‍ഗ്രസ് പ്രവർത്തകർ വീട് ആക്രമിച്ച ബിജെപിക്കാരെ അറസ്റ്റ് ചെയ്യാത്തതിൽ നാളെ നെയ്യാറ്റിൻക ഡിവൈഎസ്പി ഓഫീസിലേക്ക് കോണ്‍ഗ്രസ് മാർച്ച് ആഹ്വാനം ചെയ്തു.



