സിപിഎം പ്രവർത്തകരെ കൊല്ലുമെന്ന് ബിജെപി കൗൺസിലർ പ്രസംഗിച്ചു. ഒന്നിലധികം സംഘങ്ങൾ ഹരിദാസിനെ ലക്ഷ്യമിട്ട് കാത്തുനിന്നെന്നും എം വി ജയരാജൻ

കണ്ണൂർ: ഹരിദാസിന്റേത് ബിജെപി - ആർഎസ്എസ് (BJP- RSS) സംഘം നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് (Planned Murder) സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ (M V Jayarajan). തലശ്ശേരി കൊമ്മൽ വാർഡിലെ ബിജെപി കൗൺസിലർ വിജേഷിന്‍റെ പ്രകോപനപരമായ പ്രസംഗത്തിന് ശേഷമാണ് സംഭവം. സിപിഎം പ്രവർത്തകരെ കൊല്ലുമെന്ന് ബിജെപി കൗൺസിലർ പ്രസംഗിച്ചു. ഒന്നിലധികം സംഘങ്ങൾ ഹരിദാസിനെ ലക്ഷ്യമിട്ട് കാത്തുനിന്നെന്നും എം വി ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

സിപിഎം ഭൂമിയോളമല്ല, പാതാളത്തോളം ക്ഷമിച്ച് നിൽക്കുകയാണ്. കൊലയ്ക്ക് കൊല എന്നത് സിപിഎം നയമല്ലെന്നും എം വി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. 

ഇന്ന് പുലർച്ചെ 2 മണിക്കാണ് ഹരിദാസ് കൊല്ലപ്പെട്ടത്. മത്സ്യത്തൊഴിലാളിയായ ഹരിദാസ്, ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് കൊലപാതകം നടത്തിയത്. കൊലയ്ക്കു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിക്കുന്നു.

ജോലി കഴിഞ്ഞ് മടങ്ങവേ വീടിന് സമീപത്ത് വച്ചായിരുന്നു കൊലപാതകം. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. അതിക്രൂരമായ നിലയിലാണ് കൊലപാതകം നടത്തിയത്. വെട്ടേറ്റ ഹരിദാസിന്‍റെ കാൽ പൂർണ്ണമായും അറ്റുപോയ നിലയിലായിരുന്നു. വീടിന് സമീപത്ത് വച്ച് നടന്ന ആക്രമണമായതിനാൽ ബഹളം കേട്ട് ബന്ധുക്കളും സംഭവസ്ഥലത്ത് എത്തി. ഇവരുടെ കൺമുന്നിലായിരുന്നു പിന്നീട് ക്രൂരമായ അക്രമം നടന്നത്.

ഹരിദാസിനു നേരെയുള്ള ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ സഹോദരൻ സുരനും വെട്ടേറ്റു. വെട്ടേറ്റ് ​ഗുരുതരാവസ്ഥയിലായ ഹരിദാസനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു

ആരോപണങ്ങൾ നിഷേധിച്ച് ബിജെപി

കൊലപാതകവുമായി ബിജെപിക്ക് ബന്ധമില്ലെന്നായിരുന്നു ജില്ലാ പ്രസിഡന്‍റ് എൻ ഹരിദാസിന്‍റെ പ്രതികരണം. യഥാർത്ഥ പ്രതികളെ പൊലീസ് കണ്ടെത്തട്ടെയേന്നും ബിജെപി പറയുന്നു.

Read More : സിപിഎം പ്രവർത്തകന്‍റെ കൊല; ആരോപണം നിഷേധിച്ച് ബിജെപി; കൊലയിൽ പങ്കില്ലെന്ന് നേതൃത്വം

കൊലപാതകത്തിന്പിന്നില്‍ ആര്‍എസ്എസ്,സമാധാന അന്തരീക്ഷം തകര്‍ക്കുക ലക്ഷ്യമെന്ന് വിജയരാഘവന്‍

സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആര്‍എസ്എസ്സിന്‍റെ ഗൂഢനീക്കമാണ് ഈ കൊലപാതകമെന്നായിരുന്നു എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍റെ പ്രതികരണം. സിപിഎം പതാകദിനത്തിലാണ് കൊലപാതകം നടന്നിരിക്കുന്നത്. ഈ ദിനത്തില്‍ തന്നെ കൊല നടത്തിയത് യാദൃശ്ചികമല്ല. ആര്‍എസ്എസ് ക്രൂരതയുടെ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും വിജയരാഘവന്‍ പറഞ്ഞു. സിപിഎം യാതൊരു പ്രകോപനവും നടത്തിയിട്ടില്ലെന്നും നാട്ടില്‍ കലാപം ഉണ്ടാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

ഹരിദാസിന്റെ സംസ്കാരം ഇന്ന് വൈകിട്ട്

തലശ്ശേരിയിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ ഹരിദാസിന്‍റെ സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും. 14 സ്ഥലങ്ങളിൽ ആദരാഞ്ജലി അർപ്പിക്കാൻ സൗകര്യം ഉണ്ടാകും. തലശ്ശേരി സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലും പുന്നോലിലും പൊതു ദർശനം ഉണ്ടാകും. പരിയാരം, ബക്കാലം, തളിപ്പറമ്പ്, എകെജി ഹോസ്പിറ്റൽ എന്നിവിടങ്ങളിലും പൊതു ദർശനം നടക്കും. 

തലശ്ശേരിയിൽ കനത്ത സുരക്ഷ

അക്രമം നടന്ന സ്ഥലത്തും പ്രദേശത്തുമായി കൂടുതൽ പൊലീസിനെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി ന​ഗരസഭ, ന്യൂ മാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് മണിവരെ നീളും. കൊലപാതകം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ബന്ധുക്കളുടെ മൊഴി എടുത്ത പൊലീസ് അക്രമികളുടെ ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.