പേഴ്‌സണല്‍ സ്റ്റാഫിന്റെ മറവില്‍ സി പി എമ്മുകാര്‍ക്ക് കൂട്ടമായി പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാര്‍ നടപടി ജനവിരുദ്ധമാണെന്ന് കെ പി സി സി പ്രസിഡന്‍റ് 

തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫിന്റെ മറവില്‍ സി പി എമ്മുകാര്‍ക്ക് കൂട്ടമായി പെന്‍ഷന്‍ നല്‍കുന്ന സര്‍ക്കാര്‍ നടപടി ജനവിരുദ്ധമാണെന്ന് കെ പി സി സി പ്രസിഡന്‍റ് സണ്ണി ജോസഫ് എം എല്‍ എ പറഞ്ഞു. ഈ വിഷയത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറിയുടെ മറുപടി തൃപ്തികരമല്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഉത്തരവാദിയാണ്. ജനങ്ങളുടെ നികുതിപ്പണം സി പി എം പ്രവര്‍ത്തകര്‍ക്ക് അനര്‍ഹമായി വീതിച്ച് നല്‍കുന്നത് തെറ്റായ നിലപാടാണ്. അത് സര്‍ക്കാര്‍ തിരുത്തണമെന്നും കെ പി സി സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

Add Asianetnews as a Preferred SourcegooglePreferred

സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ വിധിയായിരിക്കും നിലമ്പൂരിലേതെന്നും സണ്ണി ജോസഫ് എം എല്‍ എ അഭിപ്രായപ്പെട്ടു. യു ഡി എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് എന്നീ വിജയങ്ങളുടെ ആവര്‍ത്തനം തന്നെയായിരിക്കും നിലമ്പൂരിലേതും. ഇവിടെയെല്ലാം നേരത്തെ എല്‍ ഡി എഫ് അവകാശവാദം ഉന്നിയിച്ചിട്ടും സി പി എം പരാജയപ്പെട്ടിട്ടുണ്ടെന്നും സണ്ണി ജോസഫ് ചൂണ്ടികാട്ടി. പി വി അന്‍വറുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോള്‍ പ്രതികരിക്കാനില്ല. അത് പിന്നീട് യു ഡി എഫ് ആലോചിക്കും. ഈ മാസം 27 ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ പൊതുവായ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്നും കെ പി സി സി പ്രസിഡന്‍റ് വ്യക്തമാക്കി.

ക്ഷേമ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് പറഞ്ഞിട്ട് ഇതുവരെ നല്‍ക്കാത്തത് നിലമ്പൂര്‍ ഉപതിരഞ്ഞെടപ്പില്‍ വോട്ടുതട്ടാനുള്ള സര്‍ക്കാരിന്റെ തന്ത്രമായിരുന്നെന്ന് തെളിഞ്ഞെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. നിലമ്പൂരില്‍ ഈ മാസം 19 ന് വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് 20 മുതല്‍ ക്ഷേമപെന്‍ഷന്‍ വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി ജൂണ്‍ 16 ന് പ്രഖ്യാപിച്ചത്. എന്നാല്‍ 20 തീയതി കഴിഞ്ഞിട്ടും കേരളത്തില്‍ ഒരാള്‍ക്കും ക്ഷേമപെന്‍ഷന്‍ കിട്ടിയില്ല. ജനങ്ങളുടെ അവകാശമായ ക്ഷേമപെന്‍ഷനെ എല്‍ ഡി എഫ് സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് ലാഭത്തിനായി രാഷ്ട്രീയമായി ഉപയോഗിച്ചു. ഇതാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിയതെന്നും കെ പി സി സി പ്രസിഡന്റ് വിവരിച്ചു. ഈ മാസം 20 -ാം തീയതി തന്നെ ക്ഷേമപെന്‍ഷവന്‍ വിതരണം ചെയ്യുമെന്ന് വാഗ്ദാനം ചെയ്തത് ഖജനാവില്‍ പണമുണ്ടോ എന്നുപോലും ഉറപ്പിക്കാതെയാണ്. ഇതു പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരിയതുപോലെയാണ്. നിലമ്പൂരിലെ വോട്ടര്‍മാരെ സ്വാധീനിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 20 ന് ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുമെന്ന അസാധാരണമായ പ്രഖ്യാപനം വോട്ടെടുപ്പ് തീയതിക്ക് മുമ്പ് ധനമന്ത്രി നടത്തിയത്. എല്ലാ മാസവും 20 ന് ശേഷമാണ് ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നതെങ്കിലും നിലമ്പൂര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അത് നേരത്തെ പ്രഖ്യാപിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. ക്ഷേമ പെന്‍ഷന്‍ നല്‍കുമെന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ച എല്‍ ഡി എഫ് സര്‍ക്കാരും ധനമന്ത്രിയും കേരള സമൂഹത്തോട് മാപ്പുപറണമെന്നും കെ പി സി സി പ്രസിഡന്‍റ് ആവശ്യപ്പെട്ടിട്ടുണ്ട്.