സഹകരണ ബാങ്കിൽ സഹോദരിയുടെ മകനും ഭാര്യക്കും ജോലി നൽകിയെന്ന ഗുരുതര ആരോപണം ശശിക്കെതിരെ ഉയർന്നു. ഇതോടെ സഹകരണ സ്ഥാപനങ്ങളിലെ പത്തുവർഷത്തെ നിയമനങ്ങൾ പരിശോധിക്കാൻ പാർട്ടി തീരുമാനിച്ചു.
പാലക്കാട്: രണ്ടാമതും സിപിഎമ്മിൽ വിവാദ നായകനായി പി.കെ. ശശി. കെടിഡിസി ചെയർമാനായ പി.കെ. ശശിക്കെതിരെ ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്. ബന്ധുനിയമനം, പാർട്ടി ഫണ്ട് തട്ടിപ്പ് തുടങ്ങിയ ആരോപണങ്ങളിൽ പി.കെ. ശശി പാർട്ടിക്ക് മറുപടി നൽകേണ്ടി വരും. പാർട്ടിയിൽ ആരും തമ്പുരാൻ ആകാൻ ശ്രമിക്കേണ്ടെന്ന ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ മുന്നറിയിപ്പ് ശശിക്കുള്ള സൂചനയാണ്. പാർട്ടിക്ക് വിധേയനായി പ്രവർത്തിച്ചില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നാണ് മുൻ എംഎൽഎ കൂടിയായ ശശിയോട് പാർട്ടി പറയാതെ പറയുന്നത്.
സഹകരണ ബാങ്കിൽ സഹോദരിയുടെ മകനും ഭാര്യക്കും ജോലി നൽകിയെന്ന ഗുരുതര ആരോപണം ശശിക്കെതിരെ ഉയർന്നു. ഇതോടെ സഹകരണ സ്ഥാപനങ്ങളിലെ പത്തുവർഷത്തെ നിയമനങ്ങൾ പരിശോധിക്കാൻ പാർട്ടി തീരുമാനിച്ചു. ബന്ധുനിയമന ആരോപണത്തിൽ പ്രമുഖർക്കെതിരെ പോലും കടുത്ത നടപടിയെടുത്ത മുൻപശ്ചാത്തലത്തിൽ ആരോപണം സത്യമാണെന്ന് തെളിഞ്ഞാൽ ശശി കുടുങ്ങും. പാർട്ടി ഫണ്ട് വെട്ടിച്ചെന്നും നാട്ടു ചന്തക്ക് ഭൂമി വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും അടക്കമുള്ള ആരോപണങ്ങളും ശശിക്കെതിരെ ഉയർന്നു.
പി.കെ. ശശി പാര്‍ട്ടി ഫണ്ട് വെട്ടിച്ചെന്ന ഗുരുതര ആരോപണവും ഉയർന്നു. 2017ൽ മണ്ണാർക്കാട് വെച്ച് നടന്ന സിപിഎം ജില്ലാ സമ്മേളത്തിനായി സമാഹരിച്ച തുക ശശി വെട്ടിച്ചെന്നാണ് പാർട്ടി അംഗങ്ങൾ ആരോപിക്കുന്നത്. വെറും ആരോപണം മാത്രമല്ലെന്നും കൃത്യമായ രേഖകൾ വെച്ചാണ് ശശിക്കെതിരെ കരുക്കൾ നീക്കുന്നതെന്നും സൂചനയുണ്ട്. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണത്തിലെ തുകയും ശശി മുക്കിയതായി ആരോപണം ഉയർന്നു. ഏത് ആരോപണങ്ങൾ വന്നാലും ശശിയെ പിന്തുണക്കുന്ന നേതാക്കൾക്കെതിരെയും പാർട്ടി യോഗത്തിൽ കടുത്ത വിമർശനമുയർന്നു. കമ്മറ്റികൾ ഫാൻസ് അസോസിയേഷൻ പോലെ പ്രവർത്തിക്കരുതെന്നും ചില നേതാക്കളുടെ കൂറ് പാർട്ടിയോടാണോ അതോ ശശിയോടോണോയെന്നും വിമർശനം ഉയർന്നു. ശശി പാർട്ടിക്ക് അതീതനായി സമാന്തരമായി പ്രവർത്തിക്കുന്നുവെന്നും നാട്ടുരാജാവിനെപ്പോലെ പെരുമാറുന്നുവെന്നും നേരത്തെ വിമർശനമുയർന്നിരുന്നു.
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡന പരാതിയാണ് ശശിക്കെതിരെ ഉയർന്ന ആദ്യ ആരോപണം. വിവാദത്തെ തുടർന്ന് പാർട്ടയുടെ പ്രാഥമിക അംഗത്വത്തിൽനിന്നുപോലും ശശിയെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ശശിയുടെ സ്വാധീന മേഖലകളില്‍ സ്ഥാനാര്‍ഥി എംബി രാജേഷിന് വോട്ടുകുറഞ്ഞതും ചര്‍ച്ചയായി. വിവാദത്തെ തുടര്‍ന്ന് രണ്ടാം ടേം മത്സരിക്കാനായില്ലെങ്കിലും ജില്ലാ സെക്രട്ടറിയേറ്റിലേക്ക് ശശി തിരിച്ചെത്തി കരുത്തുകാട്ടി. കെടിഡിസി ചെയര്‍മാന്‍ സ്ഥാനവും ലഭിച്ചു. എന്നാല്‍, പാലക്കാട്ടെ പാര്‍ട്ടി സമവാക്യങ്ങളില്‍ മാറ്റമുണ്ടായതോടെ ശശിക്കെതിരെയുള്ള ആരോപണങ്ങള്‍ വീണ്ടും തലപൊക്കിയിരിക്കുകയാണ്.
