വീര പരിവേഷങ്ങളുമായെത്തിയ പല പൊലിസുകാരും ഞങ്ങളുടെ മുന്നിൽ വന്നിട്ട് ചെരുപ്പ് തേഞ്ഞകഥയുണ്ട്. അത് മനസിലാക്കി പ്രവര്‍ത്തിച്ചാൽ നല്ലത് എന്ന് ഇ എൻ സുരേഷ് ബാബു.
പാലക്കാട്: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. പൊലീസുകാരിൽ പലരും ആർഎസ്എസിന് വേണ്ടി വിടുപണി ചെയ്യുന്നവരായി മാറിയെന്നും ഇത്തരം ആളുകളെ സിപിഎം അറിഞ്ഞു വെച്ചിട്ടുണ്ടെന്നുമായിരുന്നു ഇ എൻ സുരേഷ് ബാബുവിന്റെ പ്രസംഗം. നികുതിപ്പണത്തിൽ നിന്നാണ് ശമ്പളം വാങ്ങുന്നത്, ആർഎസ്എസ് കാര്യാലയത്തിൽ നിന്നല്ലെന്ന് ഓർമ്മ വേണം എന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട് നഗരസഭയ്ക്ക് മുന്നിൽ നടത്തിയ ബഹുജന മാർച്ചിലായിരുന്നു ഇ എൻ സുരേഷ് ബാബുവിൻ്റെ പ്രസംഗം.
'വീര പരിവേഷങ്ങളുമായെത്തിയ പല പൊലിസുകാരും ഞങ്ങളുടെ മുന്നിൽ വന്നിട്ട് ചെരുപ്പ് തേഞ്ഞ കഥയുണ്ട്. അത് മനസിലാക്കി പ്രവര്‍ത്തിച്ചാൽ നല്ലത്. ഞങ്ങൾക്കൊരു രീതി മറ്റുള്ളവര്‍ക്ക് മറ്റൊരു രീതി എന്നാണെങ്കില്‍ വലിയ പ്രയാസമായിരിക്കും. ആര്‍എസ്എസിന് വേണ്ടി വിടുപണി ചെയ്യുന്ന പൊലീസുകാരുടെ ഇഷ്ടങ്ങളൊന്നും ഇവിടെ നടക്കാൻ പോകുന്നില്ലെന്നും പൊലിസുകാരെ നല്ല രീതിയിൽ നടത്താൻ ഞങ്ങൾക്കറിയാമെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു.


