സെമിനാറിനു വിളിച്ചാൽ പോലും രാഷ്ട്രീയം കളിക്കുന്നവരുമായി എന്തിന് സഹകരണമെന്ന് പൊതുചർച്ചയിൽ പി രാജീവ് ചോദിച്ചു.

കണ്ണൂർ: കോൺഗ്രസ് (Congress) സഹകരണത്തിനെതിരെ കണ്ണൂരിൽ നടക്കുന്ന സിപിഎം (CPM)പാർട്ടി കോൺഗ്രസിൽ ആഞ്ഞടിച്ച് കേരളാ ഘടകം. സെമിനാറിനു വിളിച്ചാൽ പോലും രാഷ്ട്രീയം കളിക്കുന്നവരുമായി എന്തിന് സഹകരണമെന്ന് പൊതുചർച്ചയിൽ പി രാജീവ് ചോദിച്ചു. കോൺഗ്രസിൻറെ പിറകെ നടന്ന് സമയം കളയരുതെന്നും കേരളഘടകം ആവശ്യപ്പെട്ടു. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ എതിർക്കുന്ന നയത്തിൽ മാറ്റമില്ലെന്ന് ബംഗാൾ ഘടകവും വ്യക്തമാക്കി.

വിശാല മതേതര ജനാധിപത്യ മുന്നണി എന്ന നിർദ്ദേശമാണ് ഇന്നലെ പാർട്ടി കോൺഗ്രസ് ഉത്ഘാടനം ചെയ്തു കൊണ്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുന്നോട്ടു വച്ചത്. എന്നാൽ അതിന് തടസമാകുന്ന നിലപാടാണ് പ്രധാന സംസ്ഥാന ഘടകങ്ങൾ സ്വീകരിക്കുന്നത്. കേരളത്തിൽ നിന്ന് ആദ്യം ചർച്ചയിൽ പങ്കെടുത്ത പി രാജീവ് കോൺഗ്രസ് സഹകരണം ചർച്ച ചെയ്ത് സമയം പാഴേക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉന്നയിച്ചു. പാർട്ടി കോൺഗ്രസിൻറെ സെമിനാറിൽ പങ്കെടുക്കാൻ ശശി തരൂരിനെയും പിന്നീട് കെവി തോമസിനെയും ക്ഷണിച്ച കാര്യം രാജീവ് ചൂണ്ടിക്കാട്ടി. സെമിനാറിൽ പങ്കെടുക്കരുതെന്ന് സോണിയ ഗാന്ധിയാണ് നേതാക്കൾക്ക് നിർദ്ദേശം നൽകിയത്. അങ്ങനെയുള്ള പാർട്ടിയെ വിശാല മതേരര സഖ്യത്തിൽ എന്തിന് പ്രതീക്ഷിക്കണമെന്ന ചോദ്യം രാജീവ് ഉയർത്തി. 

'പരമാവധി അപമാനിച്ചു, ഇനി വിരട്ടൽ വേണ്ട'; പാ‍ർട്ടി വിലക്ക് ലംഘിച്ച് കെ.വി.തോമസ് കണ്ണൂരിലേക്ക്

ബിജെപിയെ ചെറുക്കാൻ ഇപ്പോൾ കഴിയുന്നത് പ്രാദേശിക പാർട്ടികൾക്കാണ്. ഈ കക്ഷികളെ കൂട്ടിയോജിക്കാനും സ്വന്തം ശക്തി കൂട്ടാനും പാർട്ടിക്ക് കഴിയണമെന്നും രാജീവ് അഭിപ്രായപ്പെട്ടു. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെയും ബിജെപിയേയും എതിർക്കുന്ന നിലപാടാണ് സംസ്ഥാന ഘടകം പൊതു ചർച്ചയിൽ കൈക്കൊണ്ടത്. തൃണമൂൽ കോൺഗ്രസ് എതിരാളികളെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് നയമാണ് സ്വീകരിക്കുന്നതെന്നും ബംഗാൾ ഘടകം ചർച്ചയുടെ തുടക്കത്തിൽ പറഞ്ഞു. കോൺഗ്രസ് ഉൾപ്പെട്ട സഖ്യത്തെ എതിർക്കാത്ത നിലപാടാണ് അതേസമയം തമിഴ്നാട് ഉൾപ്പടെ മറ്റു സംസ്ഥാന ഘടകങ്ങൾ സ്വീകരിച്ചത്.

CPM : ആർഎസ്എസ് സ്വാധീനം മനസ്സിലാക്കുന്നതിൽ പാർട്ടി പരാജയം; അംഗത്വത്തിൽ ഇടിവെന്നും സിപിഎം സംഘടന റിപ്പോർട്ട്