Asianet News MalayalamAsianet News Malayalam

ശശി തരൂരിനെ വിലക്കിയതെന്തിന്? കോൺഗ്രസ് പാ‍ർട്ടിയോട് ചോദ്യവുമായി പ്രകാശ് കാരാട്ട്, 'ഹിജാബി'ൽ ബിജെപിക്ക് വിമർശനം

കോൺഗ്രസ് പോലൊരു പാർട്ടിയാണ് ഇത് ചെയ്തത് എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും കോൺഗ്രസിൽ ജനാധിപത്യം ഉണ്ടോ എന്ന സുപ്രധാന ചോദ്യം ഇത് ഉയർത്തുന്നുവെന്നും കാരാട്ട്

cpm pb members prakash karat questioning congress on shashi tharoor ban party congress seminar
Author
Kannur, First Published Apr 7, 2022, 7:17 PM IST

കണ്ണൂർ: പാർട്ടി കോൺഗ്രസിലെ സെമിനാറിൽ (Party Congress Seminar) പങ്കെടുക്കുന്നതിൽ നിന്ന് കോൺഗ്രസ് നേതാക്കളെ വിലക്കിയതിനെതിരെ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് സി പി എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് (Prakash Karat) രംഗത്ത്. പാർട്ടി കോൺഗ്രസിൽ ശശി തരൂർ പങ്കെടുക്കേണ്ടിയിരുന്ന 'മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ' എന്ന സെമിനാറിലായിരുന്നു കാരാട്ടിന്‍റെ വിമ‍ർശനം. കോൺഗ്രസ് വിലക്കിയിരുന്നില്ലെങ്കിൽ ശശി തരൂർ പങ്കെടുക്കേണ്ട സെമിനാറാണിതെന്ന് കാരാട്ട് ഓർമ്മിപ്പിച്ചു. കോൺഗ്രസ് പോലൊരു പാർട്ടിയാണ് ഇത് ചെയ്തത് എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും കോൺഗ്രസിൽ ജനാധിപത്യം ഉണ്ടോ എന്ന സുപ്രധാന ചോദ്യം ഇത് ഉയർത്തുന്നുവെന്നും കാരാട്ട് കൂട്ടിച്ചേർത്തു.

ഹിജാബ് അടക്കമുള്ള വിഷയങ്ങളിൽ ബി ജെ പിയെയും കാരാട്ട് രൂക്ഷമായി വിമർശിച്ചു. ഹിജാബ്, ഭക്ഷണ അവകാശം എന്നിവ  ചോദ്യം ചെയ്യുന്ന നിയമം ചില സംസ്ഥാനങ്ങളിൽ ബി ജെ പി കൊണ്ടുവന്നു. ബി ജെ പി ചെയ്യുന്നതിൽ പലതും രാജ്യത്തെ മത നിരപേക്ഷതയ്ക്ക് എതിരാണെന്നും കാരാട്ട് ചൂണ്ടികാട്ടി. ഹിന്ദു രാഷ്ട്ര നിർമ്മാണമാണ് ബി ജെ പി സർക്കാർ ലക്ഷ്യമിടുന്നത്. 
രാജ്യത്തെ മതേതരത്തെ തകർക്കുന്ന നിലപാടാണ് അവർക്കുള്ളത്. ഹിന്ദു ആരാധനാലയങ്ങളെ ബി ജെ പി സഹായിക്കുന്നു. ന്യൂന പക്ഷങ്ങളെ ബി ജെ പി രണ്ടാം പൗരനാക്കുന്നുവെന്നും ഇത് മത നിരപേക്ഷതയ്ക്ക് എതിരാണെന്നും കാരാട്ട് കൂട്ടിച്ചേർത്തു. ഡി രാജ, എം വി ജയരാജൻ എന്നിവരും 'മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ' എന്ന സെമിനാറിൽ പങ്കെടുത്തു.

'കെ വി തോമസ് നിർദ്ദേശം ലംഘിച്ചു'; നടപടി കെപിസിസി തീരുമാനിക്കുമെന്ന് നേതാവ് താരീഖ് അൻവര്‍

അതേസമയം പാർട്ടി കോൺഗ്രസിൽ വിലക്ക് ലംഘിച്ച് പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച കെ വി തോമസിനെതിരായ നടപടി കെ പി സി സി തീരുമാനിക്കുമെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടരി താരീഖ് അൻവര്‍ വ്യക്തമാക്കി. കെ പി സി സിയുടെ നിർദ്ദേശമനുസരിച്ചാവും ഹൈക്കമാൻഡ് തീരുമാനമെന്നും താരീഖ് അൻവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കെ പി സി സിയുടെ നിർദ്ദേശം കെ വി തോമസ് ലംഘിച്ചു. സെമിനാറിനെക്കുറിച്ച് തന്നോട് കെ വി തോമസ് പറഞ്ഞിരുന്നു. എന്നാൽ, കെ പി സി സിയുടെ നിർദ്ദേശം മറ്റൊന്നാണ്. അടുത്ത നടപടി നാളെ തീരുമാനിക്കുമെന്നും താരീഖ് അൻവൻ കൂട്ടിച്ചേര്‍ത്തു. എ ഐ സി സി അച്ചടക്ക സമിതി സെക്രട്ടറി കൂടിയാണ് കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരീഖ് അൻവര്‍.

ഹൈക്കമാൻഡ് വിലക്കിനെ വെല്ലുവിളിച്ച് സിപിഎം സെമിനാറിൽ പങ്കെടുക്കുമെന്നാണ് കെ വി തോമസ് പ്രഖ്യാപിച്ചിരിക്കുന്നത്. തന്നെ അപമാനിക്കാനും ഭീഷണിപ്പെടുത്താനുമാണ് പാർട്ടി നേതാക്കൾ ശ്രമിച്ചെതെന്ന് കെ വി തോമസ് തുറന്നടിച്ചു. സെമിനാറിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴും താൻ ജൻമം കൊണ്ട് കോൺഗ്രസ്സാണെന്നും പാർട്ടിക്ക് പുറത്ത് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. തന്‍റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനമെന്ന് വിശേഷിപ്പിച്ചാണ് സെമാനിറിൽ പോകാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. താൻ പോകുന്നത് കണ്ണൂരിലെ സിപിഎം സമ്മേളനത്തിലേക്കല്ല, ദേശീയ പ്രാധാന്യമുള്ള സെമിനാറിലേക്കാണ്. കേരളത്തിന് പുറത്ത് സിപിഎമ്മുമായി കൈകോർത്താണ് കോൺഗ്രസ് പോകുന്നതെന്നും പിന്നെ എന്താണ് തന്നെ തടയുന്നതെന്നും കെ വി തോമസ് ചോദിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios